ADVERTISEMENT

പുതിയ എംഎൽഎമാർ ചുമതലയേറ്റിട്ട് 5 മാസമായി. അടിയന്തര പ്രാധാന്യമുള്ള നിർമാണങ്ങൾ, പരാതികൾ, ജനകീയ സങ്കടങ്ങൾ ഒക്കെഎല്ലാ മണ്ഡലങ്ങളിലുമുണ്ട്. അവയിൽ പ്രധാനപ്പെട്ടവഎംഎൽഎമാരെ വീണ്ടും ഓർമിപ്പിക്കുന്ന പംക്തി ‘എംഎൽഎ അറിയാൻ’.  ഇന്ന് അമ്പലപ്പുഴ മണ്ഡലത്തിനു പറയാനുള്ളത്. 

പേരിനൊരു തുറമുഖം

നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും സ്വപ്നമായ തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖം 2011 ഫെബ്രുവരി 28ന് ഉദ്ഘാടനം ചെയ്തെങ്കിലും ഒരു വർഷം പോലും പ്രയോജനം കിട്ടിയില്ല. പുലിമുട്ടിനുള്ളിൽ മണലടിഞ്ഞ് വള്ളങ്ങൾക്കും ബോട്ടുകൾക്കും തുറമുഖത്തേക്ക് കയറാനാകാത്ത സ്ഥിതിയായി. നങ്കൂരമിട്ട പല വള്ളങ്ങളും മണലിലുറച്ച് തകർന്നു. തോട്ടപ്പള്ളി നിവാസികളുടെ വള്ളങ്ങളും ബോട്ടുകളും അഴീക്കൽ തുറമുഖത്ത് നങ്കൂരമിട്ട് മീൻ ഇറക്കേണ്ട അവസ്ഥയാണ്. മറ്റു തുറമുഖങ്ങളിൽ നിന്നു മത്സ്യം കൊണ്ടു വന്നു ലേലഹാളിൽ വിൽക്കുന്നതു മാത്രമാണ് ഇപ്പോൾ നടക്കുന്നത്. തുറമുഖത്തേക്കുള്ള റോഡുകളും തകർന്നു. തുറമുഖത്തിനു വെളിയിൽ കടലിൽ നങ്കൂരമിടുന്ന വള്ളങ്ങൾ കടൽക്ഷോഭത്തിൽ തകരുന്നതു തൊഴിലാളികൾ‍ക്ക് വൻ ബാധ്യതയുണ്ടാക്കുകയും ചെയ്യുന്നു.

നീണ്ടുനീണ്ട് സ്പിൽവേ നവീകരണം

തോട്ടപ്പള്ളി സ്പിൽവേ

തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളും തകരാറിലാണ്. കുട്ടനാട് പാക്കേജിലും സ്പിൽവേയുടെ നവീകരണം നിർദേശിച്ചിരുന്നു.  കഴിഞ്ഞ പ്രളയത്തിനു ശേഷം ഷട്ടറുകൾ നവീകരിക്കണമെന്നു കേന്ദ്ര ജല കമ്മിഷനും നിർദേശിച്ചു. ഒന്നും നടപ്പായില്ല. എല്ലാ ഷട്ടറുകളുടെയും കോർണർ ആംഗിളുകൾ തകരാറിലാണ്. പകുതി ഷട്ടറുകളുടെ റോപ്പുകൾ ദ്രവിച്ചു. 3 മാസം മുൻപ് ഏഴാം നമ്പർ ഷട്ടർ ഇളകി വീണതോടെ മണൽചാക്ക് അടുക്കി പ്രതിരോധിച്ചിരിക്കുകയാണ്.

