ADVERTISEMENT

ജയിൽ മോചിതരായവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് പ്രതികളിലേക്കുള്ള ആദ്യ വഴി തുറന്നത്. ഫെബ്രുവരിയിൽ സെൻട്രൽ ജയിലിൽനിന്നിറങ്ങിയ ആൾ ഹരിപ്പാട്ട്  ഒരാളുമായി ബന്ധപ്പെടുന്നതായി കണ്ടെത്തി. ഇവർ ഒരേ സമയം ജയിലിൽ ഉണ്ടായിരുന്നതാണെന്നു വ്യക്തമായതോടെ ആ വഴിക്ക് അന്വേഷണം  പോയി. 6 മാസം  മുൻപ് മുഖ്യപ്രതിയായ തിരുവനന്തപുരം സ്വദേശി ഹരിപ്പാട്ട് എത്തിയിരുന്നെന്നു വിവരം കിട്ടി.

മുഖ്യപ്രതിയും ഷൈബുവും തമ്മിൽ നടത്തിയ ആസൂത്രണത്തിന്റെ കൂടുതൽ വിവരങ്ങൾ ഷൈബു പിടിയിലായ ശേഷമാണു ലഭിച്ചത്. ചെറിയ മോഷണങ്ങൾ നടത്തിയിട്ടു കാര്യമില്ലെന്നും ‘വലിയ പണികൾ’ നടത്തണമെന്നുമായിരുന്നു പ്രതികളുടെ ആലോചന. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങൾ ഉൾപ്പെടെ പലതും നോക്കിയുള്ള കറക്കത്തിനിടയിലാണു കരുവാറ്റ ബാങ്ക് ‘ലൊക്കേഷൻ’ ആക്കിയത്.

ഓഗസ്റ്റിൽ ബാങ്ക് പരിസരത്തു പ്രതികൾ എത്തിയിരുന്നു. കൊല്ലം കടയ്ക്കലിൽനിന്നു വാനും പറക്കോട്ടുനിന്നു ഗ്യാസ് സിലിണ്ടറുകളും മോഷ്ടിച്ചു. ഓഗസ്റ്റ് 29നു ‘സന്നാഹങ്ങളു’മായി ബാങ്കിനു സമീപമെത്തി. അന്നു മുതൽ 3 ദിവസം രാത്രികളിലായി മോഷണം പൂർത്തിയാക്കി. മോഷ്ടിച്ച വാഹനം അതേ സ്ഥലത്തിനടുത്ത് ഉപേക്ഷിച്ചു. വാഹനം മോഷണം പോയതിന് അവിടെ കേസുണ്ടായിരുന്നില്ല.

കവർച്ചയ്ക്കു ശേഷം ഷൈബു ഇപ്പോൾ താമസിക്കുന്ന പള്ളിപ്പാട് വെട്ടുവേനിയിലെ വീട്ടിലെത്തി സ്വർണം തൂക്കി നോക്കി വീതിച്ചു. ഒന്നര കിലോഗ്രാമോളം ഷൈബുവിനും ഷിബുവിനുമായി മുഖ്യപ്രതി നൽകി. 154 പവനായിരുന്നു ഷൈബുവിന്റെ ഓഹരി. പണത്തിൽനിന്നു 30,000 രൂപ ഷൈബുവിനും 40,000 ഷിബുവിനും.  ഷിബുവിൽനിന്നു 12 പവനോളം കണ്ടെടുത്തിട്ടുണ്ട്. ബാക്കിയെല്ലാം മുഖ്യപ്രതി കൊണ്ടുപോയി.

