ADVERTISEMENT

ഹരിപ്പാട് ∙ ‘പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വസതി’ എന്ന ബോർഡ് മറച്ചുവച്ച ഹരിപ്പാട്ടെ ഓഫിസിലേക്കു രാവിലെ പത്തോടെയാണ് രമേശ് ചെന്നിത്തല എംഎൽഎ എത്തിയത്. രാവിലെ എൻടിപിസി ഗെസ്റ്റ് ഹൗസിൽ പ്രഭാതഭക്ഷണം കഴിച്ച ശേഷം മണ്ഡലത്തിലെ മരണവീടുകളിലേക്കു പുറപ്പെട്ടു. അപ്പോഴാണ് ഹരിപ്പാട്ടെ ഓഫിസിൽ മാധ്യമ പ്രവർത്തകർ കാണാൻ എത്തി എന്നറിഞ്ഞത്. തിരിച്ച് ഹരിപ്പാട്ടെ ഓഫിസിൽ എത്തി. ഓഫിസിൽ കയറി അവിടെയുണ്ടായിരുന്നവരുമായി സംസാരിച്ച ശേഷം മാധ്യമ പ്രവർത്തകരുടെ മുന്നിലെത്തി. 

ജില്ലയുടെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള കോൺഗ്രസ് നേതാക്കൾ എത്തുന്നുണ്ടായിരുന്നു. എം.ലിജു, എ.എ.ഷുക്കൂർ, കെ.കെ.ഷാജു, കെ.ആർ.മുരളീധരൻ തുടങ്ങിയവർ പത്രസമ്മേളനം കഴിയുന്നതുവരെ കാത്തിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു സ്വതസിദ്ധമായ ശൈലിയിൽ മറുപടികൾ. ‘പൊതു പ്രവർത്തനം നടത്താൻ അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും ആവശ്യമില്ലല്ലൊ. ഞാൻ ഇപ്പോഴും ഹരിപ്പാട്ടെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നു. എനിക്കു സ്ഥാനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എന്നോടൊപ്പം നിന്നവരാണ് ഹരിപ്പാട്ടുകാർ. അവർക്കുവേണ്ടി ഇനി കൂടുതൽ സമയം പ്രവർത്തിക്കും’ – ഉറപ്പുനൽകിയാണ് രമേശ് ചെന്നിത്തല പത്രസമ്മേളനം അവസാനിപ്പിച്ചത്. 

പിന്നെ കാത്തുനിന്ന കോൺഗ്രസ്, യുഡിഎഫ് നിയോജക മണ്ഡലം നേതാക്കളുടെയും പ്രവർത്തകരുടെയും അടുത്തേക്ക്. ഇതിനിടെ, ഡൽഹിയിൽനിന്നു ഫോൺ വന്നു. മുറിക്കുള്ളിൽ കയറി സംസാരം. സംസ്ഥാന നേതാക്കളും ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. പ്രവർത്തകർക്കൊപ്പം കുറച്ചു സമയം ടിവിയിലെ വാർത്തകൾ ശ്രദ്ധിച്ചു. വീണ്ടും മണ്ഡലത്തിലെ മരണവീടുകളിലേക്കു പുറപ്പെട്ടു. വൈകിട്ട് തിരികെ ഹരിപ്പാട്ടെ ഓഫിസിലെത്തിയപ്പോഴും ജില്ലയിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും കാത്തുനിന്നിരുന്നു. എല്ലാവരെയും കണ്ട് സംസാരിച്ചു. പിന്നെ, തിരുവനന്തപുരത്തേക്കു യാത്രതിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com