ADVERTISEMENT

ആലപ്പുഴ∙ 10 ഏക്കർ നെൽപാടത്തെ ഒറ്റയ്ക്ക് പൊന്നണിയിക്കുന്ന കർഷകൻ കുട്ടനാട്ടിൽ വേറിട്ട മാതൃകയാകുന്നു. മങ്കൊമ്പ് രണ്ടരയിൽ സെബാസ്റ്റ്യൻ ദേവസ്യയാണ് മറ്റാരുടെയും സഹായമില്ലാതെ തന്റെ കൃഷിഭൂമിയിൽ നൂറു മേനി വിളയിക്കുന്നത്. മുൻപ് സഹായത്തിനായി ആളെ നിർത്തിയിരുന്നെങ്കിലും പിന്നീട് ആരും കൃഷിയിലേക്ക് വരാതായതോടെയാണ് സെബാസ്റ്റ്യൻ മുഴുവൻ ചുമതലയും ഏറ്റെടുത്തത്.  തന്റെ 10 ഏക്കർ പാടം ഒരുക്കുന്നതും വിതയ്ക്കുന്നതും കൊയ്യുന്നതും മെതിക്കുന്നതുമെല്ലാം സെബാസ്റ്റ്യൻ ഒറ്റയ്ക്കാണ്.

നെല്ലു പുഴുങ്ങിക്കുത്തലായിരുന്നു സെബാസ്റ്റ്യന്റെ മാതാപിതാക്കളുടെ തൊഴിൽ. പഠനശേഷം ഗൾഫിൽ മെക്കാനിക് ആയിരുന്ന സെബാസ്റ്റ്യൻ കൃഷിയോടുള്ള താൽപര്യം കാരണം ജോലി ഉപേക്ഷിച്ച് 2011ലാണ് നാട്ടിലെത്തിയത്. സമ്പാദ്യം ഉപയോഗിച്ചു വീട് പണിയണമെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശം മറികടന്ന് കയ്യിലുള്ളത് മുഴുവൻ മുടക്കിയാണ് 10 ഏക്കർ നെൽപാടം വാങ്ങിയത്.  250 ക്വിന്റലിനു മുകളിൽ വിളവ് കിട്ടുന്നുണ്ട്.

വെളുപ്പിന് 4 മണിയോടെയാണ് സെബാസ്റ്റ്യന്റെ ഒരു ദിനം തുടങ്ങുന്നത്. ആദ്യം തന്നെ തൊഴുത്തു കഴുകി പശുവിനെ കുളിപ്പിച്ചു കറന്ന് പാലു സൊസൈറ്റിയിൽ കൊടുക്കും. 6 മണിയോടെ പാടത്തേക്കു പോകും. ഉച്ചയ്ക്ക് തിരിച്ചു വന്ന്  ഒന്നര മണിക്കൂർ വിശ്രമിച്ച ശേഷം വീണ്ടും പാടത്തേക്ക്. 7 മണിയോടെ തിരിച്ചു വീട്ടിലെത്തുമ്പോൾ പശുവിനുള്ള പുല്ലും വളമാക്കാനുള്ള പോളയുമെല്ലാം സെബാസ്റ്റ്യന്റെ വള്ളത്തിൽ ഉണ്ടാകും. ആറിലടിയുന്ന പോള വാരാനായി സ്വന്തമായി ഒരു ഉപകരണവും സെബാസ്റ്റ്യൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. 

പോള വാരി ഉണക്കി ചാണകവും ചകിരിയും ചേർത്ത് സംസ്കരിച്ചെടുത്താണ് വളം തയാറാക്കുന്നത്. നെൽക്കൃഷി കൂടാതെ ചെറിയതോതിൽ ചേമ്പ്, കാച്ചിൽ, മുരിങ്ങ  കൃഷിയും സെബാസ്റ്റ്യന്റെ കൃഷിഭൂമിയിൽ ഉണ്ട്. തെങ്ങുകയറുന്നതും തടമെടുക്കുന്നതുമെല്ലാം സെബാസ്റ്റ്യൻ ഒറ്റയ്ക്കുതന്നെ. അമ്മ അന്നമ്മയും ഭാര്യ ജോഫിയും മകൾ അന്നയുമെല്ലാം സെബാസ്റ്റ്യന് കൈസഹായവുമായി കൂടെയുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com