ADVERTISEMENT

ആലപ്പുഴ ∙ ഒരു വയസ്സു മാത്രം പ്രായമുള്ള മകളെ അകലെ നിന്നു കാണാൻ ആംബുലൻസ് ഒതുക്കിയതാണു ഫൈസൽ. ഭാര്യ തൻസില റോഡിന്റെ മറുവശം നിന്നു കുഞ്ഞു നൂറയെ ഭർത്താവിനു കാണിച്ചു. മാസങ്ങൾക്കു ശേഷം കുഞ്ഞിനെ ഒരുനോക്കു കണ്ട സന്തോഷത്തിൽ ഫൈസൽ കബീർ ആംബുലൻസുമായി മുന്നോട്ടു പാഞ്ഞു. ഈ ദൃശ്യങ്ങൾ ഒരു ബന്ധു പകർത്തി പ്രചരിപ്പിച്ചതോടെ ആംബുലൻസ് ഡ്രൈവർമാരുടെ സേവനത്തിനു നിറഞ്ഞ കയ്യടികൾ.

കോതമംഗലം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 108 ആംബുലൻസിന്റെ ഡ്രൈവർ കായംകുളം പുള്ളിക്കണക്ക് പുളിമൂട്ടിൽ ഫൈസൽ മൻസിലിൽ ഫൈസൽ കബീർ (29) ആണ് കോവിഡ് ഡ്യൂട്ടിക്കിടയിൽ സ്വന്തം കുഞ്ഞിനെ ദേശീയപാതയുടെ അപ്പുറമിപ്പുറം നിന്ന് കണ്ടു മടങ്ങിയത്. 9 മാസമായി എറണാകുളത്ത് 108 ആംബുലൻസിൽ ജോലി ചെയ്യുന്ന ഫൈസൽ 4 മാസമായി കോവിഡ് ഡ്യൂട്ടി കാരണം ഭാര്യയെയും കുഞ്ഞ‍ിനെയും കാണാൻ പോയിരുന്നില്ല. ഭാര്യയും കുഞ്ഞും അമ്പലപ്പുഴയിലെ വീട്ടിലായിരുന്നു.

3ന് രാത്രിയാണ് ഫൈസൽ പെരുമ്പാവൂരിൽ നിന്ന് രക്തസാംപിളുകൾ പരിശോധനയ്ക്കു നൽകാൻ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ പോയത്. അന്നുതന്നെ തിരികെ മടങ്ങിയെങ്കിലും കുഞ്ഞിനെ കാണണമെന്ന ആഗ്രഹത്തിൽ രാത്രി കായംകുളത്ത് റോഡരികിൽ വാഹനം നിർത്തിയിട്ട് ഉറങ്ങി. പുലർച്ചെ അമ്പലപ്പുഴയിലെത്തുമെന്നു അറിയിച്ചിരുന്നതിനാൽ തൻസില കുഞ്ഞിനെയും കൊണ്ട് റോഡരികിൽ കാത്തുനിന്നു. ഏഴു മണിയോടെ ഫൈസൽ അവിടെയെത്തി കുഞ്ഞിനെ അകലെ നിന്നു കാണുകയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com