ADVERTISEMENT

വൈശാലി സിനിമയുടെ ക്ലൈമാക്സ് പോലെയായിരുന്നു ഇന്നലെ മദ്യശാലകൾക്കു മുന്നിലെ അന്തരീക്ഷം. ആപ്പു കിട്ടാത്ത ചിലർ വൈശാലിയപ്പോലെ മാറി നിന്നു കരഞ്ഞു. കാത്തിരുന്നു മഴ കിട്ടിയ ഗ്രാമവാസികളെപ്പോലെ ഉന്മാദനൃത്തം ചവിട്ടി, മദ്യം കിട്ടിയവർ. ആകെ മൊത്തം ധുംധുംധും ദുന്ദുഭി നാദം.. സിനിമയെ വെല്ലുന്ന ചില റിയൽ ലൈഫ് വൈകാരിക രംഗങ്ങളിലൂടെ.... 

 സ്ക്രീൻഷോട്ട് മുഖ്യം ബിഗിലേ..

ആർധരാത്രി വരെ കാത്തിരുന്ന് ആപ് ഡൗൺ ലോഡ് ചെയ്ത്, വീണ്ടും നോക്കിയിരുന്ന് ഒടിപി നേടി, മദ്യം ബുക്ക് ചെയ്ത്, തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ച്, രാവിലെ തന്നെ ക്യൂ നിന്നിട്ടും മദ്യം കിട്ടാതെ പോയ ചില ഹതഭാഗ്യരുണ്ട്. കൗണ്ടറിനു മുന്നിലെത്തി ബുക്കിങ് കാണിക്കാൻ നോക്കുമ്പോൾ ആപ്പ് തുറക്കുന്നില്ല. സാങ്കേതികത്തകരാർ. കൂടെ നിൽക്കുന്ന ചിലർ വാങ്ങുന്നുണ്ട്. ‘ഇതെങ്ങനെ സാധിക്കുന്നെടാ ഉവ്വേ’ എന്നു ചോദിച്ചപ്പോൾ പുച്ഛത്തോടെ മറുപടി, ആപ്പിനെ മാത്രം വിശ്വസിച്ചിരിക്കരുത്. ‘സ്ക്രീൻ ഷോട്ട് മുഖ്യം ബിഗിലേ... 

alappuzha news

 മോഹഭംഗ മനസ്സിലേ..

രണ്ടു മാസമായി കൊതിപിടിച്ചിരിപ്പാണ്. വെയിലു കൊണ്ടു വരിനിന്നു ബവ്റിജസിന്റെ പടിവാതിൽക്കൽ എത്തിയപ്പോഴാണ് അയാൾ ഇടിത്തീപോലെ ആ സത്യം മനസ്സിലാക്കിയത്. അധികൃതർ ഫോൺ മേടിച്ചു നോക്കിയപ്പോൾ ബുക്കിങ് ഡേറ്റ് മേയ് 29. പോയിട്ട് നാളെ വരാൻ പറഞ്ഞു. ‘രണ്ടെണ്ണം അടിക്കാമെന്ന മൈൻഡ് സെറ്റാക്കി, അതു നടക്കാതെ വരുമ്പോഴുള്ള സങ്കടമുണ്ടല്ലോ, എന്റെ സാറേ’. കൊറോണയെ പച്ച മലയാളത്തിൽ ആശിർവദിച്ച് അയാൾ അവിടം വിട്ടു. 

alappuzha news

 യെവൻ പുലിയാണു കേട്ടാ 

ചെങ്ങന്നൂർ അങ്ങാടിക്കലിനു സമീപം രാവിലെ തന്നെ മദ്യം വാങ്ങിയെത്തിയ യുവാവിനെ സുഹൃത്തുക്കൾ വരവേറ്റതു പടക്കം പൊട്ടിച്ചാണ്. ബവ്കോ ഔട്‌ലെറ്റിൽ നിന്നു മദ്യം വാങ്ങി ബൈക്കിൽ എത്തിയപ്പോൾത്തന്നെ നോട്ടുമാലയിട്ടു സ്വീകരിച്ചു. തലയിൽ കടലാസു കിരീടവും അണിയിച്ചു. കാഴ്ച കാണാൻ സമീപവാസികളും എത്തി. ചാരുംമൂട്ടിൽ ചില യുവാക്കൾ മദ്യം ലഭിച്ച ആഹ്ലാദം പങ്കുവച്ചതു റോഡിൽ തേങ്ങയുടച്ചായിരുന്നു. 

