ADVERTISEMENT

കുട്ടനാട് ∙ എസി റോഡിൽ പാലം പണികൾക്കൊപ്പം, റോഡ് നിർമാണം കൂടി ആരംഭിക്കുമ്പോൾ ഗതാഗതം ഒരു വശത്തുകൂടി മാത്രം ക്രമീകരിക്കും. വലിയ വാഹനങ്ങൾക്കു പൂർണ നിയന്ത്രണം ഏർപ്പെടുത്താനാണു സാധ്യത. റോഡ് നിർമാണത്തിന്റെ ഭാഗമായി ഇന്നു പൂവം ഭാഗത്തു ടെസ്റ്റ് പൈലിങ് ആരംഭിക്കും.

ഒരു മീറ്റർ ഇടവിട്ട് 6 മീറ്റർ നീളത്തിലുള്ള തെങ്ങിൻകുറ്റികളാണ് പൈലിങ്ങിന് ഉപയോഗിക്കുന്നത്. ആദ്യം ഓടയുടെ ഭാഗത്താകും പൈലിങ് നടത്തുക. ടെസ്റ്റ് പൈലിങ് നടത്തുമ്പോൾ ഗതാഗത പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച് വിവരം കെഎസ്ടിപിക്കു കൈമാറും. തുടർന്നു കെഎസ്ടിപി ബന്ധപ്പെട്ട അധികൃതരുമായി ചർച്ച ചെയ്താകും, ഗതാഗതനിയന്ത്രണം സംബന്ധിച്ചു തീരുമാനമെടുക്കുക.

പാലങ്ങളുടെ നിർമാണ പുരോഗതി

എസി റോഡിൽ നിലവിൽ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾക്കു സമാന്തരമായുള്ള പാലത്തിന്റെയും മങ്കൊമ്പ് ബ്ലോക്ക് – ഒന്നാംകര ഭാഗത്തും മങ്കൊമ്പ് തെക്കേക്കര ഭാഗത്തും ജ്യോതി ജംക്‌ഷൻ – പാറശേരി ഭാഗത്തുമുള്ള മേൽപാലങ്ങളുടെയും മങ്കൊമ്പ്, പണ്ടാരക്കുളം പാലങ്ങളുടെയും ജോലികളാണു പുരോഗമിക്കുന്നത്.

 കിടങ്ങറപ്പാലം: സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ 76 തൂണുകളുടെയും പൈലിങ് പൂർത്തിയായി. ഗർഡർ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. സമീപനപാതയുടെ നിർമാണം ആദ്യം പൂർത്തിയാക്കി ഗതാഗതം കടത്തിവിട്ട ശേഷം, നിലവിലെ പാലത്തിന്റെ സമീപനപാതയുടെ പൈലിങ് ആരംഭിക്കും.

നെടുമുടിപ്പാലം: സമാന്തര പാലത്തിന്റെ പൈലിങ് അവസാന ഘട്ടത്തിലേക്ക്. 5 തൂണുകളുടെ നിർമാണം കൂടി പൂർത്തിയാകാനുണ്ട്. നിലവിൽ 71 തൂണുകളുടെ നിർമാണം പൂർത്തിയായി. പാലത്തിന്റെ പടിഞ്ഞാറെ കരയിൽ 2 ഗർഡറുകളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. സമാന്തര പാതയുടെ നിർമാണമാണ് ആദ്യം പൂർത്തിയാക്കുക.

 പള്ളാത്തുരുത്തിപ്പാലം: സമാന്തര പാലത്തിനായി 12 തൂണുകളുടെ നിർമാണമാണു പൂർത്തിയായിരിക്കുന്നത്. ജലാശയത്തിൽ നിർമിക്കേണ്ട 24 തൂണുകളിൽ 2 എണ്ണത്തിന്റെയും കരയിൽ നിർമിക്കേണ്ട 52 തൂണുകളിൽ 10 എണ്ണത്തിന്റെയും നിർമാണം പൂർത്തിയായി.

മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷനും ഒന്നാംകരയ്ക്കും ഇടയിലെ മേൽപാലത്തിന്റെ ആദ്യ തൂണിന്റെ കോൺക്രീറ്റിങ് ഇന്നലെ പൂർത്തിയായി.

 മങ്കൊമ്പ് തെക്കേക്കര, പാറശേരി–ജ്യോതി ജംക്‌ഷൻ എന്നിവിടങ്ങളിലെ മേൽപാലങ്ങളുടെ പൈലിങ് പൂർത്തിയായി. നിലവിൽ 2 മേൽപാലങ്ങളുടെയും ഗർഡർ നിർമാണം പുരോഗമിക്കുന്നു.

 മങ്കൊമ്പ് പാലം:  4 തൂണുകളുടെയും നിർമാണം പൂർത്തിയായി. പൈലിങ് ക്യാപ് പിടിപ്പിക്കുന്നതിന്റെ പ്രാരംഭ ജോലികളാണു നടക്കുന്നത്. പാലം പൊളിച്ചു നീക്കിയാലേ, പൈലിങ് ക്യാപ് പിടിപ്പിക്കാൻ സാധിക്കൂ. നിർമാണം നടക്കുന്ന പണ്ടാരക്കുളം പാലത്തിന്റെ 17 ഗർഡറുകൾ നിർമാണ സ്ഥലത്ത് എത്തിച്ച ശേഷമേ, പാലം പൊളിക്കൂ. 4 ഗർഡറുകൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

 പണ്ടാരക്കുളം പാലം: 8 തൂണുകളിൽ 4 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. നിലവിലെ പാലത്തിലൂടെ ഗതാഗതം പൂർണമായി തടഞ്ഞിരിക്കുകയാണ്. സമാന്തരമായി നിർമിച്ച താൽക്കാലിക പാലത്തിലൂടെയാണു ചെറുവാഹനങ്ങൾ കടത്തിവിടുന്നത്.

കോസ്‌വേ നിർമാണം: മാമ്പുഴക്കരിയിൽ പൈപ്പ് പൊട്ടി

കുട്ടനാട് ∙ കോസ്‌വേ നിർമാണം പുരോഗമിക്കുന്ന മാമ്പുഴക്കരിയിൽ പൈലിങ്ങിനിടെ ജലവിതരണ പൈപ്‌ലൈൻ തകർന്നു. റോഡിൽനിന്നു നീക്കം ചെയ്യേണ്ട 400 എംഎം ജിഐ പൈപ്പിലാണു തകരാർ സംഭവിച്ചത്. പൈപ്പ് പൊട്ടിയതോടെ രാമങ്കരി, മുട്ടാർ പഞ്ചായത്തുകളിലെ ഏതാനും വാർഡുകളിൽ ജലവിതരണം മുടങ്ങി. നിർമാണം കുറച്ചുസമയം നിർത്തി വയ്ക്കേണ്ടി വന്നെങ്കിലും അധികം വൈകാതെ പുനരാരംഭിച്ചു. പുതിയ പൈപ്‌ലൈൻ സ്ഥാപിക്കാനുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്. 4 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ.

4  ദിവസം വെള്ളം മുടങ്ങും 

പൈപ്‌ലൈനിൽ തകരാർ സംഭവിച്ചതിനാൽ രാമങ്കരി പഞ്ചായത്ത് 6, 7, 8 വാർഡുകളിലും മുട്ടാർ പഞ്ചായത്തിലെ പുതുക്കരി, ഊരുക്കരി തുടങ്ങിയ പ്രദേശങ്ങളിലും 4 ദിവസത്തേക്കു ജലവിതരണം ഉണ്ടാകില്ലെന്ന് ജല അതോറിറ്റി കിടങ്ങറ സെക്‌ഷൻ അസി.എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com