ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിൽ ഹരിപ്പാട് ഒഴികെ 8 മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക്  വിജയം പ്രവചിച്ച് സിപിഎം കണക്ക്. ഹരിപ്പാട്ടെ വിജയ സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും ബിജെപിയുടെ വോട്ട് ഇവിടെ കാര്യമായ വ്യത്യാസമുണ്ടാക്കുമെന്നാണ്  സിപിഎം കണക്കുകൂട്ടൽ. തിരഞ്ഞെടുപ്പിനു ശേഷം ബൂത്ത് അടിസ്ഥാനത്തിൽ സിപിഎം ശേഖരിച്ച കണക്കുകൾ പ്രകാരം ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല മണ്ഡലങ്ങളിൽ വലിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ത‍ിരഞ്ഞെടുപ്പിനു പിന്നാലെ പോൾ ചെയ്ത വോട്ടുകളുടെ അടിസ്ഥാനത്തിൽ പാർട്ടി പ്രവർത്തകരിൽ നിന്നു ശേഖരിച്ച കണക്കാണ് മണ്ഡലം തലത്തിൽ ഏകീകരിച്ചു വിജയ സാധ്യത കണക്കാക്കിയത്.

സിപിഎം കണക്കുകൾ പ്രകാരം ഓരോ മണ്ഡലത്തിലെയും  ഭൂരിപക്ഷം:

∙ ചെങ്ങന്നൂർ – എൽഡിഎഫ് പ്രചാരണം ഏറ്റവും സുഗമമായി നടന്ന മണ്ഡലമാണ് ചെങ്ങന്നൂർ. 15000– 20000 ഭൂരിപക്ഷത്തിൽ സജി ചെറിയാൻ വിജയിക്കും. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് സിപിഎം ഇവിടെ പ്രതീക്ഷിക്കുന്നത്.
∙ മാവേലിക്കര – എം.എസ്.അരുൺ കുമാറിന് 15000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് കണക്ക്.
∙ ചേർത്തല – 12500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി.പ്രസാദ് വിജയിക്കുമെന്ന് നിഗമനം. യുഡിഎഫ് ശക്തമായി പ്രചാരണ രംഗത്തുണ്ടായിരുന്നെന്നും വിലയിരുത്തൽ.

∙ അമ്പലപ്പുഴ – 10850 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി എച്ച്.സലാം വിജയിക്കുമെന്ന് നിഗമനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മന്ത്രി ജി.സുധാകരനു വ്യക്തിപരമായ സ്വാധീനത്താൽ ലഭിച്ച വോട്ടുകൾ കുറച്ചാണത്രേ കണക്ക്. ശക്തമായ മത്സരമായിരുന്നെന്നും വിലയിരുത്തൽ.
∙ ആലപ്പുഴ – 10785 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി പി.പി.ചിത്തരഞ്ജൻ വിജയിക്കുമെന്ന് കണക്ക്.
∙ കായംകുളം – 8000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭ വിജയിക്കുമെന്ന് വിലയിരുത്തൽ.

∙ കുട്ടനാട് – 7000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ.തോമസ് വിജയിക്കുമെന്ന് നിഗമനം.
∙ അരൂർ – എൽഡിഎഫ് സ്ഥാനാർഥി ദലീമ ജോജോ 5500 വോട്ടിനു വിജയിക്കുമെന്നാണ് കണക്ക്.
∙ ഹരിപ്പാട് –കൃത്യമായ വോട്ട് വിഹിതം കണക്കാക്കിയാൽ 1000– 5000 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ‍ഡിഎഫ് സ്ഥാനാർഥി ആർ.സജിലാലിന് വിജയമുറപ്പാക്കാവുന്നതാണ്. എന്നാൽ, ബിജെപി വോട്ട് കൃത്യമായി അവരുടെ സ്ഥാനാർഥിക്കു വീണിട്ടില്ലെങ്കിൽ 5000 വോട്ടുകൾ വരെ ഭൂരിപക്ഷം നേടി രമേശ് ചെന്നിത്തല വിജയിക്കാനും സാധ്യതയുണ്ടെന്ന് സിപിഎമ്മിന്റെ കണക്കുകൂട്ടൽ.

പഴയ കണക്ക് ഇങ്ങനെയായിരുന്നു !

ആലപ്പുഴ ∙ 2019 െല ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ  ആലപ്പുഴയിൽ   സിപിഎം പ്രതീക്ഷിച്ചത് 52000 വോട്ടിന്റെ ഭൂരിപക്ഷം. ഫലം വന്നപ്പോൾ ഭൂരിപക്ഷം 10474 ആയി കുറഞ്ഞു. വിജയം പ്രവചിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞത് സിപിഎമ്മിന്റെ കണക്കുകൂട്ടലുകളിൽ കൃത്യത കുറയുന്നതിന്റെ സൂചനയായി ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കണക്കുകൂട്ടൽ  കൃത്യമായത് ചേർത്തലയിലാണ്.

ഇവിടെ 16000 വോട്ടിന്റെ ഭൂരിപക്ഷം കണക്കാക്കിയപ്പോൾ, എ.എം.ആരിഫിന് 16,895 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. അരൂരിൽ ആരിഫിന് 13000 വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ചെങ്കിലും ഷാനിമോൾ ഉസ്മാൻ അറുന്നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി. കായംകുളത്ത് 9600 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് അതിന്റെ പകുതിയോളം മാത്രം. മറ്റെല്ലായിടത്തും യുഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാക്കാനുമായി.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com