ADVERTISEMENT

ഓരോ ഫോൺ കോൾ വരുമ്പോഴും മിനിയുടെയും രാജുവിന്റെയും മനസ്സിൽ പ്രതീക്ഷയുടെ തിരി തെളിയും. അതു രാഹുലിന്റെ കോൾ ആയിരിക്കുമോ? അല്ലെങ്കിൽ അവനെ കണ്ടെത്തിയെന്നു പറയാൻ ആരെങ്കിലും വിളിക്കുന്നതാകുമോ? കഴിഞ്ഞ 16 വർഷമായിട്ടും ഈ അച്ഛനും അമ്മയും മകന്റെ ഓർമകൾക്കൊപ്പം ഉപേക്ഷിക്കാതെ കൊണ്ടുനടക്കുകയാണ് അവനു മനഃപ‍ാഠമായിരുന്ന അന്നത്തെ മൊബൈൽ നമ്പർ. ആ നമ്പറിലേക്ക് മകന്റെ ഒരു വിളി അവർ ഇന്നും പ്രതീക്ഷിക്കുന്നു.

രാഹുൽ എന്ന പേരുകേട്ടാൽ കേരളത്തിലെ എല്ലാ അമ്മമാരുടെയും ഹൃദയം നുറുങ്ങും. ഏഴാം വയസ്സിൽ, ഒരു അവധിക്കാലത്താണ് രാഹുൽ അമ്മയുടെ കണ്ണിനും രണ്ടു പറമ്പുകൾക്കപ്പുറത്തെ കളിയിടത്തിനും ഇടയിൽ എവിടേക്കെന്നറിയാതെ മാഞ്ഞുപോയത്. രാഹുൽ ഒപ്പമുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ഒക്ടോബർ 4ന് 24 വയസ്സു തികഞ്ഞേനെ. വീട് പുതുക്കിപ്പണിയുന്നതിനിടെ രാഹുലിന്റെ ചിത്രങ്ങളെല്ലാം കൂടി കവറിലാക്കി വച്ചിരുന്നു.

അമ്മയുടെ നോവറിയാത്ത എലികൾ കയറി ചില ചിത്രങ്ങൾ നശിപ്പിച്ചു. രാഹുലിനു രണ്ടര വയസ്സുള്ളപ്പോൾ എടുത്ത ഒരു ചിത്രം അക്കാലത്ത് അച്ഛൻ രാജു കുവൈത്തിൽ കൊണ്ടുപോയി ലാമിനേറ്റ് ചെയ്യിച്ചു കൊണ്ടുവന്നതാണ്. അതിലെ ചിരിക്കുന്ന മുഖത്തേക്കു നോക്ക‍ുമ്പോഴൊക്കെ മിനി ഓർക്കും– ‘എന്റെ മോൻ എവിടെയായാലും ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞാൽ മതി. ഈ മുഖം കണ്ടാൽ അവനെ ഉപദ്രവിക്കാൻ ആർക്കും തോന്നില്ല...!’

രാഹുൽ
രാഹുൽ

രാഹ‍ുൽ, നീ എവിടെയുണ്ട് ?

അച്ഛനമ്മമാരുടെ സ്ഥിതിയറിഞ്ഞു മാത്രമേ രാഹുൽ പെരുമാറുമായിരുന്നുള്ളൂ എന്ന് മിനി ഓർക്കുന്നു. ഇഷ്ടപ്പെട്ട കളിപ്പാട്ടം പോലും അമ്മയുടെ കയ്യിൽ കാശുണ്ടോയെന്നു നോക്കിയ ശേഷമേ ആവശ്യപ്പെടുകയുള്ളൂ. ഭക്ഷണമായിരുന്നു പ്രിയം. പൊറോട്ടയും ഇറച്ചിയും ഐസ്ക്രീമും കിട്ടിയാൽ സന്തോഷം. എന്തെങ്കിലും കുസൃതി കാട്ടി അടിക്കാൻ പിടിച്ചാൽ, ‘എന്റെ ഓഹരി തന്നേക്കൂ, ഞാൻ പൊയ്ക്കൊളാം’ എന്നു പറയുന്ന കുറുമ്പനായിരുന്നു രാഹുൽ. ഇനിയും മകനെ കണ്ടാൽ തിരിച്ചറ‍ിയുമോ എന്നു ചോദിച്ചാൽ ‘എന്റെ മോനെ എവിടെവച്ചു കണ്ടാലും മനസ്സിലാകുമെന്ന പ്രത‍ീക്ഷയുമായാണ് ഇപ്പോൾ ജീവിക്കുന്നത്..’ എന്നാണ് മിനിയുടെ മറുപടി.