alappuzha news

സഞ്ചി വേണ്ട, നെഞ്ചോട് ചേർക്കും

നാലു ദിവസത്തേക്കുള്ള മൂന്നു ലീറ്റർ ക്വോട്ട വാങ്ങാനുള്ള ആവേശത്തിൽ തൃക്കുന്നപ്പുഴയിലെ മദ്യശാലയിലെത്തിയ പലരും ഇതെങ്ങനെ വീട്ടിൽ കൊണ്ടുപോകുമെന്ന് ആലോചിച്ചിട്ടില്ലായിരുന്നു. ഒരു ലീറ്ററിന്റെ മൂന്നു കുപ്പി ചോദിച്ചവർക്കു കിട്ടിയത് അര ലീറ്ററിന്റെ ആറു കുപ്പി. പ്ലാസ്റ്റിക് നിരോധനത്തെ തുടർന്നു സഞ്ചിയും കിട്ടാനില്ല. പിഞ്ചു കുഞ്ഞുങ്ങളെയെന്ന പോലെ, ആറു കുപ്പികൾ നെഞ്ചോടു ചേർത്തുപിടിച്ച് കൊണ്ടുപോകുന്നയാളെ നോക്കി ക്യൂ നിന്നവർ പറഞ്ഞു, ‘എന്തു കരുതലാണീ മനുഷ്യന്’. 

 എന്റെ ഐഡിയ ആയിപ്പോയി

കരുവാറ്റ സ്വദേശി, ഭാര്യയുടെ മൊബൈലിലാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. രാവിലെ 10നും 10.30നും ഇടയിൽ‌ തോട്ടപ്പള്ളി ഷോപ്പിൽ നിന്നു വാങ്ങാൻ നിർദേശവും വന്നു. എന്നാൽ 10 മണിയായിട്ടും ഭാര്യ മൊബൈൽ കൊടുത്തു വിടാൻ തയാറായില്ല. പതിനെട്ടടവും പയറ്റി, ഫോൺ വാങ്ങി, 11 മണിയോടെ ക്യൂവിലെത്തി. അപ്പോഴേക്കും പ്രതീക്ഷിച്ച ഇനം വിദേശമദ്യം കിട്ടിയില്ല. ഒടുവിൽ കിട്ടിയതുമായി യുവാവ് സ്ഥലം വിട്ടു.

alappuzha news

 മുതിർന്നവരോട് ഇത്തിരി ബഹുമാനം... സ്നേഹം... 

വിവരസാങ്കേതിക വിദ്യ വശമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമൂഹിക അന്തരം സൂചിപ്പിക്കുന്ന പ്രയോഗമാണ് ‘ഡിജിറ്റൽ ഡിവൈഡ്’. സാക്ഷരരും നിരക്ഷരരും പോലെ, പണക്കാരനും പാവപ്പെട്ടവനും പോലെ ഇതു ഭാവിയിൽ വലിയൊരു വർഗ്ഗവ്യത്യാസമായി തീരുമെന്നു പണ്ടേ പലരും പറഞ്ഞെങ്കിലും ശരിയാണെന്നു തെളിഞ്ഞത് ഇന്നലെ മദ്യശാലകൾക്കു മുന്നിലാണ്. ആപ് ഉപയോഗിക്കാൻ അറിയാവുന്നവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം.

‘നമ്മൾ പാവപ്പെട്ടവരുടെ കാശൊന്നും സർക്കാരിനു വേണ്ടല്ലേ.. മൊബൈലിൽ കുത്തിക്കൊണ്ടു നടക്കുന്ന ചെറുക്കന്മാർക്കേ മദ്യം കൊടുക്കുവത്രേ...’ രാവിലെ മുതൽ വളവനാട്ടെ ബവ്റിജസ് ഔട്‌ലെറ്റിന്റെ മുന്നിൽ ചുറ്റിത്തിരിയുന്ന കുറച്ചു സീനിയർ സിറ്റിസൻസ് പ്രതികരിക്കുന്നു. ആപ്പിൽ ബുക്ക് ചെയ്യാതെ മദ്യം കിട്ടില്ലെന്ന അധികൃതരുടെ മറുപടിയാണ് പ്രതിഷേധത്തിനു കാരണം.

