ADVERTISEMENT

ആലപ്പുഴ ∙ സ്നേഹം പങ്കുവച്ചവരോടെല്ലാം യാത്രപറയുമ്പോൾ രാമയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഗോരഖ്പുർ എക്സ്പ്രസ് ആലപ്പുഴ സ്റ്റേഷൻ വിടുന്നതിനു മുൻപ് രാമ തന്റെ മക്കളെയും ചേർത്തുപിടിച്ച് ഒരിക്കൽകൂടി എല്ലാവരോടും യാത്ര പറഞ്ഞു. കരുതലിനും സ്നേഹത്തിനും അതിരില്ലാത്ത അർഥം കാണിച്ചു കൊടുത്ത കൗൺസിലർ റഹ്‌യാനത്തും നഗരസഭാ മഹിളാ മന്ദിരം പ്രവർത്തകരും നിറകണ്ണുകളോടെ രാമയെയും മക്കളെയും യുപിയിലെ ജാർവ ഗ്രാമത്തിലേക്ക് യാത്രയാക്കി.

ഇന്നലെ രാവിലെ 9.15ന് ഗോരഖ്പുർ എക്സ്പ്രസ് ആലപ്പുഴ റെയിൽവേ പ്ലാറ്റ് ഫോമിൽ നിന്നു വിടുന്ന നേരത്തായിരുന്നു വികാര നിർഭരമായ രംഗങ്ങൾ. 2021 ഫെബ്രുവരി 11നാണ് വാടക്കനാലിലെ കടത്തിണ്ണയിൽ ഒരു സ്ത്രീയെയും 4 വയസ്സുള്ള ആൺകുഞ്ഞിനേയും 2 വയസ്സുള്ള പെൺകുഞ്ഞിനേയും വാർഡ് കൗൺസിലർ പി.റഹ്‌‌യാനത്ത് കണ്ടത്. ഇവരെ സ്വന്തം വീട്ടിലേക്കു കൂടെക്കൂട്ടി, കഴിക്കാൻ ആഹാരവും ധരിക്കാൻ പുതിയ വസ്ത്രങ്ങളും നൽകി. 

കോവിഡ് പരിശോധന നടത്തിയ ശേഷം ഇവരെ നഗരസഭയുടെ മഹിളാ മന്ദിരത്തിലാക്കി. എല്ലാ ആഴ്ചയും മുടങ്ങാതെ മധുര പലഹാരങ്ങളും വിശേഷ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രവും ഒക്കെയായി രാമയുടെയും മക്കളുടെയുമടുത്ത് റഹ്‌യാന എത്തിയിരുന്നു.  ഇതിനിടെ രാമ തന്റെ കഥ പറഞ്ഞു. യുപിയിലെ ജാർവ ഗ്രാമത്തിൽ കോഴി വളർത്തലും കൃഷിയും ചെയ്യുന്ന കിഷൻകുമാറാണ് ഭർത്താവ്. മൂത്ത മകളെ കാണാതായതും അമ്മയുടെ മരണവും രാമയുടെ മാനസികാരോഗ്യത്തെ ബാധിച്ചു, ഒരു ദിവസം രണ്ട് മക്കളുമായി നാടുവിട്ടു. വന്നുചേർന്നത് ആലപ്പുഴയിലായിരുന്നു. 

വിവരങ്ങളറിഞ്ഞ മഹിളാ മന്ദിരം അധികൃതർ പൊലീസിന്റെ സഹായത്തോടെ നാട്ടിലെ വീട് കണ്ടെത്തി. കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ കിഷൻകുമാറിനെയും സുഹൃത്തിനെയും റഹ്‌യാനത്ത് തന്റെ വാർഡിലെ ഒരു റിസോർട്ടിൽ താമസിപ്പിച്ചു. അഞ്ച് പേർക്കും തിരികെ പോകാനുള്ള ട്രെയിൻ ടിക്കറ്റും ഏർപ്പാടാക്കി. ‘ദീദി ഞാൻ നാട്ടിൽ ചെന്നിട്ട് വിളിക്കാം’ ഒരു വർഷം കൊണ്ട് പഠിച്ചെടുത്ത മലയാളത്തിൽ യാത്രപറഞ്ഞ് രാമ റഹ്‌യാനത്തിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. റഹ്‌‌യാനത്തും കരഞ്ഞു. രാമയെയും കുടുംബത്തെയും യാത്രയാക്കാൻ നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ഷാനവാസ്, കൗൺസിലർമാരായ നസീർ പുന്നയ്ക്കൽ, ബി.നസീർ, ഹെലൻ ഫെർണാണ്ടസ്, മഹിളാ മന്ദിരം സൂപ്രണ്ട് ശ്രീദേവി, ജീവനക്കാർ എന്നിവരുമെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com