ADVERTISEMENT

ആലപ്പുഴ ∙ അനുവദനീയമായ അളവിൽ കൂടുതൽ മദ്യവുമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിലായ സംഭവത്തിൽ, വിവരം പൊലീസിനു കൈമാറിയ സിവിൽ എക്സൈസ് ഓഫിസറെ സ്ഥലം മാറ്റി. മറ്റൊരു കേസിൽ അച്ചടക്ക നടപടിക്കു വിധേയനായി എറണാകുളം എക്സൈസ് സർക്കിൾ ഓഫിസിൽ ജോലി ചെയ്യുന്ന ആലപ്പുഴ എക്സൈസ് ഡിവിഷനിലെ സിവിൽ എക്സൈസ് ഓഫിസർ എം.റെനിയെയാണ് മലപ്പുറത്തേക്കു സ്ഥലംമാറ്റിയത്. ഇദ്ദേഹത്തിന്റെ മാതൃഓഫിസ് ആലപ്പുഴ ഡിവിഷനിൽ നിലനിർത്തിയാണ് സ്ഥലംമാറ്റുന്നത്.

കഴിഞ്ഞ മാസം ആറിനാണ് 6.75 ലീറ്റർ വിദേശ മദ്യവുമായി എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സിഐ ബി.എൽ.ഷിബുവിനെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ ഷിബുവിനെ എക്സൈസ് കമ്മിഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ഷിബുവിന്റെ കാറിൽ മദ്യം വച്ച മറ്റൊരു സിഐ ബി.ടെന്നിമോനെ കാസർകോട്ടേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. തുടർന്നാണ് വിശദമായ അന്വേഷണത്തിന് എറണാകുളം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർക്കു നിർദേശം നൽകിയത്.

ഷിബു പരിധിയിലധികം മദ്യവുമായി കാറിൽ പോകുന്ന വിവരം റെനിക്ക് അറിയാമായിരുന്നുവെന്ന് എക്സൈസ് കമ്മിഷണർക്ക് എറണാകുളം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ വിവരം എക്സൈസിലെ വിരമിച്ച ഉന്നതോദ്യോഗസ്ഥൻ മുഖാന്തരം റെനി ചേർത്തല പൊലീസിൽ അറിയിച്ചാണ് ഷിബുവിനെ കുടുക്കിയത്. എക്സൈസ് വകുപ്പിലെ ഒരുദ്യോഗസ്ഥൻ നിയമവിരുദ്ധമായി മദ്യവുമായി സഞ്ചരിക്കുന്നത് അറിഞ്ഞിട്ടും വകുപ്പിലെ ഉന്നതോദ്യോഗസ്ഥരെ അറിയിച്ച് അതു തടയുന്നതിനു പകരം പൊലീസിൽ അറിയിച്ചത് വകുപ്പിനും സർക്കാരിനും കളങ്കമായെന്ന് അഡീഷനൽ എക്സൈസ് കമ്മിഷണറുടെ ഉത്തരവിൽ പറഞ്ഞു. ഈ സംഭവത്തിൽ റെനിക്കു മറ്റെന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com