ADVERTISEMENT

ആലപ്പുഴ ∙ സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന് ആലപ്പുഴ ബീച്ചിൽ ഇന്നു തുടക്കം. ആഘോഷ പരിപാടികളുടെയും ‘എന്റെ കേരളം’ പ്രദർശന- വിപണന മേളയുടെയും ഉദ്ഘാടനം വൈകുന്നേരം 4ന് മന്ത്രി പി.പ്രസാദ് ഓൺലൈനിൽ നിർവഹിക്കും. 16ന് മേള സമാപിക്കും. കഴിഞ്ഞ ഒരു വർഷക്കാലം സർക്കാർ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ആവിഷ്‌ക്കാരം, ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉൽപന്ന പ്രദർശനവും വിൽപനയും, വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങൾ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി ക്രമീകരിച്ചു.

ഇന്നു മുതൽ എല്ലാ ദിവസവും വൈകുന്നേരം 7ന് വിവിധ കലാപരിപാടികൾ അരങ്ങേറും. നാളെ മുതൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും നേതൃത്വത്തിൽ സെമിനാറുകൾ നടക്കും. പ്രവേശനം സൗജന്യമാണ്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന്റെ‍ (നിപ്മർ) റീഹാബ് എക്സ്പ്രസ് സേവനങ്ങളുടെ ഉദ്ഘാടനവും നടക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

170 പ്രദർശന സ്റ്റാളുകൾ

സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ആലപ്പുഴ ബീച്ചിൽ പൂർണമായി ശീതീകരിച്ച പന്തലിൽ 170 പ്രദർശന സ്റ്റാളുകൾ തയാറായി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഏകോപനത്തിൽ കിഫ്ബിയുടെ പങ്കാളിത്തത്തോടെ ജില്ലാ ഭരണകൂടവും സർക്കാരിന്റെ വിവിധ വകുപ്പുകൾ, മിഷനുകൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവയും ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്. സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും തീം സ്റ്റാളുകൾ, തത്സമയ സേവനം നൽകുന്ന സ്റ്റാളുകൾ, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിൽപന സ്റ്റാളുകൾ, കുടുംബശ്രീ ഏകോപിപ്പിക്കുന്ന ഭക്ഷണശാല, സമ്മേളനങ്ങൾക്കും സെമിനാറുകൾക്കും കലാപരിപാടികൾക്കുമുള്ള വേദി എന്നിങ്ങനെ പ്രദർശന മേഖല വേർതിരിച്ചിട്ടുണ്ട്.

ടൂറിസം വകുപ്പിന്റെ ‘കേരളത്തെ അറിയാം’, ഇൻഫർമേഷൻ ‍- പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എന്റെ കേരളം പവലിയൻ, കിഫ്ബിയുടെ പ്രത്യേക പ്രദർശന മേഖല, ഐടി മിഷന്റെ ടെക്‌നോ ഡെമോ ഏരിയ, കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെയും കെഎസ്ഇബിയുടെയും ഔട്ഡോർ ഡിസ്‌പ്ലെയും ഒരുക്കിയിട്ടുണ്ട്. തീം വിഭാഗത്തിലും വിൽപന വിഭാഗത്തിലും മികച്ച 3 സ്റ്റാളുകൾക്ക് 16ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com