വൈദ്യുതി കേബിളുകൾ മോഷണം പോയിട്ട് പുതിയവ ഘടിപ്പിച്ചിട്ടില്ല. ക്രെയിനുകളുടെ സഹായത്തോടെയാണ് 15 ഷട്ടറുകൾ ഉയർത്തുന്നത്. ഇങ്ങനെ ഷട്ടർ ഉയർത്തുമ്പോൾ സ്പിൽവേ പാലത്തിലും ദേശീയപാതയിലും ഗതാഗതക്കുരുക്കുണ്ടാകുന്നു. ഷട്ടർ അ‌ടഞ്ഞു കിടന്നാലും വേലിയേറ്റ സമയത്ത് ഓരുജലം ഷട്ടറിനു മുകളിലൂടെ കനാലിലിറങ്ങി നെൽക്കൃഷിക്കും ദോഷമാണ്. ‌ ഷട്ടർ നവീകരിക്കാൻ 3 മാസം മുൻപ് കരാർ ക്ഷണിച്ചു. 3.4 കോടി രൂപയ്ക്ക് കരാറായി. എന്നാൽ, സർക്കാർ അനുമതി കിട്ടാത്തതിനാൽ ജോലി തുടങ്ങാനാകുന്നില്ല. സ്പിൽവേയുടെ പ്രയോജനം പൂർണമായി കിട്ടണമെങ്കിൽ ലീഡിങ് ചാനൽ, സ്പിൽവേ കനാൽ ആഴം കൂട്ടൽ ഫലപ്രദമായി നടക്കണം.

മാലിന്യമൊഴുകുന്ന കാപ്പിത്തോട്

കാപ്പിത്തോട്

40 വർഷത്തിലേറെയായി കാക്കാഴം കാപ്പിത്തോട്ടിലെ മലിനജലവും ദുർഗന്ധവും സഹിക്കുകയാണ് നാട്ടുകാരും സമീപത്തെ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും. ചെമ്മീൻ പീലിങ് ഷെഡിലെ മലിനജലവും തോടിന്റെ തീരത്തെ ചില വീടുകളിലെ ശുചിമുറി മാലിന്യവും മെഡിക്കൽ കോളജ് ആശുപത്രിയിലെ മലിനജലവും തോട്ടിലേക്കാണ് ഒഴുക്കുന്നത്.

മലിനീകരണ നിയന്ത്രണ ബോർഡ് പല പദ്ധതികളുമായി എത്തിയെങ്കിലും ഒന്നും നടന്നില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ ബജറ്റിൽ എല്ലാ വർഷവും തുക നീക്കി വയ്ക്കുന്നുണ്ട്. പക്ഷേ, പദ്ധതി നടപ്പാകുന്നില്ല. പ്രദേശത്തെ വീടുകളിലെ ഫാനിട്ടാൽ കാറ്റിനു പോലും ദുർഗന്ധമാണ്.സംസ്ഥാന ബജറ്റുകളിലും തോട് നവീകരണം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതും നടന്നില്ല. തോടിന്റെ ശുചീകരണത്തിനായി സന്നദ്ധ സംഘടനകളും നാട്ടുകാരും സമരം നടത്തി പ്രതിഷേധിച്ചതു മാത്രം മിച്ചം. മലിനജലം പാടശേഖരങ്ങളിലെത്തുന്നുമുണ്ട്.

പല പദ്ധതികൾ, ഒന്നും മുളച്ചില്ല

പുറക്കാ‌ട് പഞ്ചായത്തിലെ 426 ഏക്കർ മണയ്ക്കൽ പാടശേഖരം സർക്കാർ ഏറ്റെടുത്ത് ആദ്യം ഗാന്ധി സ്മൃതിവന പദ്ധതിക്ക് 1994 ൽ കല്ലിട്ടതാണ്. വികസനവും തൊഴിലും പ്രതീക്ഷിച്ച് പാടശേഖരം വിട്ടു കൊടുത്ത കർഷകർക്കു നിരാശയാണ് ഫലം. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഈ പാടശേഖരത്തിൽ വാ‌ട്ടർ തീം – ഐടി പാർക്കെന്ന പേരിൽ പദ്ധതിക്കു  തുടക്കമിട്ടു. 2009 ഫെബ്രുവരി 10നു മുഖ്യമന്ത്രി കല്ലിട്ടു. 100 ഏക്കറിലെ 33 ഏക്കർ പാടം നികത്തി ബണ്ട് നിർമിച്ചു. 3 കോടി രൂപ ചെലവഴിച്ചു. പരിസ്ഥിതി വകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിലെ വനം വകുപ്പ്  2012ൽ‌ മാതൃകാ കുട്ടനാടൻ ഗ്രാമം പദ്ധതിയുമായി വന്നു. ഇതിനായി 3 കോടി രൂപയും ബജറ്റിൽ വക കൊള്ളിച്ചു. വിവിധ വകുപ്പുകൾ പഠനം നടത്തിയതല്ലാതെ ഒന്നും നടന്നില്ല.

