ADVERTISEMENT

വിരൽത്തുമ്പിലാണു ലോകം എന്നു പറയാൻ തുടങ്ങിയിട്ടു വർഷങ്ങൾ ഏറെയായെങ്കിലും നമ്മുടെ നാട്ടിൽ കുട്ടികളുടെ വിരൽത്തുമ്പിൽ സ്മാർട്ഫോണും ഇന്റർനെറ്റും ‘നിർബന്ധമായിട്ട്’ ഏറെക്കാലമായിട്ടില്ല. ലോക്ഡൗണിൽ പഠനം വീട്ടിലൊതുക്കേണ്ടി വന്നപ്പോൾ എല്ലാ കുട്ടികളുടെയും കയ്യിൽ സ്മാർട്ഫോണെത്തി. ഇതുകൊണ്ടു ഗുണങ്ങളുണ്ടായി; സ്വാഭാവികമായും ദോഷങ്ങളും.ഗെയിം അഡിക്‌ഷൻ, സ്ക്രീൻ അഡിക്‌ഷൻ ഡിസോർഡറുകൾ വലിയ വെല്ലുവിളിയായി. കേരള പൊലീസിന്റെ ‘ചിരി’ പദ്ധതിയുടെ ഹെൽപ്‌ലൈനിലേക്ക് ഇത്തരം പ്രശ്നങ്ങളുമായി വിളിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു.

മക്കൾ രണ്ടുപേരും എംബിബിഎസ് വിദ്യാർഥികളാണ്. പഠനത്തിൽ മിടുക്കർ. എന്നാൽ, കുറച്ചുനാളായി ആകെ പ്രശ്നമാണ്. ഓൺലൈൻ ക്ലാസ് തുടങ്ങിയതിൽപിന്നെ രണ്ടു പേർക്കും വല്ലാത്ത ദേഷ്യം. ഏതുസമയവും ഫോണിൽത്തന്നെ. ക്ലാസില്ലെങ്കിൽ ഭക്ഷണം പോലും മറന്ന് ഗെയിം കളിക്കും. ആരെങ്കിലും വിളിച്ചാലോ നോക്കിയാലോ പോലും ദേഷ്യം വരും. ചിലപ്പോൾ ആക്രമിക്കാൻ പോലും തയാറാകും! ഇതു വിശദീകരിക്കുമ്പോൾ അധ്യാപികകൂടിയായ ആ അമ്മ കരയുകയായിരുന്നു. ഏറെ നാളത്തെ കൗൺസലിങ്ങിനു ശേഷമാണ് മക്കളിരുവരും സാധാരണ ജീവിതത്തിലേക്കു മടങ്ങിയത്.

ഗെയിം കളിച്ചു പണം പോയി, വീട്ടുകാർ അറിഞ്ഞാൽ വഴക്കു പറയും, എന്താണു ചെയ്യേണ്ടതെന്നറിയില്ല... എട്ടാം ക്ലാസുകാരന്റെ ഫോൺ കോളിന്റെ ചുരുക്കമിതായിരുന്നു. പേടിയോടെയാണ് ആ കുട്ടി സംസാരിച്ചത്. കൗൺസലർമാർ ഇടപെട്ടാണ് വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചത്.ഇത്തരത്തിൽ ഗെയിം അഡിക്‌ഷൻ മൂലം പണം നഷ്ടപ്പെട്ട, മാനസികപ്രശ്നങ്ങളുണ്ടായ, പഠനത്തിൽ പിന്നാക്കം പോയ ഒട്ടേറെ കുട്ടികളും അവരുടെ മാതാപിതാക്കളും നമുക്കു ചുറ്റുമുണ്ട്. ആദ്യം നേരമ്പോക്കിനാവും ഗെയിം; പിന്നെ പണംവച്ചു കളിക്കും. ഒടുവിൽ അഡിക്‌ഷനിലേക്ക്...

മക്കളുടെ ഓൺലൈൻ ക്ലാസിനു വേണ്ടി മാത്രമാണ് നമ്മുടെ നാട്ടിലെ ഒട്ടേറെ മാതാപിതാക്കൾ സ്മാർട്ഫോൺ വാങ്ങിയത്. മാതാപിതാക്കളിൽ പലർക്കും സ്മാർട്ഫോൺ ഉപയോഗിക്കാനുമറിയില്ല. ക്ലാസുണ്ടെന്നു കുട്ടി പറഞ്ഞുള്ള അറിവല്ലാതെ, ക്ലാസുകൾ നടക്കുന്നുണ്ടോ, കുട്ടികൾ അതിൽ പങ്കെടുക്കുന്നുണ്ടെന്നോ എന്നൊന്നും അവർക്കറിയില്ല. കുട്ടികൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾ ഏതൊക്കെയെന്നു ശ്രദ്ധിക്കാനും പലർക്കും കഴിയാറില്ല. ഇതു കുട്ടികളെ, പ്രത്യേകിച്ച് ആൺകുട്ടികളെ ഗെയിം അഡിക്‌ഷനിലേക്കു നയിച്ചു.