രാഹുലിന്റെ അനുജത്തി

രാഹുലിനെ കാണാതായി 5 വർഷം കഴിഞ്ഞാണ് ശിവാനി ജനിച്ചത്. ഇപ്പോൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ശിവാനി. ചേട്ടനെക്കുറിച്ച‍ു കേട്ടറിവു മാത്രമേയുള്ളൂ അവൾക്ക്. എവിടെച്ചെല്ലുമ്പോഴും രാഹുലിന്റെ അനുജത്തിയാണെന്നറിയുമ്പോൾ ആളുകൾ സ്നേഹത്തോടെയാണു കാണുന്നതെന്ന് ശിവാനി പറയുന്നു. ക്ഷേത്രങ്ങളിൽ പോകുമ്പോൾ ‘എന്റെ അണ്ണൻ വരണേ..’ എന്നു പറഞ്ഞാണ് ശിവാനി പ്രാർഥിക്കാറുള്ളതെന്ന് മിനി.

ഫലം ക‍ാണാത്ത അന്വേഷണങ്ങൾ

2005 മേയ് 18ന് ആണ് രാഹ‍ുലിനെ കാണാതായത്. കാണാത‍ാകുമ്പോൾ അച്ഛൻ രാജു കുവൈത്തിലായിരുന്നു. അടുത്ത ദിവസമാണ് രാജു വിവരമറിഞ്ഞത്. നെടുമ്പാശേരിയിൽ എത്തിയ രാജു നേരെ പോയത് തൃശൂരിലെ ഒരു മഷിനോട്ടക്കാരന്റെ അടുക്കലേക്കാണ്. അയാൾ പറ‍ഞ്ഞതു പ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് കുട്ടിയെ അന്വേഷിക്കാൻ ബന്ധുക്കളെ അയച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയുടെ 3 സംഘങ്ങളും പല ഘട്ടങ്ങളിലായി കേസ് അന്വേഷിച്ചു. എന്നിട്ടും ഫലമില്ല. 3 വർഷം അന്വേഷണങ്ങൾക്കായി നാട്ടിൽ നിന്ന ശേഷമാണ് രാജു ജോലിക്കായി വിദേശത്തേക്കു മടങ്ങിയത്.

പിന്നീട് നാട്ടിലെ എല്ലാ കാര്യങ്ങൾക്കും ഓടിനടന്ന രാഹുല‍ിന്റെ മുത്തച്ഛൻ ശിവരാമപ്പണിക്കർ, പേരക്കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ 2019 ഫെബ്രുവരിയിൽ മരിച്ചു. ‘അന്നു വാട്സാപ്പും സന്ദേശങ്ങൾ അയയ്ക്കാനുള്ള സംവിധാനങ്ങളുമൊന്നും ഇല്ലായിരുന്നു. ഇന്നായിരുന്നെങ്കിൽ എന്തെങ്കിലും വിവരം ലഭിച്ചേനെ–’ രാജു പറയുന്നു. സംശയത്തിന്റെ പേരിൽ പൊലീസ് പലരെയും ചോദ്യം ചെയ്തു. പലയിടത്തും കുട്ടികളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുമ്പോൾ കുടുംബാംഗങ്ങളെ അവിടേക്കു വിളിപ്പിച്ച് പരിശോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com