ADVERTISEMENT

തിരുവനന്തപുരം∙ രാഷ്ട്രീയ കൊലപാതകങ്ങൾ പാർട്ടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെങ്കിൽ തടയുന്നതു പൊലീസിന് എളുപ്പമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആലപ്പുഴയിലെ എസ്‍ഡിപിഐ, ആർഎസ്എസ് കൊലപാതകങ്ങൾ തടയാൻ സാധിക്കാതെ പോയതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു കോടിയേരി. സംഭവം നടത്തണം എന്നു തീരുമാനിച്ചു ചെയ്തതാണ് എന്നതാണു രണ്ടിന്റെയും പ്രത്യേകത. അതല്ലാതെ സമീപകാലത്ത് അവിടെ സംഘർഷാവസ്ഥ ഉണ്ടായിട്ടില്ല.

അങ്ങനെയുണ്ടെങ്കിൽ അതു പൊലീസിന്റെ ശ്രദ്ധയിൽപെടുമായിരുന്നു. പൊലീസിന്റെ ഇന്റലിജൻസ് സംവിധാനത്തിനു വീഴ്ചയുണ്ടായിട്ടില്ല. രാഷ്ട്രീയമായി ആസൂത്രണം ചെയ്യുന്ന കൊലകൾ മുൻകൂട്ടി മനസ്സിലാക്കാൻ ഇന്റലിജൻസിനു മുൻപും പ്രയാസമുണ്ടായിട്ടുണ്ട്. പൊലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ട്, മുഴുവൻ പ്രതികളെയും പിടികൂടും. ശക്തമായ നടപടി സർക്കാർ സ്വീകരിക്കണം. ഗൂഢാലോചന നടത്തിയവരെയും പിടികൂടണം.

രക്ഷപ്പെടാനുള്ള വഴികൾ ആസൂത്രണം ചെയ്തിട്ടാണ് പ്രധാന പ്രതികൾ ഈ കൃത്യം ചെയ്തത്. അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയെ പിടികൂടാൻ ഒരു വർഷമെടുത്തു. എവിടെപ്പോയി ഒളിച്ചാലും അവരെ പിടികൂടും. സോഷ്യൽ മീഡിയയിൽ കൂടി പ്രചാരണം നടത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. കൊല നടത്തിയ ആർഎസ്എസും എസ്ഡിപിഐയും തന്നെയാണു പൊലീസിനെ കുറ്റം പറയുന്നത്. വിലാപ യാത്രയല്ല, ആഹ്ലാദ പ്രകടനമാകും നടത്തുക എന്നാണ് ഒരു എസ്ഡിപിഐ നേതാവ് പറഞ്ഞത്.

അഫ്ഗാനിസ്ഥാനിൽ ഭരണം താലിബാൻ പിടിച്ചതിനു ശേഷം നൽകിയ സന്ദേശത്തിനു സമാനമായ ഈ സമീപനം കേരളത്തിനു ഗുണകരമാണോ എന്ന് എല്ലാവരും ചിന്തിക്കണം. കേരളത്തിന്റെ സമുദായ മൈത്രി തകർക്കാനായി എസ്ഡിപിഐയും ആർഎസ്എസും ശ്രമിക്കുകയാണ്. കേരളത്തെ കലാപഭൂമിയാക്കരുത് എന്നാവശ്യപ്പെട്ട് ജനുവരി നാലിന് എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.

സിപിഎമ്മിലേക്ക് എസ്‍ഡിപിഐക്കാർ നുഴഞ്ഞു കയറി എന്നത് ആക്ഷേപം മാത്രമാണ്. ഈ പാർട്ടിയിൽ അതൊന്നും നടക്കില്ല. അമ്പലപ്പുഴ എംഎൽഎ എച്ച്. സലാമിനെ എസ്ഡിപിഐക്കാരനായി ചിത്രീകരിക്കാനുള്ള ബിജെപി ശ്രമത്തെ കോടിയേരി തള്ളി. വിദ്യാർഥി നേതാവായ കാലം മുതൽ സിപിഎമ്മുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സലാമിനെതിരെ ഇത്തരം അസംബന്ധം എഴുന്നള്ളിക്കരുത്. സിപിഎമ്മിനുള്ളിൽ മത ന്യൂനപക്ഷ വിഭാഗങ്ങൾ പാടില്ലെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രചാരണം നടത്തുന്നതെന്നു കോടിയേരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com