ചേർത്തല ∙ നിരോധിത പുകയില ഉൽപന്നം കടത്തിയ ലോറിയിൽ നിന്നു പൊലീസ് പിടിച്ചെടുത്ത 12600 കിലോ ഉരുളക്കിഴങ്ങ് ചീഞ്ഞുതുടങ്ങി. കുഴിച്ചുമൂടാൻ ഫണ്ടില്ലെന്ന് സിവിൽ സപ്ലൈസ് അധികൃതർ. ഇതുസംബന്ധിച്ച് കലക്ടർക്ക് കത്ത് നൽകിയതായാണ് വിവരം. പഴകിയതോടെ ഭക്ഷ്യയോഗ്യമല്ലാതായ കിഴങ്ങ് പൊലീസിനും തലവേദനയാവുകയാണ്. സ്റ്റേഷന് മുന്നിൽ കൂട്ടിയിട്ടിരിക്കുകയാണ് കിഴങ്ങ് . കഴിഞ്ഞ 6നാണ് ദേശീയപാതയിൽ ലോറിയിൽ ഉരുളക്കിഴങ്ങ് ചാക്കുകൾക്കിടയിൽ 100 ചാക്കുകളിലായി കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തത്.
നാലു ലക്ഷത്തോളം രൂപയുടെ കിഴങ്ങ് കലക്ടറുടെ നിർദേശത്തെ തുടർന്നാണ് സിവിൽ സപ്ലൈസ് അധികൃതർ പരിശോധിക്കുകയും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തത്. ഇതേ തുടർന്നാണ് കുഴിച്ചു മൂടാൻ നിർദേശം നൽകിയതെങ്കിലും മണ്ണുമാന്തിക്കും തൊഴിലാളികൾക്കുള്ള കൂലിയിനത്തിലും നൽകാൻ ഫണ്ടില്ലെന്നാണ് സിവിൽ സപ്ലൈസിന്റെ നിലപാട്. ഇത് നശിപ്പിക്കാനുള്ള ചുമതല റവന്യു വകുപ്പിനെയോ ക്ലീൻ കേരള മിഷനെയോ ഏൽപിക്കണമെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറയുന്നത്.