ADVERTISEMENT

ആലപ്പുഴ ∙ കടലിലും വരൾച്ചയാണ്. കടൽവെള്ളത്തിനു ചൂട് കൂടുന്നു. തീരക്കടലിൽ മത്സ്യസമ്പത്ത് കുറയുന്നു. വള്ളങ്ങൾ മിക്കതും കരയിലിരിക്കുന്നു. മത്സ്യത്തൊഴിലാളികൾ വീണ്ടും പ്രതിസന്ധിയിലായി. വലയിൽ കോരുന്നത് വിറ്റാൽ ഇന്ധനച്ചെലവിനു പോലും കാശു കിട്ടുന്നില്ല. കടലിൽ പോകുന്നവർ മാത്രമല്ല വലയുന്നത്. അനുബന്ധ തൊഴിലുകൾ ചെയ്യുന്നവർക്കും ഇതു വറുതിക്കാലമാണ്.

പത്തിലൊന്ന് വള്ളങ്ങൾ മാത്രം

മത്സ്യലഭ്യത കുറഞ്ഞതിനെ തുടർന്ന് മീൻപിടിക്കാൻ പോകാതെ വള്ളം അന്ധകാരനഴിയിൽ അടുപ്പിച്ചിട്ടിരിക്കുന്നു.

കായംകുളം അഴിമുഖം വഴി കടലിൽ പോകുന്ന ആലപ്പുഴ, കൊല്ലം ജില്ലകളിലെ വള്ളങ്ങളുടെ എണ്ണം പത്തിലൊന്നായി കുറഞ്ഞു. കായംകുളം കായലിൽ വലിയഴീക്കൽ മുതൽ തൃക്കുന്നപ്പുഴ വരെ പലയിടത്തായി വള്ളങ്ങളെല്ലാം കെട്ടിയിരിക്കുകയാണ്. ഒരു മാസമായി വള്ളങ്ങൾക്കും ബോട്ടുകൾക്കും കാര്യമായൊന്നും കിട്ടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.  കടലിൽ പോകുന്ന ചുരുക്കം വള്ളങ്ങളിൽ കിട്ടുന്നത് കരിച്ചാളയും പൊടിമീനും മറ്റുമാണ്. അതിനു കാര്യമായ വിലയില്ല.

പൊന്തുവള്ളക്കാരും ദുരിതത്തിലാണ്. അർത്തുങ്കൽ‍, ചെത്തി, മാരാരിക്കുളം, പൊള്ളേത്തൈ, ഓമനപ്പുഴ, പൂങ്കാവ് മേഖലയിലെ മൽസ്യത്തൊഴിലാളികളിൽ പലരും കടലിൽ പോകുന്നില്ല.അന്ധകാരനഴി, ചെല്ലാനം മിനി ഫിഷിങ് ഹാർബർ എന്നിവിടങ്ങളിൽ നിന്ന് ഏതാനും വള്ളങ്ങൾ മാത്രമേ പോകുന്നുള്ളൂ. ബാക്കിയുള്ളവ തീരത്ത് കയറ്റി. ഒരു മാസത്തിലേറെയായി ഈ പ്രതിസന്ധി തുടങ്ങിയിട്ട്. കടലിൽ പോയാലും കിട്ടുന്നത് കുറച്ച് വട്ടച്ചാള മാത്രം. കടലിൽ പോകുന്ന വള്ളങ്ങളും വേഗം തിരിച്ചു പോരുകയാണ്. മീൻ കിട്ടുന്നില്ല, ഇന്ധനച്ചെലവ് കൂടുകയും ചെയ്യുന്നു.

ചൂട് കൂടുന്നു

എല്ലാ വർഷവും ചൂടു കൂടുമ്പോൾ മത്സ്യലഭ്യത കുറയാറുണ്ട്. എന്നാൽ, ഓരോ വർഷവും ചൂടും മത്സ്യക്ഷാമവും കൂടുകയാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ അനുഭവം. പലയിടത്തും കുറച്ചെങ്കിലും കിട്ടുന്നത് മത്തിയാണ്.  രാത്രിയിലെ മീൻപിടിത്തവും പ്രതിസന്ധിയുണ്ടാക്കുന്നെന്ന് മത്സ്യത്തൊഴിലാളികൾ. രാത്രി മീൻപിടിത്തത്തിനു നിരോധനമുണ്ടെങ്കിലും ചിലർ ലംഘിക്കുന്നു. രാത്രി  മീനുകൾ തീരക്കടലിലേക്കു നീങ്ങും. അപ്പോൾ വള്ളമിറക്കിയാൽ അവ ആഴക്കടലിലേക്കു പോകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

കരയിൽ പണി തേടുന്നവർ

കടൽ പ്രതീക്ഷ തകർക്കാൻ തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ പലരും മറ്റു ജോലികൾക്കു പോകുകയാണ്. സ്ത്രീകൾ തൊഴിലുറപ്പു ജോലിക്കു പോകുന്നതിനാലാണ് പല കുടുംബങ്ങളും കഴിഞ്ഞുകൂടുന്നത്.അമ്പലപ്പുഴ കാക്കാഴം വെള്ളംതെങ്ങിൽ സിബിലാൽ വള്ളം വിറ്റ് ചുമട്ടു ജോലിക്കു പോകുകയാണ് . വള്ളത്തിൽ 2 തൊഴിലാളികൾ കൂടി ഉണ്ടായിരുന്നു. കടം പെരുകിയപ്പോഴാണ് വള്ളം വിറ്റത്. നേരത്തെ സുഹൃത്തിന്റെ വള്ളത്തിലെ പണിക്കു പോയിരുന്നു. അതും ഇല്ലാതായപ്പോഴാണ് ചുമട്ടുജോലി തുടങ്ങിയത്. സ്വന്തം വീടില്ല. ബന്ധുവീട്ടിലാണ് താമസം.

തീരക്കടലിൽ രാത്രി  മത്സ്യബന്ധനം പൂർണമായും ഇല്ലാതാക്കണം. രാത്രി കടലിൽ പോകുന്ന യാനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. ഫിഷറീസ് അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്. പി.വി.വിൽസൺ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com