ADVERTISEMENT

ആലപ്പുഴ ∙ കായംകുളത്തെ ക്വട്ടേഷൻ – ലഹരി മരുന്നു സംഘങ്ങൾ ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്നു പൊലീസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥരിലും രാഷ്ട്രീയ നേതാക്കളിലും ഈ സംഘങ്ങൾക്കു വലിയ സ്വാധീനമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ സംഘങ്ങളുടെ ഇടപെടലുണ്ടാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പല രാഷ്ട്രീയ പാർട്ടികളും ഇവരെ തരം പോലെ ഉപയോഗിക്കുന്നുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നവരെ ഭീഷണിപ്പെടുത്തുക, വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തുന്നതിൽ നിന്ന് തടയുക തുടങ്ങിയ ക്വട്ടേഷനുകൾ ഇവർ ഏറ്റെടുത്ത് നടത്തും. ക്വട്ടേഷൻ ഫീസായും ലഹരിമരുന്നു വിൽപനയിലൂടെയും കിട്ടുന്ന പണം പലിശയ്ക്കു കടം കൊടുക്കുന്നവരും കൂട്ടത്തിലുണ്ട്. ഇവർ വഴി പലിശ ഇടപാടിനു പണമിറക്കുന്നവരുമുണ്ടെന്നു പൊലീസ് പറയുന്നു.

സമൂഹ മാധ്യമ ഗ്രൂപ്പുകൾ ഉപയോഗിച്ചും ലഹരി ഇടപാടു നടക്കുന്നു. ലോക്ഡൗൺ നാളുകളിൽ വീടുകളിൽ ഉൾപ്പെടെ ലഹരി എത്തിക്കുന്നുണ്ട്. കായംകുളത്തെ സംഘങ്ങൾക്ക് ഇടുക്കി, കൊച്ചി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സംഘങ്ങളുമായി ബന്ധമുണ്ട്. ഈ ചങ്ങലയിൽ 400ൽ ഏറെപ്പേരുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ക്വട്ടേഷൻ സംഘങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണ് ചെറുപ്പക്കാരെ സംഘത്തിലേക്ക് അടുപ്പിക്കുന്നത്.ഗുണ്ടാ നേതാവ് മകന്റെ സുഹൃത്താണെന്ന് അഭിമാനത്തോടെ പറയുന്ന വീട്ടുകാർ പോലുമുണ്ടെന്നു പൊലീസ്. ഗുണ്ടകളുടെ പേരിൽ ലഭിക്കുന്ന സംരക്ഷണത്തിനു പിന്നീടു വലിയ വില കൊടുക്കേണ്ടി വന്ന കുടുംബങ്ങളുമുണ്ട്. ‘ജീപ്പിടിച്ച് എങ്കിലും ഇവനെ ഒന്നു കൊന്നു തരമോ സർ’ എന്നു ഗുണ്ടാ സംഘത്തിൽ പെട്ട മകനെപ്പറ്റി തൊഴുത് അപേക്ഷിച്ച അമ്മയെപ്പറ്റി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com