ADVERTISEMENT

ആലപ്പുഴ ∙ വേനലവധി അവസാനിക്കാറായതോടെ പാഠപുസ്തക വിതരണം സജീവമായി. ജില്ലയിൽ ഏഴാം ക്ലാസ് ഒഴികെ 1 മുതൽ 10 വരെ ക്ലാസുകളിലെ ഒന്നാംഭാഗം പാഠപുസ്തകങ്ങളുടെ വിതരണം 50% പൂർത്തിയായി. ഏഴാംക്ലാസിലെ 4 പുസ്തകങ്ങൾ അച്ചടിച്ചു വന്നില്ല. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കായി സ്കൂൾ സൊസൈറ്റികളിലാണ് പാഠപുസ്തകങ്ങൾ എത്തിച്ചത്.  ജില്ലയിലെ 64 സിബിഎസ്ഇ സ്കൂളുകളിൽ ഒന്നു മുതൽ 10 വരെയുള്ള പാഠപുസ്തക വിതരണം മാർച്ചിൽ തന്നെ പൂർത്തിയായി.

എൻസിഇആർടി നിർദേശിച്ച പുസ്തകങ്ങളാണിത്. എന്നാൽ, സ്വകാര്യ ഏജൻസികളിൽ നിന്നു വാങ്ങുന്ന എൽകെജി, യുകെജി ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായില്ല.പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ പുസ്തകങ്ങൾ സൗജന്യമായി ലഭിക്കും.ഒൻപതും പത്തും ക്ലാസിലെ കുട്ടികൾ വില കൊടുത്തു വാങ്ങണം. ഇവ കിട്ടുന്നില്ലെന്ന് ചിലയിടങ്ങളിൽ രക്ഷാകർത്താക്കൾ പരാതിപ്പെടുന്നുണ്ട്.

എത്തിയത് 13.5 ലക്ഷം പുസ്തകങ്ങൾ

ജില്ലയിൽ എത്തിച്ച ഒന്നാംഭാഗം പുസ്തകങ്ങളുടെ എണ്ണം 13.5 ലക്ഷമാണ്. ഇതിൽ 6.5 ലക്ഷം വിതരണം ചെയ്തു. രണ്ടാംഭാഗം 7 ലക്ഷവും മൂന്നാംഭാഗം 3 ലക്ഷവും എത്തിച്ചിട്ടുണ്ട്.

തികഞ്ഞില്ലെങ്കിൽ അടുത്ത ഘട്ടത്തിൽ എത്തിക്കും

ആദ്യഘട്ടം വിതരണം വേഗത്തിലാക്കണമെന്നാണ് അധികൃതരുടെ നിർദേശം. കൂടുതൽ കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയാൽ കൂടുതൽ പുസ്തകങ്ങൾ വേണ്ടിവരുമെന്നതിനാൽ രണ്ടാം ഘട്ടം വിതരണം വൈകാതെ ആരംഭിക്കാനാണിത്. ആദ്യ ഘട്ടത്തിൽ നൽകിയവയുടെ എണ്ണത്തിൽ പിശകുണ്ടെങ്കിലും രണ്ടാം ഘട്ടത്തിൽ പരിഹരിക്കും.

സിബിഎസ്ഇ, ഐസിഎസ്ഇ പുസ്തകങ്ങളും എത്തി

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ചെറിയ ക്ലാസുകളിൽ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. അവ നേരത്തെ തന്നെ എത്തിച്ചു വിതരണം തുടങ്ങി. സിബിഎസ്ഇ സിലബസിൽ എൻസിഇആർടി പുസ്തകം ഉപയോഗിക്കുന്ന ഉയർന്ന ക്ലാസുകളിലേക്കും ആവശ്യത്തിനു പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

പല സ്കൂളുകൾക്ക് ഒരു സൊസൈറ്റി

കേരള ബുക്ക് ആൻഡ് പബ്ലിഷിങ് സൊസൈറ്റി (കെബിപിഎസ്) അച്ചടിച്ച പുസ്തകങ്ങൾ ജില്ലാ ഹബ്ബായി നിശ്ചയിച്ച ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂളിൽ 2 മാസം മുൻപ് എത്തി. ജില്ലാ ഹബ്ബിൽ പതിനഞ്ചോളം കുടുംബശ്രീ പ്രവർത്തകർ പുസ്തകങ്ങൾ തരംതിരിച്ച് എണ്ണി തിട്ടപ്പെടുത്തി 11 ഉപജില്ലകളിൽ 240 ഹൈസ്കൂൾ സൊസൈറ്റികളിൽ എത്തിച്ചു. എല്ലാ പുസ്തകങ്ങളും എത്തിയിട്ടു വിതരണം തുടങ്ങാനാണ് ചില സൊസൈറ്റികളുടെ തീരുമാനം.മൂന്നോ നാലോ സ്കൂളുകളെ ഒരു സൊസൈറ്റിക്കു കീഴിലാക്കിയാണ് വിതരണം. സ്കൂളുകൾ സൊസൈറ്റികളിൽ നിന്നു പുസ്തകങ്ങൾ ശേഖരിച്ച് വിദ്യാർഥികൾക്ക് വിതരണം ചെയ്യും. പാഠപുസ്തക വിതരണത്തിനായി വാഹനങ്ങൾ ഒരു വട്ടം വീതം സൊസൈറ്റികളിൽ എത്തിക്കഴിഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com