ADVERTISEMENT

ആലപ്പുഴ ∙ ഗൗരിയമ്മയെ തരംതാഴ്ത്തിയ സിപിഎം നടപടിക്കെതിരെ പൊളിറ്റ് ബ്യൂറോയ്ക്ക് അപ്പീൽ നൽകാൻ അവർക്കു താൽപര്യമില്ലായിരുന്നെങ്കിലും അങ്ങനെയൊന്ന് പാർട്ടിയിലുള്ളവർതന്നെ തയാറാക്കിയിരുന്നു. അതു തിരുവനന്തപുരത്തുനിന്ന് ചാത്തനാട്ടെ ഗൗരിയമ്മയുടെ വീടു വരെയെത്തി. എന്നാൽ അവർ ഒരിക്കലും അതിൽ ഒപ്പുവച്ചില്ല, തിരിച്ചയച്ചതുമില്ല. മരണം വരെ അതു ഗൗരിയമ്മയുടെ രഹസ്യമായിരുന്നു. ഇന്നത്തെ 2 പ്രമുഖ നേതാക്കളാണ് ആ അപ്പീൽ തയാറാക്കിയതെന്ന് അന്നു സിപിഎമ്മിലുണ്ടായിരുന്ന മുൻ എംഎൽഎ കെ.കെ.ഷാജു പറയുന്നു. ഷാജുവാണ് ആ കവറുമായി ഗൗരിയമ്മയുടെ വീട്ടിലെത്തിയത്.

ഗൗരിയമ്മയും സിപിഎമ്മും തമ്മിൽ പോരാടുന്ന കാലത്തെ ആ ഓർമ ഷാജു ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയതിനെതിരെ പൊളിറ്റ് ബ്യൂറോയ്ക്ക് അപ്പീൽ നൽകണമെന്ന് അന്നത്തെ ചില കേന്ദ്ര നേതാക്കൾ ഫോണിലൂടെ ഗൗരിയമ്മയോട് അഭ്യർഥിച്ചിരുന്നെന്ന് ഷാജു പറയുന്നു. നേതാക്കൾ സ്നേഹപൂർവം അഭ്യർഥന ആവർത്തിച്ചപ്പോൾ ഗൗരിയമ്മ ഫോൺ എടുക്കാതായി.

അങ്ങനെയാണ് ഗൗരിയമ്മയ്ക്കായി തയാറാക്കിയ അപ്പീൽ‍ ആലപ്പുഴയിലേക്കു യാത്ര ചെയ്തത്. ആ പ്രമുഖ നേതാക്കൾക്കു ഗൗരിയമ്മയോട് ആഭിമുഖ്യമുണ്ടായിരുന്നു. അവർ ആലോചിച്ചു തയാറാക്കിയ അപ്പീൽ ജില്ലയിലെ ഒരു നേതാവ് വശം കൊടുത്തയച്ചു. ആലപ്പുഴ ബസ് സ്റ്റാൻഡിൽ നേതാവ് അത് ഷാജുവിനു കൈമാറി. ഷാജു ചാത്തനാട്ടെ വീട്ടിലെത്തുമ്പോൾ ഗൗരിയമ്മ കട്ടിലിനു താഴെ നിലത്തു കാൽ നീട്ടിയിരുന്ന് കുറേ കടലാസുകൾക്കിടയിൽ എന്തോ തിരയുകയാണ്.

ചാരിയ കതകു തുറന്നപ്പോൾ ഗൗരിയമ്മ ചോദ്യഭാവത്തിൽ ഷാജുവിനെ നോക്കി. ഷാജു കവർ നീട്ടി കാര്യം പറഞ്ഞു. തുറന്നു വായിച്ച ശേഷം ഒട്ടും താൽപര്യമില്ലാതെ ‘ഒരു അപ്പീൽ അപേക്ഷ’ എന്നു മാത്രം പറഞ്ഞ് മുന്നിലെ കടലാസ് കൂനയിലേക്ക് അപ്പീൽ അലസമായി എറിഞ്ഞു. ഷാജുവിനെ രൂക്ഷമായൊന്നു നോക്കി. പുറത്തിറങ്ങി വാതിൽ ചാരുമ്പോൾ തിരിഞ്ഞു നോക്കിയ ഷാജു കണ്ടത് ഗൗരിയമ്മ ആ കടലാസ് തിരികെയെടുത്ത് കവറിനുള്ളിൽ വയ്ക്കുന്നതാണ്. അപ്പീൽ തയാറാക്കിയവരോട് പിന്നീട് പിണങ്ങുകയും ഇണങ്ങുകയുമൊക്കെ ചെയ്തെങ്കിലും ആ അപ്പീലിനെപ്പറ്റി ഗൗരിയമ്മ ആരോടും പറഞ്ഞില്ല, ആരെയും കാണിച്ചില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com