ADVERTISEMENT

ഹരിപ്പാട് ∙ ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജയിച്ചതിനാൽ വിജയാഹ്ലാദത്തിനു വകയുണ്ടായിരുന്നുവെങ്കിലും പ്രവർത്തകർ അതിനു മുതിർന്നില്ല. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പുകളിലേതുപോലെ രമേശ് ചെന്നിത്തലയുടെ ക്യാംപ് ഓഫിസിൽ പ്രവർത്തകരുടെ തിരക്കും ഇല്ലായിരുന്നു. കോവിഡ് സാഹചര്യം മൂലമായിരുന്നു ഇത്. മൂന്നരയോടെ മാധ്യമങ്ങളോടു പ്രതികരിക്കുന്നതുവരെ ക്യാംപ് ഓഫിസിലെ മുകൾനിലയിൽ ഏതാനും പേർക്കൊപ്പം ടെലിവിഷനു മുൻപിലായിരുന്നു അദ്ദേഹം. തമിഴ്നാട് പ്രദേശ് കോൺഗ്രസ് സെക്രട്ടറി ശരവണൻ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് എന്നിവരും മറ്റുമായിരുന്നു അദ്ദേഹത്തിനൊപ്പം.

അവിടേക്കു മാധ്യമ പ്രവർത്തകരെയോ പാർട്ടി പ്രവർത്തകരെയോ കടത്തിവിട്ടിരുന്നുമില്ല. ജീവനക്കാരടക്കം ഏതാനുംപേർ മാത്രമാണ് ക്യാംപ് ഓഫിസിൽ ഉണ്ടായിരുന്നത്. ഇതിനിടെ രമേശിനു പല നേതാക്കളുടെ ഫോൺ വിളികൾ വരികയും അവരുമായി സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നേതാക്കളിൽ ചിലർ ക്യാംപ് ഓഫിസിൽ എത്തിയെങ്കിലും വൈകാതെ തിരിച്ചുപോയി. വോട്ടെണ്ണൽ ദിവസം ക്യാംപ് ഓഫിസിലെ ഹാളിൽ രമേശ് ചെന്നിത്തല പ്രവർത്തകർക്കൊപ്പം ടിവിയിൽ ഫലം കണ്ട് അതിനനുസരിച്ച് അഭിപ്രായങ്ങൾ പറയുകയാണ് മുൻകാലങ്ങളിലെ പതിവ്. ഇന്നലെ രമേശ് ഹരിപ്പാട്ട് വിജയിച്ചെങ്കിലും സംസ്ഥാനത്ത് യുഡിഎഫിനു ഭൂരിപക്ഷം നേടാൻ കഴിയാതെവന്നതോടെ പ്രവർത്തകരും മൂകരായി.

തിരുവനന്തപുരത്തുനിന്നു ശനിയാഴ്ച വൈകിട്ടാണ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് എത്തിയത്. ഇന്നലെ പുലർച്ചെ തൃപ്പെരുന്തുറയിലേക്കു പോയി. അവിടെ കുടുംബക്ഷേത്രമായ മാടയ്ക്കൽ നമ്പ്യാട്ട് കുത്തുവിള ക്ഷേത്രത്തിലും മഹാദേവ ക്ഷേത്രത്തിലും മകൻ ഡോ.രോഹിത്തിനൊപ്പം ദർശനം നടത്തി. തുടർന്നു മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലും ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലും ദർശനം നടത്തിയാണ് ക്യാംപ് ഓഫിസിലെത്തിയത്. രമേശിന്റെ പ്രതികരണമെടുക്കാൻ ചില മാധ്യമ പ്രതിനിധികൾക്ക് ഒൻപതര മണിക്കൂർ കാത്തുനിൽക്കേണ്ടിവന്നു. തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു പ്രതിപക്ഷ നേതാവ് എപ്പോൾ പ്രതികരിക്കുമെന്നു കൃത്യമായി വ്യക്തമാകാതിരുന്നവരാണ് ഇത്തരത്തിൽ കാത്തുനിന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com