നെഹ്റു ട്രോഫി ജലോത്സവം: തീയതിയിൽ തീരുമാനമായില്ല

Mail This Article
ആലപ്പുഴ ∙ നെഹ്റു ട്രോഫി ജലോത്സവം നടത്തുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും ജലോത്സവ നടത്തിപ്പിനായി കലക്ടർ നൽകിയ ശുപാർശയിൽ കോവിഡ് ഉന്നതതല സമിതി തീരുമാനമെടുത്തില്ല. ഡിസംബർ രണ്ടാം ശനിയാഴ്ചയോ തുടർന്നുള്ള ഞായറാഴ്ചയോ നെഹ്റു ട്രോഫി ജലോത്സവം നടക്കുമെന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നു കലക്ടർ എ.അലക്സാണ്ടർ അറിയിച്ചു.
നെഹ്റു ട്രോഫി ജലോത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ കഴിയുമെന്നു കാണിച്ച് ഒരാഴ്ച മുൻപാണ് കലക്ടർ സർക്കാരിനു ശുപാർശ നൽകിയത്. ചാംപ്യൻസ് ബോട്ട് ലീഗിലെ മറ്റു മത്സരങ്ങൾ നടത്താൻ കഴിയില്ലെങ്കിലും നെഹ്റു ട്രോഫി സംഘടിപ്പിക്കാൻ കഴിയുമെന്നു കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എങ്ങനെ ജലോത്സവം നടത്താമെന്നു കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ചു തീരുമാനമെടുക്കുന്ന വിദഗ്ധ സമിതി പരിശോധിച്ച് നിർദേശങ്ങൾ നൽകിയ ശേഷമേ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കൂ.
ടിക്കറ്റ് മുഖേനയാണ് ജലോത്സവം കാണുന്നതിന് സന്ദർശകർക്കു പ്രവേശനം അനുവദിക്കുന്നത്. എന്നാൽ, മുൻകാലങ്ങളിലേതു പോലെ തിക്കും തിരക്കും ഇത്തവണ അനുവദിക്കാൻ കഴിയില്ല. അതിനാൽ, ടിക്കറ്റുകളുടെ എണ്ണം നിയന്ത്രിക്കാനും സീറ്റുകൾ അകലമിട്ട് ക്രമീകരിക്കാനും ഉൾപ്പെടെയുള്ള തീരുമാനങ്ങളുണ്ടാകും. പ്രവേശനം കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കു മാത്രമായി ക്രമീകരിക്കാനും സാധ്യതയുണ്ട്