മെഡിക്കൽ കോളജ് ‘കിടപ്പിലാണ്’

മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യൽറ്റി സമുച്ചയം

2010ൽ ആലപ്പുഴയിൽ നിന്നു വണ്ടാനത്തേക്കു മാറ്റിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും വരാനുണ്ട്. വാഹനാപകട കേസുകൾ ഏറെയെത്തുന്ന ആശുപത്രിയിൽ ട്രോമ കെയർ സൗകര്യം കുറവാണ്. ട്രോമ കെയർ കെട്ടിടത്തിനു 2013ൽ കല്ലിട്ടെങ്കിലും ഇപ്പോഴും പണി തീർന്നിട്ടില്ല. അപകടത്തിൽ പെടുന്നവരെ എത്തിക്കുന്നതിനു പിന്നാലെ മറ്റ് ആശുപത്രികളിലേക്കു മാറ്റുന്നത് സാധാരണയാണ്. മാലിന്യ സംസ്കരണ പ്ലാന്റില്ല.

കന്റീൻ പൂട്ടിയിട്ട് 2 വർഷമാകുന്നു. ആശുപത്രി വികസന സമിതിയോഗം ചേർന്നിട്ടു 2 വർഷം കഴിയുന്നു. ശുചിമുറി സമുച്ചയം തുറക്കാത്തതും ദുരിതം വർധിപ്പിക്കുന്നു. അർബുദ രോഗികൾക്കു റേഡിയേഷൻ ചികിത്സയ്ക്കായി കൊബാൾട്ട് യന്ത്രത്തിന് ഓർഡ‍ർ നൽകി ഒരു വർഷം കഴിഞ്ഞു, ഇതുവരെ ലഭിച്ചിട്ടില്ല. 180 കോടി രൂപ ചെലവിൽ നിർമിക്കുന്ന സൂപ്പർ സ്പെഷ്യൽറ്റി സമുച്ചയം ഉദ്ഘാടനം ചെയ്തിട്ടില്ല. വാഹന പാർക്കിങ് സ്ഥലത്ത് മഴ പെയ്താൽ വെള്ളക്കെട്ടാണ്.

ചെങ്ങന്നൂർ മണ്ഡലത്തിലെ പ്രശ്നങ്ങളെക്കുറിച്ച് എംഎൽഎ പ്രതികരിക്കുന്നു

ഡയാലിസിസ്

ആശുപത്രി നിർമാണം പൂർത്തിയാകുന്നതു വരെ ചെങ്ങന്നൂരിൽ താൽക്കാലികമായി ഡയാലിസിസ് സൗകര്യം ഒരുക്കാൻ അരക്കോടി രൂപയിലേറെ ചെലവു വരും. ഈ സാഹചര്യത്തിൽ ചെങ്ങന്നൂരിലെ ഡയാലിസിസ് യന്ത്രങ്ങൾ മാവേലിക്കര ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ നിന്നുള്ള രോഗികൾക്കും ഇവിടെ സൗകര്യപ്രദമായ സമയം അനുവദിച്ചിട്ടുണ്ട്.

ശ്മശാനം

നിയോജക മണ്ഡലത്തിലെ ചെങ്ങന്നൂർ നഗരസഭയ്ക്കും എല്ലാ പഞ്ചായത്തുകൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ 2 കോടി രൂപ ചെലവിൽ പാണ്ടനാട്ടിൽ പൊതുശ്മശാനം നിർമിക്കാൻ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.

ബസ് സർവീസ്

2 ബസുകൾ അധികമായി ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ 10 സർവീസുകൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കെഎസ്ആർടിസി എംഡിക്ക് കത്തും നൽകി.

ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോ

മാർക്കറ്റിങ് കോംപ്ലക്സ് ഉൾപ്പെടെ നിർമിച്ചു കെഎസ്ആർടിസി ഡിപ്പോ നവീകരിക്കാനുള്ള പദ്ധതിയുടെ ആദ്യവട്ട ചർച്ച പൂർത്തിയായിട്ടുണ്ട്. പ്രൊജക്ട് സമർപ്പിക്കാൻ കൺസൽറ്റിങ് ഏജൻസിയായ വാസ്കോസിനെ ചുമതലപ്പെടുത്തി.

വെറ്ററിനറി പോളി ക്ലിനിക്കൂ

ടുതൽ തസ്തികകൾ സൃഷ്ടിക്കുകയും 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലേക്കു മാറ്റാനുള്ള നീക്കം നടത്തും. പ്രാരംഭ നടപടികളിലാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com