ADVERTISEMENT

മുഹമ്മ ∙ ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി പോർട്ട് മ്യൂസിയത്തിൽ സ്ഥാപിക്കാനുള്ള നാവിക സേനയുടെ ‍ഡീകമ്മിഷൻ ചെയ്ത പടക്കപ്പൽ (ഇൻഫാക് ടി –81) ഇന്ന്  രാവിലെ 7ന് തണ്ണീർമുക്കത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെടും. തണ്ണീർമുക്കം ബണ്ടിനുസമീപം വേമ്പനാട്ട് കായലിൽ സൂക്ഷിച്ചിരുന്ന കപ്പൽ കൊച്ചിയിൽനിന്ന് എത്തിച്ച കൃപ ക്രെയിൻസ് ആൻഡ് ട്രാൻസ്പോർട്ടിങ് കമ്പനിയുടെ ക്രെയിൻ ഉപയോഗിച്ചാണ് 106  ചക്രങ്ങളുള്ള മൾട്ടി ആക്സിൽ പുള്ളറിലേക്ക് നീക്കിയത്. 

alappuzha-navy-ship
ആലപ്പുഴ ഫോർട്ട് മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിനായി തണ്ണീർമുക്കത്ത് എത്തിച്ച നാവികസേനയുടെ ഡീകമ്മിഷൻ ചെയ്ത പടക്കപ്പൽ ക്രെയിൻ ഉപയോഗിച്ച് മൾട്ടി ആക്സിൽ പുള്ളർ വാഹനത്തിലേക്കു മാറ്റുന്നു.

കൊല്ലം ആസ്ഥാനമായുള്ള വൈറ്റ്‌ലൈൻ എന്റർപ്രൈസസിനാണ് ആലപ്പുഴയിൽ കപ്പൽ എത്തിക്കുന്നതിനുള്ള കരാർ. ഇന്ന് രാവിലെ കപ്പൽ വഹിച്ചുകൊണ്ടുള്ള വാഹനം പുറപ്പെടുന്നതിന് മുൻപ് ബണ്ടിന്റെ ഒന്നാം ഘട്ടം തീരുന്ന ഭാഗത്തുള്ള വൃക്ഷ ശിഖരങ്ങൾ മുറിച്ചുമാറ്റും. തണ്ണീർമുക്കം – ചേർത്തല റോഡിലെ ഗതാഗതവും താൽക്കാലികമായി നിർത്തിവയ്ക്കും. വൈദ്യുത ലൈനുകൾ, കേബിൾ തുടങ്ങിയവ അഴിച്ചു മാറ്റിയശേഷമാണ്  കപ്പൽ കൊണ്ടുപോകുന്നത്. റെയിൽവേ  ലവൽക്രോസിലെ  വൈദ്യുതി ലൈനുകളും ഇതോടൊപ്പം ക്രമപ്പെടുത്തും.

ചേർത്തലയിൽ നിന്ന് ദേശീയ പാതയിലൂടെ 3 ദിവസംകൊണ്ട് ആലപ്പുഴയിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ട്രാൻസ്പോർട്ടിങ് കൺസൽറ്റന്റ് എസ്.രാജേശ്വരി പറഞ്ഞു. പഴയ കടൽപാലത്തിനു സമീപം 10 ഏക്കർ സ്ഥലത്താണ് പോർട്ട് മ്യൂസിയം സ്ഥാപിക്കുന്നത്. മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിനടുത്ത്  കപ്പൽ സ്ഥാപിക്കും. ജനങ്ങൾക്ക് കാണുന്നതിനും ഫോട്ടോയെടുക്കുന്നതിനും സൗകര്യമേർപ്പെടുത്തുമെന്ന്  പദ്ധതിയുടെ മാനേജിങ് ഡയറക്ടർ പി.എ.നൗഷാദ് പറഞ്ഞു.

ഇതോടൊപ്പം 20 കോടി രൂപ ചെലവഴിച്ച് 300 മീറ്റർ നീളത്തിൽ പുതിയ കടൽപാലം നിർമിക്കാനും പദ്ധതിയുണ്ട്. ടിയു 142 എന്നപേരിൽ വലിയൊരു എയർക്രാഫ്റ്റ് ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാൻ ഇന്ത്യൻ നേവി സമ്മതിച്ചിട്ടുണ്ട്.  ആലപ്പുഴയിൽ ബോട്ടിങ്ങിനായി 6 ലക്ഷംപേർ പ്രതിവർഷം എത്തുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 3 ലക്ഷം പേരെങ്കിലും ഒരുദിവസം കൂടി ആലപ്പുഴയിൽ തങ്ങുന്ന വിധത്തിൽ  അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും നടപടി സ്വീകരിക്കും.

14 കിലോമീറ്റർ നീളം വരുന്ന 2 കനാലുകൾ നവീകരിക്കുന്നതോടൊപ്പം ഇരുവശങ്ങളിലും നടപ്പാത, സൈക്കിൾ ട്രാക്, ലൈറ്റിങ് തുടങ്ങിയവ ചെയ്ത് കൂടുതൽ ആകർഷകമാക്കും. പോർട്ട് മ്യൂസിയത്തിൽ ഇന്ത്യൻ നേവിക്ക് ഒരു പവിലിയൻ   നൽകിയിട്ടുണ്ട്. മിസൈലുകൾ ഉൾപ്പടെയുള്ളവ   ഇവിടെ പ്രദർശിപ്പിക്കും. ഡീകമ്മിഷൻ ചെയ്ത  വലിയ കപ്പൽ മ്യൂസിയത്തിനുവേണ്ടി ഏറ്റെടുക്കാൻ ആലോചനയുണ്ട്.  ആലപ്പുഴയുടെ ചരിത്രം ഉൾക്കൊള്ളുന്ന തരത്തിൽ നവീകരിച്ച കയർ മ്യൂസിയവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്  നൗഷാദ് പറഞ്ഞു.

English Sumery: Decommissioned Naval ship to be part of Alapuzha museum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com