ചിരി മായാതിരിക്കാൻ

കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ജൂലൈയിലാണ് പൊലീസ് ‘ചിരി’ പദ്ധതിക്കു തുടക്കമിട്ടത്. 2021 മേയ് 3 വരെയുള്ള കണക്കുപ്രകാരം ആകെ 13,318 ഫോൺകോളുകളാണ് ചിരി സംസ്ഥാന ഹെൽപ്ഡെസ്കിലേക്ക് എത്തിയത്. മലപ്പുറത്തുനിന്നാണ് ഏറ്റവും കൂടുതൽ കോളുകൾ – 1513. കണ്ണൂർ (1373), തൃശൂർ (1277) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളത്തിനു പുറത്തുനിന്നു വിളിച്ചവർ – 107. ചിരി പദ്ധതിക്കായി സംസ്ഥാനത്താകെ 37 സൈക്കോളജിസ്റ്റുകളും 38 കൗൺസലർമാരും 23 സൈക്യാട്രിസ്റ്റുകളും 81 എൽഡർ മെന്റർമാരും 290 പിയർ മെന്റർമാരും പ്രവർത്തിക്കുന്നുണ്ട്.

പ്രധാന പ്രശ്നങ്ങൾ

∙ഗെയിമുകളിൽ പലതിലും എന്തിനെയെങ്കിലുമൊക്കെ നശിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങളായതിനാൽ കുട്ടികളിൽ അക്രമവാസനയുണ്ടാക്കും.
∙പഠനത്തിലുള്ള ശ്രദ്ധ കുറയും.
∙ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും (തലവേദന, കഴുത്തു വേദന, കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവ).
∙ചുറ്റുമുള്ളവരുമായുള്ള അടുപ്പം കുറയും.
∙ചുറ്റുപാടും നടന്ന് കണ്ടു മനസ്സിലാക്കേണ്ട പ്രായത്തിൽ അവനവനിലേക്കു ചുരുങ്ങുന്നത് മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കും.
∙വ്യക്തിശുചിത്വത്തെ ബാധിക്കും.
∙വിഷാദരോഗത്തിലേക്കു തള്ളിവിടും.

അറിയാം നേരിടാം

∙ഭക്ഷണം പോലും ഉപേക്ഷിച്ചു ഗെയിം കളിക്കാൻ തുടങ്ങുന്നുണ്ടെങ്കിൽ ഓർത്തോളൂ, ഗെയിം അഡിക്‌ഷനിലേക്കുള്ള ദൂരം കുറഞ്ഞിട്ടുണ്ട്.

മറ്റു പ്രധാന ലക്ഷണങ്ങൾ:

∙ഗെയിം കളിക്കാനുള്ള വ്യഗ്രത എപ്പോഴും കാണിക്കുക.
∙കളിക്കേണ്ട എന്നു തീരുമാനിച്ചാലും അതിനു സാധിക്കാത്ത ആവസ്ഥ.
∙ഗെയിം നിർത്താൻ മറ്റാരെങ്കിലും ആവശ്യപ്പെടുമ്പോൾ ദേഷ്യം തോന്നുക.
∙ മുൻപുണ്ടായിരുന്ന ഹോബികളിൽ പോലും മനംമടുപ്പ്.
∙മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ.
∙എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴോ കൂട്ടുകാരുമായി വഴക്കിടുമ്പോഴോ മാനസികസമ്മർദം കുറയ്ക്കാൻ ഗെയിം തിരഞ്ഞെടുക്കുക.

മാതാപിതാക്കളുടെയും അധ്യാപകരുടെയും റോൾ

∙മാതാപിതാക്കൾ കുട്ടികളുടെ ഫോൺ ഉപയോഗം നിരീക്ഷിക്കുക.
∙സേർച്ച്‌ ഹിസ്റ്ററി പരിശോധിക്കുക.
∙ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക.
∙അവരോടൊപ്പം കളിക്കാൻ സമയം കണ്ടെത്തുക.
∙ക്ലാസ് സമയം എപ്പോഴാണെന്നു കൃത്യമായി മനസ്സിലാക്കുക. അല്ലാത്ത സമയം ഫോൺ നൽകാതിരിക്കാൻ ശ്രദ്ധിക്കുക.
∙കുട്ടികൾ ഓൺലൈൻ ക്ലാസിൽ കയറുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ മാതാപിതാക്കളെ അറിയിക്കുക.

അഡിക്‌ഷൻ അകറ്റാൻ

∙ഗെയിം കളിക്കുന്നതിനു കൃത്യമായ സമയപരിധി നിശ്ചയിക്കുക.
∙എപ്പോൾ ഗെയിം കളിക്കണമെന്നു കൃത്യമായി തീരുമാനിക്കുക.
∙ആവശ്യമെങ്കിൽ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ സഹായം തേടുക.
∙മൊബൈൽ ഫോൺ ഉപയോഗം പരമാവധി കുറച്ച് മറ്റു പ്രവർത്തനങ്ങൾക്കു കൂടുതൽ സമയം കണ്ടെത്തുക.

നിസ്സാരമായി കാണരുത്

ഗെയിം അഡിക്‌ഷൻ അത്ര നിസ്സാരമല്ല. ഒരാളുടെ മാനസികനിലയുടെ താളംതെറ്റിക്കാൻ ഇതിനു കഴിയും. കുഞ്ഞുങ്ങളുടെ ചിന്തകളെപ്പോലും ഇതു സ്വാധീനിക്കും. ഇതു കുട്ടികളിൽ ദേഷ്യവും വാശിയും കൂട്ടും.
ചിരി ഹെൽപ്‌ലൈൻ നമ്പർ: 9497900200

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com