‘ത്രാസ് ചാർജ് ചെയ്തു വയ്ക്കണം’

മോഷ്ടിച്ച സ്വർണം ഷൈബുവിന്റെ വീട്ടിൽ കൊണ്ടുപോയി തൂക്കം നോക്കിയതു മത്സ്യം തൂക്കുന്ന ഡിജിറ്റൽ ത്രാസിൽ. മത്സ്യക്കച്ചവടം നടത്തിയിരുന്ന ഷൈബു വീട്ടിൽ ത്രാസ് സൂക്ഷിച്ചിരുന്നു. രാത്രി കവർച്ചയ്ക്കായി പോയപ്പോൾ, ത്രാസ് ചാർജ് ചെയ്തു വയ്ക്കണമെന്നു ഭാര്യയോട് നിർദേശിച്ചതായി പൊലീസ് പറഞ്ഞു.

വീട്ടിൽ താമസിച്ച് മോഷണം

ഷൈബുവിന്റെ കണ്ണമംഗലത്തെ വീട്ടിൽ താമസിച്ചാണു മുഖ്യപ്രതി ‘ഓപ്പറേഷൻ’ പൂർത്തിയാക്കിയത്. രാത്രി ഏഴരയോടെ മുഖ്യപ്രതിയെ ഷൈബു ബൈക്കിൽ ബാങ്കിനു സമീപം എത്തിക്കുകയായിരുന്നു. ഇടയ്ക്ക് ഒരു ദിവസം പ്രതികൾ പകൽ ബൈക്കിലെത്തി ബാങ്ക് പരിസരം നിരീക്ഷിച്ചിരുന്നു. കവർച്ച ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ എന്നു നോക്കാനായിരുന്നു ഇത്.

കവർച്ചയുടെ ആദ്യ ദിവസം ബാങ്കിനു മുന്നിലെ കമ്പിവേലി മുറിച്ച് സിലിണ്ടറുകൾ വളപ്പിലെത്തിച്ചു. ബാങ്കിന്റെ വാതിലിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന ശേഷം വാതിൽ അകത്തുനിന്നു പൂട്ടി. ‘പണി’ കഴിഞ്ഞു പുറത്തിറങ്ങുന്നത് ജനലിന്റെ കമ്പികൾ മുറിച്ച്.  ഓഗസ്റ്റ് 31ന് മുഴുവൻ പണവും സ്വർണവും എടുത്ത് ഇരുവരും പോയി.

ഫോൺ ഇല്ലാത്ത പ്രതി

കരുവാറ്റ ബാങ്ക് കവർച്ച കേസിലെ പിടികിട്ടാനുള്ള മുഖ്യപ്രതിയുടെ പേരിൽ മൊബൈൽ ഫോൺ കണക്‌ഷനില്ല. മറ്റു ചിലരുടെ ഫോൺ ആണ് ഇയാൾ ഉപയോഗിക്കുന്നതെന്നാണു പൊലീസ് പറയുന്നത്. പിടിയിലായ ഷിബുവിന്റെ ഫോണും ഉപയോഗിച്ചിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിൽ പൊലീസിനു വലിയ തലവേദന സൃഷ്ടിക്കുന്ന പ്രശ്നമാണ് ഇയാളുടെ ഫോൺ വിളികൾ പിന്തുടരാൻ കഴിയാത്തത്.

ഇയാൾ അയൽ സംസ്ഥാനത്തുണ്ടെന്നു മനസ്സിലാക്കി പൊലീസ് സംഘം അവിടെയെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവിടെ വലിയ വാടകയുള്ള വീട്ടിലാണ് ഇയാൾ കുടുംബത്തോടൊപ്പം താമസിക്കുന്നതെന്നു കണ്ടെത്തിയിരുന്നു. അവിടെനിന്നു മുങ്ങിയ പ്രതി ഇപ്പോൾ മറ്റൊരു സംസ്ഥാനത്തെത്തി ഒളിവിലാണെന്നാണു വിവരം. പൊലീസ് ഇയാളുടെ നീക്കങ്ങൾ പിന്തുടരുന്നുണ്ട്.

