ADVERTISEMENT

ചെങ്ങന്നൂർ ∙ നൂറു കോടി രൂപ ചെലവിൽ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടസമുച്ചയം നിർമിക്കുന്നതിന്റെ ഭാഗമായി പഴയ ആശുപത്രി കെട്ടിടം വൈകാതെ ഓർമയാകും.  കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനാൽ രണ്ടാഴ്ചത്തേക്ക് ഒപി, ലബോറട്ടറി, എക്‌സ്‌റേ, ഇസിജി അടക്കമുള്ള സേവനങ്ങൾ ഉണ്ടാകില്ല. കെട്ടിടനിർമാണം പൂർത്തിയാകുന്നതു വരെ ഗവ. ബോയ്‌സ് ഹൈസ്‌കൂളിലാകും ഇവ പ്രവർത്തിക്കുക. ഇതിന് വേണ്ട ക്രമീകരണങ്ങൾ സ്‌കൂളിൽ ഏർപ്പെടുത്തി വരികയാണ്.

കുടിവെള്ള കണക്‌ഷൻ ലഭിക്കാനുണ്ട്. വൈദ്യുതി വകുപ്പ് ട്രാൻസ്‌ഫോമറും സ്ഥാപിക്കണം. മാതൃശിശുസംരക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനം സാധാരണ ഗതിയിൽ ആശുപത്രിയിൽ തുടരും. പ്രസവസംബന്ധമായതും സ്ത്രീരോഗ, ശിശുരോഗവിഭാഗവും ഇവിടെയുണ്ട്. ഓഫിസ്, മെഡിക്കൽ റിപ്പോർട്ട് ലൈബ്രറി, ഫാർമസി എന്നിവയാണ് ആദ്യം ബോയ്സ് സ്കൂളിലേക്കു മാറ്റുന്നത്.

ഡയാലിസിസ് മാവേലിക്കര ജില്ലാആശുപത്രിയിൽ

ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം നിർത്തുന്നതിനാൽ പുതിയ ഡയാലിസിസ് രോഗികളെ തത്കാലം സ്വീകരിക്കില്ല. നിലവിൽ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് മാവേലിക്കര ജില്ലാ ആശുപത്രിയിൽ തുടർസേവനം ലഭ്യമാക്കും. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ 8 ജീവനക്കാരെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് താൽക്കാലികമായി അയച്ചിട്ടുണ്ട്.

സ്വാതന്ത്ര്യലബ്ധിക്ക് മുൻപേയുള്ള ആതുരാലയം

ഓടിട്ട മുൻവശത്തെ പ്രധാന കെട്ടിടം 1942-ൽ പൂർത്തീകരിച്ചെന്നാണു രേഖകൾ. ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ഷഷ്ടിപൂർത്തി സ്മാരകമായി നിർമിച്ചതെന്നു കെട്ടിടത്തിനു മുന്നിൽ കൊത്തിവച്ചിരിക്കുന്നതു കാണാം. ജില്ലാ മുൻസിഫ് ആയിരുന്ന എസ്. മധുരനായകം പിള്ളയാണ് ആശുപത്രി കെട്ടിടത്തിന് തറക്കല്ലിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com