ADVERTISEMENT

ആലപ്പുഴ ∙ കറുത്ത അംബാസഡർ കാറിൽ കത്തിയെരിഞ്ഞ ദുരൂഹതയ്ക്ക് ഇന്നു 37 വയസ്സ്. പുക പോലെ അന്തരീക്ഷത്തിൽ മാഞ്ഞ സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി പൊലീസും മലയാളികളും ഇന്നും കാത്തിരിക്കുന്നു; ഒപ്പം, പ്രിയപ്പെട്ടവന്റെ ജീവനെടുത്ത കൊലപാതകക്കേസ് അവസാനിച്ചുകാണാൻ, മരിച്ച ചാക്കോയുടെ ഭാര്യ ശാന്തമ്മയും.

സുകുമാരക്കുറുപ്പ്

8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 1984 ജനുവരി 22ന് ഫിലിം റപ്രസന്റേറ്റീവ് ചാക്കോയെ കാറിനുള്ളിൽ തീയിട്ടു കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയാണ് മുഖ്യപ്രതി സുകുമാരക്കുറുപ്പ്.

ദേശീയപാതയിൽ കരുവാറ്റ ടിബി ജംക്‌ഷനിൽ ശ്രീഹരി ടാക്കീസ് നിന്നിരുന്ന സ്ഥലം കാടുപിടിച്ച നിലയിൽ. ചിത്രം: മനോരമ

‘ഒരു മുഖം പലമുഖ’മാക്കാൻ കുറുപ്പിന്റെ ‘കെണി’

കരുവാറ്റ ടിബി ജംക്‌ഷനിൽ ശ്രീഹരി ടാക്കീസ് നിന്നിരുന്ന സ്ഥലം ഇന്ന് കാടുപിടിച്ച പറമ്പാണ്. ഈ തിയറ്ററിൽ ‘ഒരു മുഖം പലമുഖം’, ‘കെണി’ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെടാനും സെക്കൻഡ് ഷോയുടെ കലക്‌ഷൻ വിവരങ്ങൾ ശേഖരിക്കാനും എത്തിയതായിരുന്നു ഫിലിം റെപ്രസന്റേറ്റീവ് ആലപ്പുഴ സ്വദേശി എൻ.ജെ.ചാക്കോ.

ചാക്കോയുടെ ഭാര്യ ശാന്തയും മകൻ ജിതിൻ ചാക്കോയും.

ഗർഭിണിയായ ഭാര്യ ശാന്തമ്മയ്ക്കരികിൽ എത്താൻ വാഹനം കാത്തുനിൽക്കുകയായിരുന്നു ചാക്കോ. ‘ഒരു ചായ കുടിച്ച ശേഷം ഞങ്ങൾ നിൽക്കുമ്പോൾ ബസ് വരുന്നതു കണ്ട് ചാക്കോ എന്നോടു പൊയ്ക്കൊള്ളാൻ പറഞ്ഞു. ബസ് നിർത്തിയില്ല. പിന്നാലെ വന്ന സുകുമാരക്കുറുപ്പിന്റെ കാറിൽ കയറുകയായിരുന്നു–’ അന്നു ശ്രീഹരി തിയറ്ററിന്റെ മാനേജരായിരുന്ന കെ.ശ്രീകുമാർ ഓർക്കുന്നു.

കെഎൽക്യു 7831 കറുത്ത അംബാസഡർ കാറിൽ സുകുമാരക്കുറുപ്പ് എത്തിയത് മരണത്തിന്റെ ലിഫ്റ്റുമായി‍ട്ടാണെന്ന് ചാക്കോ അറിഞ്ഞില്ല. ആ കാർ മാവേലിക്കര പൊലീസ് സ്റ്റേഷനിലെ ആക്രിക്കൂനയിലാണിപ്പോൾ. ചെറിയനാട് പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പും ഭാര്യാസഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ഗൾഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും േചർന്നാണ്, ഇൻഷുറൻസ് തട്ടിപ്പിന് സുകുമാരക്കുറുപ്പിന്റെ ഏകദേശ രൂപമുള്ള ചാക്കോയെ കൊലപ്പെടുത്തി കത്തിക്കാൻ ആസൂത്രണമൊരുക്കിയത്.

