ADVERTISEMENT

എടത്വ ∙ സംഭരണം കൃത്യമായി നടക്കാഞ്ഞതിനാൽ കുട്ടനാട്ടിൽ കൊയ്തു കൂട്ടിയിട്ടിരുന്ന മൂവായിരത്തോളം ക്വിന്റൽ നെല്ല് കനത്ത മഴയിൽ വെള്ളത്തിലായി. കൊയ്ത്തു നടത്തിയ ഉടൻ തന്നെ കർഷകർ പാഡി മാർക്കറ്റിങ് അധികൃതരെയും കൃഷിവകുപ്പ് അധികൃതരെയും അറിയിക്കുന്നതിന് അനുസരിച്ച് മില്ല് അലോട്ട് ചെയ്യും. എന്നാൽ സമയത്ത് നെല്ല് എടുക്കാതെ മില്ലുകൾ വില പേശൽ നടത്തിയതാണ് കനത്ത നഷ്ടത്തിനിടയാക്കിയതെന്നു കർഷകർ പറയുന്നു.

വെള്ളംകയറി നഷ്ടമാകുമെന്ന സ്ഥിതിയിൽ 10 കിലോ വരെ അധികം നൽകി നെല്ല് കൊടുക്കാൻ തയാറായിട്ടും മില്ലുകൾ കൂടുതൽ ലാഭത്തിനായി വൈകിപ്പിക്കുകയാണ്. കൊയ്ത്ത് കഴിഞ്ഞ് 13 ദിവസം വരെയായ നെല്ലാണ് പലയിടത്തും കെട്ടിക്കിടക്കുന്നത്. എടത്വ കൃഷി ഭവൻ പരിധിയിൽ വരുന്ന പാണ്ടങ്കരി പനയ്ക്കൽ പാടത്ത് സംഭരണത്തിന് ചുമതലപ്പെടുത്തിയ മില്ല് ഇപ്പോൾ 12 കിലോ അധികം നെല്ല് വേണമെന്ന് ആവശ്യപ്പെടുന്നതായി കർഷകർ പറയുന്നു.

1000 ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ ഈ കണക്ക് അനുസരിച്ച് 120 ക്വിന്റൽ നെല്ലാണ് വെറുതേ തട്ടിയെടുക്കുന്നത്. അതായത് ഏകദേശം രണ്ടര ലക്ഷത്തോളം രൂപയാണ് കർഷകർക്ക് നഷ്ടമാകുന്നത്. മാത്രമല്ല ഇതിന്റെ വാരു കൂലിയും, ചുമട്ടു കൂലിയും കർഷകൻ കൊടുക്കണം. എടത്വ ചട്ടുകം പാടം, തകഴി കൃഷിഭവൻ പരിധിയിൽ വരുന്ന കരിയാർ മുടിയിലക്കരി പാടം, കുന്നുമ്മ പടിഞ്ഞാറു പാടം എന്നിവിടങ്ങളിലെല്ലാം നെല്ല് നശിക്കുന്ന സ്ഥിതിയാണ്. അപ്പർകുട്ടനാട്, ഹരിപ്പാട് മേഖലകളിലും ഒട്ടേറെയിടങ്ങളിൽ കൊയ്തുകൂട്ടിയ നെല്ല് പാടത്തുകിടന്നു നശിക്കുകയാണ്.

തോട്ടപ്പള്ളി സ്പിൽവേ:‌ 30 ഷട്ടറുകൾ ഉയർത്തി

അമ്പലപ്പുഴ ∙ കനത്ത മഴയെത്തുടർന്ന് തോട്ടപ്പള്ളി സ്പിൽവേയുടെ 30 ഷട്ടറുകൾ ഉയർത്തി. ആകെ 40 ഷട്ടറുകളാണുള്ളത്. നീരൊഴുക്കിന്റെ അളവു കണക്കിലെടുത്ത് 9 ഷട്ടറുകൾ കൂടി അടുത്ത ദിവസം ഉയർത്തിയേക്കും. ഏഴാം നമ്പർ ഷട്ടർ ഒന്നര വർഷം മുൻപ് റോപ്പ് പൊ‌ട്ടി വീണതാണ്. പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്നതുമായി സർക്കാർ തീരുമാനം ഇനിയും ഉണ്ടായിട്ടില്ല. 30 ഷട്ടർ ഉയർത്തിയെങ്കിലും കടലിലേക്ക് നീരൊഴുക്ക് തീരെ കുറവാണ്. സ്പിൽവേ കനാലിലും ലീഡിങ് ചാനലിനും ജലനിരപ്പ് ഉയരാത്തതിനാലാണ് നീരൊഴുക്ക് ശക്തമാകാത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com