പ്രതികൾ ‘റോമിങ്’

ജയിലിൽനിന്നു പരിചയപ്പെട്ട മുഖ്യപ്രതിയും ഷൈബുവും കവർച്ച ആസൂത്രണം ചെയ്യാനായി പല തവണ ഹരിപ്പാട്, തൃക്കുന്നപ്പുഴ, കരുവാറ്റ മേഖലകളിലെ മൊബൈൽ ടവർ പരിധിയിലെത്തി. ജയിൽ  മോചിതരായവരെപ്പറ്റിയുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയ ഈ വിവരം പ്രതികളെ പിടികൂടുന്നതിൽ നിർണായകമായി.

കരുവാറ്റ സഹകരണ ബാങ്കിനു മുന്നിൽ ആൾക്കാർ കൂടുതലായി വന്നു പോകുന്നതു മുഖ്യപ്രതിയും ഷൈബുവും ബൈക്കിൽ പോകുമ്പോൾ ശ്രദ്ധിച്ചു. അങ്ങനെയാണ് അവിടെ മോഷണം നടത്താൻ തീരുമാനിച്ചതെന്നു ഷൈബു മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

ബന്ധുവിന്റെ പേരിൽ സ്ഥലം വാങ്ങി

തനിക്കു കിട്ടിയ പങ്കിൽനിന്നു 36 ലക്ഷം രൂപ ഉപയോഗിച്ചു ഷൈബു അടുത്ത ബന്ധുവിന്റെ പേരിൽ സ്ഥലം വാങ്ങിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഹരിപ്പാട്ട് തന്നെയാണിത്.

ആത്മവിശ്വാസം പോരാ

3 ദിവസം നീണ്ട കവർച്ചയ്ക്കിടയിൽ മുഖ്യപ്രതിക്കു പ്രതീക്ഷ നഷ്ടമായിരുന്നെന്നു പൊലീസ്. ഗ്യാസ് കട്ടർ ഉപയോഗിച്ചു കഷ്ടപ്പെട്ടു ലോക്കർ തകർത്തിട്ട് കാര്യമായി എന്തെങ്കിലും കിട്ടുമോ എന്നായിരുന്നു സംശയം. ചെയ്യുന്നതു പാഴ്‌വേലയാകുമോ എന്ന നിരാശ മുഖ്യപ്രതി ഷൈബുവിനോടു പങ്കുവച്ചിരുന്നു. ബാങ്കിന്റെ പഴയ കെട്ടിടവും ചുറ്റുപാടും കണ്ടപ്പോൾ ഉള്ളിൽ കാര്യമായ മുതലുണ്ടാകാൻ സാധ്യതയില്ലെന്നായിരുന്നു ‘വിലയിരുത്തൽ.’

ഇടപാടുകാർക്ക് ആശ്വാസം

ബാങ്ക് കവർച്ചാ സംഘത്തെ പിടികൂടിയതു ബാങ്കിലെ ഇടപാടുകാർക്കും ഭരണസമിതിക്കും ആശ്വാസമായി. സാധാരണക്കാരും കർഷകരും തൊഴിലാളികളുമാണ് ഇടപാടുകാരിൽ ഏറെയും. പണയം വച്ച സ്വർണം പോയതിൽ ബാങ്ക് അധികൃതരും ഇടപാടുകാരും  ആശങ്കയിലായിരുന്നു. ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും നടപടിക്രമങ്ങൾ കഴിയാൻ കാലതാമസമുണ്ടാകുമെന്നത് വിഷമിപ്പിച്ചിരുന്നു.

