ADVERTISEMENT

ആലപ്പുഴ ∙ നിറഞ്ഞ സദസ്സിനു മുൻപിൽ ‘ബലേയും ഭേഷും ആഹായും’ കയ്യടിയും തലകുലുക്കലും കണ്ടു ശീലിച്ച കലാകാരന്മാർക്കു മുൻപിൽ ഇപ്പോൾ ക്യാമറയും മൊബൈൽ ഫോണും മൈക്ക് ഓപ്പറേറ്ററും. അതും  മിക്കയിടത്തും ‘കാഴ്ചക്കാർ’ മൊബൈൽ ഫോൺ മാത്രം. എങ്കിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് അജ്ഞാത ആസ്വാദകർക്കു വേണ്ടായാണ് കലാകാരന്മാർ ഇത്തവണ പരിപാടികളൊരുക്കുന്നത്.

പരിമിതമായ ആൾക്കൂട്ടത്തിനപ്പുറത്തേക്കു സദസ്സു നീളുന്നുവെന്ന പുതുമയുമുണ്ട് ഇത്തവണത്തെ ആഘോഷങ്ങൾക്ക്. ഇതുകൂടി മനസ്സിൽവച്ചാണ് സംഘാടകരും നവരാത്രി ആഘോഷങ്ങളെ സമീപിക്കുന്നത്. നവരാത്രി സമയത്തു പ്രമുഖ ക്ഷേത്രങ്ങളിൽ ഉൾപ്പെടെ നടത്തിയിരുന്ന സംഗീതോത്സവങ്ങൾ, കോവിഡ് കാലത്ത് ഓൺലൈൻ പ്ലാറ്റ്ഫോമിലേക്കു മാറി. ശാസ്ത്രീയ സംഗീത–നൃത്ത രംഗത്തുള്ളവർക്ക് നവരാത്രികാലത്ത് ഏറെ വേദികൾ കിട്ടിയിരുന്നു.

അത് ഇത്തവണ ഓൺലൈനിലേക്കു മാറുകയാണ്. പലരും വീട്ടിൽ ഇരുന്നുതന്നെ പരിപാടികൾ അവതരിപ്പിക്കുമ്പോൾ ചിലരൊക്കെ നാട്ടിലെ സ്റ്റുഡിയോയിൽ കച്ചേരി റിക്കോർഡ് ചെയ്ത് ക്ഷേത്രങ്ങൾക്കും വിവിധ സംഘടനകൾക്കും അയച്ചുകൊടുക്കുന്നു. സാങ്കേതിക മികവോടെയാണ് ഇതിൽ പലതും. നവരാത്രി സമയത്താണ്, കലാരംഗത്തെ അരങ്ങേറ്റങ്ങളും. മിക്ക അരങ്ങറ്റക്കാരും ഇത്തവണ വേദി ഓൺലൈനിലേക്കു ചുവടുമാറ്റി.

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിലുള്ള നവരാത്രി സംഗീതോത്സവം 17നു തുടങ്ങി. 25 വരെയാണ് പരിപാടികൾ. ദിവസവും പ്രഭാഷണം, നൃത്തം, സംഗീത സദസ്സ് എന്നിവയുണ്ട്. ഇതെല്ലാം യൂ ട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്യുകയാണ്. ഓൺലൈൻ സംഗീതാരാധന 25ന്. 

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലും ഇത്തവണ നവരാത്രി സംഗീതോത്സവം ഓൺലൈനിൽ. കലാപരിപാടികൾ Chakkulathukavu Devi Temple എന്ന ഫെയ്സ്ബുക് പേജിൽ ലൈവ് ആയി അവതരിപ്പിക്കുന്നു. വിജയദശമി ദിവസം പ്രശസ്ത സംഗീത വിദഗ്ധരിൽ ഒരാൾ സമൂഹമാധ്യമത്തിലൂടെ സംഗീത പരിപാടി അവതരിപ്പിക്കും.  ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം ഫെയ്സ്ബുക് പേജിലൂടെ ലൈവ് സംഗീതപരിപാടികൾ നടത്തുന്നുണ്ട്. ദിവസവും വൈകിട്ടാണു പരിപാടി. ഇന്ന് (21) ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ സംഗീതാർച്ചന നടത്തും.

 ക്ഷേത്രങ്ങൾക്കു പുറമേ, ആലപ്പുഴ സനാതന ധർമ വിദ്യാശാല പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവരാത്രിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ഓൺലൈനായി നടത്തുന്നു. അധ്യാപകരുടെ നിർദേശപ്രകാരം വിദ്യാർഥികൾ പരിപാടികൾ അവതരിപ്പിച്ച് സമൂഹമാധ്യമങ്ങൾ വഴി അയച്ചുകൊടുക്കും. അത് പ്രൊജക്ടർ വഴി ദിവസവും അവതരിപ്പിക്കുന്നു.   

ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഏകത’ യുടെ നേതൃത്വത്തിൽ 19 മുതൽ നടത്തുന്ന ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം ഓൺലൈൻ ആയാണ്. ആലപ്പുഴയിൽനിന്ന് ഉൾപ്പെടെയുള്ള കലാകാരന്മാർ കഴിഞ്ഞ വർഷങ്ങളിൽ ഷാർജയിലെത്തി പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇത്തവണ അവതരിപ്പിക്കുന്നത് റിക്കോർഡ് ചെയ്ത പരിപാടികൾ. 

"നിറഞ്ഞ സദസ്സിനു മുൻപിൽ അവതരിപ്പിച്ച കലാപരിപാടികൾ ഇപ്പോൾ ക്യാമറയ്ക്കു മുന്നിലായി. ആസ്വാദകരുടെ നേരിട്ടുള്ള പ്രതികരണമാണ് ഒരു സംഗീതക്കച്ചേരിയിൽ കലാകാരനു കിട്ടുന്ന പ്രചോദനം. പരിപാടിക്ക് കിട്ടുന്ന പ്രതിഫലത്തേക്കാൾ വലുതാണത്. എന്നാലും ലോകമെമ്പാടുമുള്ള അജ്ഞാതരായ ആരൊക്കെയോ ആസ്വദിക്കുന്നുവെന്നതു പ്രതീക്ഷയാണ്.  എത്രയും വേഗം ഈ അവസ്‌ഥ മാറി, നിറഞ്ഞ സദസ്സിൽ പരിപാടികൾ അവതരിപ്പിക്കുന്ന കാലം തിരികെവരുമെന്നു പ്രത്യാശിക്കാം." - മാവേലിക്കര ആർ.ബാലചന്ദ്രൻ, മൃദംഗം കലാകാരൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com