യാദൃശ്ചികമായി വഴിയരികിൽക്കണ്ട ചാക്കോയ്ക്ക് സുകുമാരക്കുറുപ്പിന്റെ രൂപമുണ്ടെന്നു കണ്ടാണ് അന്നു ലിഫ്റ്റ് നൽകിയത്. പിന്നീട്, കുറുപ്പിന്റെ വീടിനു സമീപത്തെ പാടത്തിനരികിൽ അയാളുടെ കാറിൽ കത്തിയെരിഞ്ഞ നിലയിലാണ് ചാക്കോയെ കണ്ടെത്തിയത്. അതു സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും പിന്നീടാണു പൊലീസ് തിരിച്ചറിഞ്ഞ്.

ആ പാടം ഇപ്പോൾ അറിയുന്നത് ‘ചാക്കോപ്പാടം’ എന്ന പേരിൽ. കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള ഇപ്പോൾ പുലിയൂരിലെ വീട്ടിലുണ്ട്. ചാക്കോ കൊല്ലപ്പെടുമ്പോൾ ശാന്തമ്മ ഗർഭിണിയായിരുന്നു. ചാക്കോയുടെ മരണശേഷം ജനിച്ച മകൻ ജിതിന്റെ കൂടെ ആലപ്പുഴയിലെ വീട്ടിലാണ് ശാന്തമ്മയിപ്പോൾ.

ഇൻഷുറൻസ് തട്ടിപ്പു നടത്തി, വണ്ടാനത്തെ ബംഗ്ലാവ് നിർമാണം പൂർത്തിയാക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. ആ വീട് ഇപ്പോൾ കാടുമൂടി. ജീവിച്ചിരിപ്പുണ്ടെങ്കിൽ സുകുമാരക്കുറുപ്പിന് ഇപ്പോൾ 74 വയസ്സുണ്ടാകും. എന്നെങ്കിലും സ്വയം കീഴടങ്ങാൻ കുറുപ്പ് എത്തുമോ എന്ന ചോദ്യം ബാക്കി.

‘കുറുപ്പി’ന്റെ കഥ മേയ് 28ന്

ആലപ്പുഴ ∙ കൊലപാതകം നടന്ന് 37 വർഷത്തിനു ശേഷം സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത് ‘കുറുപ്പ്’ എന്ന സിനിമയുടെ പേരിൽ. ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ‘ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയുടെ കഥ’യാണ് സിനിമയെന്ന് ദുൽഖർ സൽമാൻ വ്യക്തമാക്കിയിട്ടുണ്ട്.

സുകുമാരക്കുറുപ്പിന്റെ യഥാർഥ കഥ തന്നെയാണോ സിനിമയെന്ന കാര്യത്തിൽ വ്യക്തതയില്ല. സിനിമ മേയ് 28ന് റിലീസ് ചെയ്യും. മുൻപും സുകുമാരക്കുറുപ്പിന്റെ കഥ സിനിമയായിട്ടുണ്ട്. കൊലപാതകം നടന്ന 1984ൽതന്നെ ബേബി സംവിധാനം ചെയ്ത ‘എൻഎച്ച് 47’ എന്ന സിനിമയിൽ സുകുമാരക്കുറുപ്പിനെ അനുസ്മരിപ്പിക്കുന്ന സുധാകരൻ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ടി.ജി.രവിയാണ്.

പിൽക്കാലത്ത്, ചാക്കോയുടെ കൊലപാതകത്തിലെ ചില അംശങ്ങൾ വികസിപ്പിച്ച് അടൂർ ഗോപാലകൃഷ്ണൻ ‘പിന്നെയും’ എന്ന ചിത്രമൊരുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com