അന്വേഷണത്തിൽ കോവിഡിന്റെ പങ്ക്

കേസിന്റെ അന്വേഷണത്തിൽ കോവിഡ് പൊലീസിന് അനുകൂലവും പ്രതികൂലവുമായ ഘടകമായി. കൃത്യത്തിനു ശേഷം മോഷ്ടാക്കളുടെ സഞ്ചാരം എളുപ്പമാക്കാൻ ട്രെയിനുകളില്ല എന്നതു ഗുണമായപ്പോൾ സംശയമുള്ള പലരെയും ചോദ്യം ചെയ്യാൻ കോവിഡ് തടസ്സമായിരുന്നു. മുൻപു സംസ്ഥാനത്തു നടന്ന പല ബാങ്ക് കവർച്ചകളിലുംഉത്തരേന്ത്യൻ സംഘങ്ങളുടെ പങ്ക് വ്യക്തമായിരുന്നു.

കവർച്ചയ്ക്കു ശേഷം ട്രെയിനിൽ കടക്കുന്നതായിരുന്നു രീതി. എന്നാൽ, ട്രെയിനുകൾ ഓടാത്ത കോവിഡ് കാലത്ത് ഇവിടെയെത്തി അത്തരം സംഘങ്ങൾ മോഷണം നടത്താനുള്ള സാധ്യത കുറവാണെന്നത് അന്വേഷണത്തിൽ സൗകര്യമായി. സംസ്ഥാനത്തു തന്നെയുള്ള മോഷ്ടാക്കളെപ്പറ്റിയായി അന്വേഷണം.സംസ്ഥാനത്തെ മോഷ്ടാക്കളിൽ ചിലർക്കു ബന്ധമുള്ള തമിഴ്നാട്ടുകാരെ ചോദ്യം ചെയ്യാൻ കോവിഡ് പ്രതിബന്ധമായി.

പലരും കണ്ടെയ്ൻമെന്റ് സോണിലാണെന്നു പറഞ്ഞൊഴിഞ്ഞു. ചിലർ കോവിഡ് ബാധിതരാണെന്നായി.മോഷ്ടാക്കൾക്ക് സ്വർണം വിൽക്കുന്നതിനും കോവിഡ് പ്രതിസന്ധിയുണ്ടാക്കിയെന്നത് അന്വേഷണത്തിൽ ഗുണകരമായി. കോവിഡ് കാലമായതിനാൽ മറ്റു സംസ്ഥാനങ്ങളിൽ പോയി സ്വർണം വിൽക്കാൻ പ്രയാസമാണെന്നതും പൊലീസിന്റെ ജോലി കുറച്ചു.

അന്വേഷണ സംഘം

എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശ പ്രകാരം ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിന്റെ നേതൃത്വത്തിലായിരുന്നു ഒരു മാസത്തിലേറെ നീണ്ട അന്വേഷണം. 

എഎസ്പി: എൻ.രാജൻ, കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, മാവേലിക്കര സിഐ: ബി.വിനോദ് കുമാർ, ഹരിപ്പാട് സിഐ: ആർ.ഫയാസ്, കുറത്തികാട് എസ്ഐ: വി.ബിജു, എസ്ഐമാരായ ജിജിൻ ജോസഫ്, അജിത്ത്, നെവിൻ, ഇല്യാസ്, എഎസ്ഐമാരായ മോഹൻ കുമാർ, സന്തോഷ്, സുധീർ, സന്തോഷ്, സീനിയർ സിപിഒമാരായ ശ്രീകുമാർ, പ്രതാപ് മേനോൻ, ലിമു മാത്യു, ബിനുമോൻ, ഉണ്ണിക്കൃഷ്ണപിള്ള, സിപിഒമാരായ രാഹുൽ രാജ്, ഷഫീഖ്, അരുൺ ഭാസ്കർ, മണിക്കുട്ടൻ, മുഹമ്മദ് ഷാഫി, നിഷാദ്, ഹരികൃഷ്ണൻ, ഷാജഹാൻ, വിബിൻ, അരുൺ എന്നിവരാണു സംഘത്തിലെ മറ്റുള്ളവർ.സമാനമായ കേസുകൾ അന്വേഷിച്ചു പരിചയമുള്ളവരെ ഉൾപ്പെടുത്തിയാണു പൊലീസ് സംഘം രൂപീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com