മാറിനിന്ന് മുട്ടൻ തെറി വിളിക്കുന്നുണ്ടെങ്കിലും മദ്യം വാങ്ങാൻ വരുന്ന പയ്യന്മാരെ കാണുമ്പോൾ പെട്ടെന്നു വിനയാന്വിതനാകും. പിന്നെ വാത്സല്യവും അവശതയും കൂട്ടിക്കുഴച്ച് ഒരു ചോദ്യമാണ്.. അപ്പൂപ്പനൊരു കുപ്പി വാങ്ങിത്തര്വോ മ്വോനേ, അല്ല സാറേ...’ 

 ഇല്ലായ്മക്കാരന് ഒരു ക്വാർട്ടർ എങ്കിലും തരില്ലേ? ചുങ്കത്തെ ബവ്കോയുടെ‌ ഷോപ്പിൽ മദ്യം വാങ്ങാനെത്തിയയാൾ ചോദിക്കുന്നു. ആപ്പോ ടോക്കണോ വല്ലുതുമുണ്ടോയെന്ന് ചോദ്യത്തിന് മറുപടി–എവിടിരിക്കുന്നു ഇല്ലായ്മക്കാരന് ആപ്പ്? ഞങ്ങളെല്ലാം ആപ്പിലല്ലേ? 

 ‘അവിടെ‌ കുത്തിയല്ലോ, ഇവിടുന്നു തന്നാലെന്താ?’ പുന്നപ്രയിലെ ഷോപ്പിലേക്ക് സമയം ബുക്ക് ചെയ്തു ചുങ്കത്തു മദ്യം വാങ്ങാൻ വന്നയാളുടെ ചോദ്യമാണ്. ബുക്ക് ചെയ്തെന്നു പറയുന്നുണ്ടെങ്കിലും കൈയിൽ ഫോണില്ല. കൊച്ചുമകന്റെ ഫോണിലായിരുന്നു റജിസ്റ്റർ ചെയ്തത്രെ. വരുമ്പോൾ ഫോണോ ബുക്കിങ് വിവരങ്ങളോ കൊണ്ടുവരണമെന്ന് അറിയില്ലായിരുന്നു. രണ്ടു മദ്യശാലകളും സർക്കാരിന്റേതല്ലേ? അവിടുത്തെ പേരിൽ കുത്തിയാലും ഇവിടുന്നു സാധനം തന്നാലെന്താ? 

alappuzha-liquor-troll

 വൈഎംസിഎ പാലത്തിനു സമീപമുള്ള ബവ്റിജസ് ഔട്‍ലെറ്റ്. ജീവനക്കാരെത്തും മുൻപേ,‘പഴയ പതിവുകാരൻ’ സ്ഥലത്തെത്തി. വരിനിന്നു പലർക്കും സാധനം വാങ്ങിക്കൊടുത്ത്, അവർ കൊടുക്കുന്ന ടിപ്പുകൊണ്ടു പണ്ടു പൈന്റ് വാങ്ങി അടിച്ചിരുന്ന ആളാണ്. ഇപ്പോൾ ആപ്പുപോയിട്ട്, കൈയിൽ ഫോൺ പോലുമില്ല.

‘വിറയാർന്ന കൈകളാൽ’ വരിയിലേക്കു കയറുന്ന ഓരോരുത്തരോടും ഒരു പൈന്റ് വാങ്ങിത്തരുമോയെന്ന് അയാൾ യാചിച്ചു. ആരു മൈൻഡ് ചെയ്യാൻ; ലോക്ഡൗൺ കാലത്തെ മുഴുവൻ ദാഹം തീർക്കാൻ വരുന്നവരാണ്. ഗേറ്റിനു സമീപം നിന്ന സെക്യൂരിറ്റിയോട് അയാൾ പറഞ്ഞു. കൊറോണ ഇന്നു വരും നാളെ പോകും. പക്ഷേ, നമ്മൾ ഇവിടൊക്കെത്തന്നെ കാണും, കേട്ടോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com