ADVERTISEMENT

ഹരിപ്പാട് ∙ പ്രണയത്തിന്റെ ദീർഘദൂര സർവീസിലെ യാത്രക്കാരായിരുന്നു ഗിരി ഗോപിനാഥും താരാ ദാമോദരനും. 20 വർഷം നീണ്ട ആ യാത്രയ്ക്കൊടുവിലാണ് ദാമ്പത്യത്തിന്റെ ഡീലക്സ് സർവീസ് ആരംഭിക്കാനുള്ള പെർമിറ്റ് ഇരുവർക്കും ലഭിച്ചത്. അങ്ങനെ, ഓച്ചിറ ക്ലാപ്പന കല്ലേശേരിൽ ഭദ്രകാളി ക്ഷേത്രത്തിൽ ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ഗിരി ഗോപിനാഥും (46) കണ്ടക്ടർ താരാ ദാമോദരനും (44) വിവാഹിതരായി. ഇനി ടിക്കറ്റില്ലാത്ത ജീവിതയാത്രയ്ക്ക് ഇരുവരും ചേർന്നു വളയം പിടിക്കും.

2000 ൽ, അമ്മാവനെ ബിസിനസിൽ സഹായ‍ിക്കാൻ നിൽക്കുന്ന കാലത്താണ് തോട്ടപ്പള്ളി വേലഞ്ചിറ തോപ്പിൽ വീട്ടിൽ ഗിരി ഗോപിനാഥ് അവിടെ കംപ്യൂട്ടർ ഓപ്പറേറ്ററായിരുന്ന മുതുകുളം താരാ നിലയത്തിൽ താരാ ദാമോദരനെ പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലേക്കു വഴിമാറി. 2007 ൽ ഗിരിക്ക് കെഎസ്ആർടിസിയിൽ ഡ്രൈവറായി ജോലി കിട്ടി. താര 2010 ൽ കണ്ടക്ടറായി കെഎസ്ആർടിസിയ‍ിലെത്തി. ഇരുവരും ഹരിപ്പാട് ഡിപ്പോയിൽ ഒരേ ബസിലെ കണ്ടക്ടറും ഡ്രൈവറുമായി ഡ്യൂട്ടി തുടങ്ങിയതോടെയാണ് പ്രണയം വീണ്ടും ഡബിൾ ബെല്ലടിച്ചു മുന്നേറി. താര ജോലിയിൽ കയറിയ ശേഷമുള്ള ആദ്യ സർവീസിൽ ബസ് ഓടിച്ചതും ഗിരിയായിരുന്നു. തുടക്കത്തിൽ ഡിപ്പോയിൽ ആർക്കും ഇരുവരുടെയും പ്രണയം അറിയില്ലായിരുന്നു.വീട്ടിലെ ചില പ്രശ്നങ്ങൾ കാരണമാണ് ഇത്രയുംകാലം വിവാഹിതരാകാതെ കഴിഞ്ഞതെന്ന് താരയും ഗിരിയും പറയുന്നു. 

കഴിഞ്ഞ ദിവസം ഓച്ചിറയിൽ നടന്ന വിവാഹച്ചടങ്ങിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം സുഹൃത്തുക്കൾ ഉൾപ്പെടെ 4 പേർ മാത്രമാണു പങ്കെടുത്തത്.കരുനാഗപ്പള്ളി – ഹരിപ്പാട് റൂട്ടിലെ ആർഎസ്എ 220 ഓർഡിനറി ബസ് ഗിരി ഗോപിനാഥ് സ്വന്തം ചെലവിൽ അലങ്കരിച്ച് മ്യൂസിക് സിസ്റ്റം സ്ഥാപിച്ച് സ്വന്തം വാഹനംപോലെയാണ് പരിചരിക്കുന്നത്. ഈ ബസിൽ സ്ഥിരം യാത്രക്കാർ ധാരാളമുണ്ട്. അവർക്ക് ഗിരിയും താരയും സ്വന്തം വീട്ടുകാരെപ്പോലെ പരിചിതരുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com