ADVERTISEMENT

കുട്ടനാട് ∙ ചെറിയ പാലങ്ങളുടെ നിർമാണം ആരംഭിച്ചതോടെ എസി റോഡിൽ കളർകോട് മുതൽ നെടുമുടി വരെ കാറുകൾ ഉൾപ്പെടെയുള്ളവയുടെ ഗതാഗതം തടഞ്ഞു. എസി റോഡിനോടു ചേർന്നു താമസിക്കുന്നവരുടെ ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയും ആംബുലൻസും മാത്രമാണ് ഇപ്പോൾ പാലങ്ങൾക്കു സമാന്തരമായി നിർമിച്ച പാതയിലൂടെ കടത്തിവിടുന്നത്. പൊളിച്ചു പണിയുന്ന കളർകോട് പക്കി പാലത്തിന്റെയും പൊങ്ങ പാലത്തിനു സമീപത്തെ കലുങ്കിന്റെയും പുനർനിർമാണം ഇന്നലെ ആരംഭിച്ചു.

പക്കി പാലത്തിനു സമാന്തരമായി തോടിനു കുറുകേ തെങ്ങിൻകുറ്റിയിൽ ഇരുമ്പു ഗർഡറും ഷീറ്റും പതിച്ച പാതയില‍ൂടെ ആദ്യ ദിവസം അനിയന്ത്രിതമായ തിരക്കുണ്ടായതോടെയാണ് ഇതുവഴിയുള്ള ഗതാഗതം കർശനമായി നിയന്ത്രിച്ചത്. ചങ്ങനാശേരിയിൽ നിന്നു കെഎസ്ആർടിസി പള്ളാത്തുരുത്തി എസ്എൻ കവലവരെ സർവീസ് നടത്തുന്നുണ്ട്. തദ്ദേശവാസികളുടെ ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും പരിശോധന കൂടാതെ കടത്തി വിടുന്നുണ്ട്.

വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുചക്ര വാഹനങ്ങളിൽ എത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെയുൾപ്പെടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചാണു സമാന്തരപാത കടത്തി വിടുന്നത്. ഗൂഗിൾമാപ്പിന്റെയും മറ്റും സഹായത്തോടെ ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴയിലേക്കു പോകുവാൻ വേണ്ടി എസി റോഡിൽ കയറുന്ന കാറുകൾ ഉൾപ്പെടെയുള്ളവയെ പൂപ്പള്ളി ജംക്‌ഷനിൽ തടഞ്ഞ് ചമ്പക്കുളം–വൈശ്യംഭാഗം റോഡിലൂടെ ദേശീയപാതയിലെ വണ്ടാനം എസ്എൻ കവലയിലേക്കു തിരിച്ചു വിടുന്നുണ്ട്.

പക്കി പാലത്തിന്റെ കിഴക്കേ കരയിലെ ആദ്യത്തെ തൂണിന്റെ പൈലിങ്ങിനായുള്ള ബോറിങ് ജോലികളാണ് ഇന്നലെ ആരംഭിച്ചത്. 8 ന് ആദ്യത്തെ തൂണിന്റെ കോൺക്രീറ്റ് ചെയ്യും. പാലത്തിന്റെ 4 തൂണുകളുടെയും നിർമാണ ജോലികൾ 13 നു പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. പൊങ്ങ പാലം പൊളിക്കൽ വീണ്ടും നീട്ടി. നാളെ പൊളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കൈനകരി ജംക്‌ഷനു സമീപം നിർമിക്കുന്ന കലുങ്ക് പൂർത്തിയായ ശേഷമേ പാലം പൊളിക്കാൻ തുടങ്ങൂ.

പാലത്തിനു സമാന്തരമായുള്ള പാതയുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. പൊങ്ങയ്ക്കും പണ്ടാരക്കുളത്തിനും ഇടയിലെ 2 കലുങ്കുകളുടെ നിർമാണവും ഇന്നലെ തുടങ്ങി. ഒരുവശത്തെ ഗതാഗതം പൂർണമായി നിയന്ത്രിച്ചാണ് കലുങ്ക് നിർമിക്കുന്നത്. ഒരുവശത്തെ ജോലികൾ പൂർത്തിയായി ഗതാഗത സൗകര്യമൊരുക്കിയ ശേഷം മറുഭാഗത്തു നിർമാണം തുടങ്ങും. കൈനകരിയിൽ നിർമിച്ചുകൊണ്ടിരുന്ന കലുങ്കിന്റെ ഒരുവശത്തെ നിർമാണം ഇന്നലെ പൂർത്തിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com