ക്ഷേത്രത്തിലെ താഴികക്കുടം കവർച്ച : ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

investigation
SHARE

ചെങ്ങന്നൂർ ∙ മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ താഴികക്കുടം കവർച്ചക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. തങ്ങളെ കേസിൽ കുടുക്കിയതാണെന്നു കാട്ടി പ്രതികൾ മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവായത്. പ്രതികളായ  എസ്. ശരത്കുമാർ , പി.ഗീതാനന്ദൻ, പി.ടി. ലിജു,  കെ.ടി. സജീഷ്‌ എന്നിവർ ചേർന്നാണു പരാതി നൽകിയത്. ഇതേത്തുടർന്ന് ഇന്നലെ കൈംബ്രാഞ്ച് ഡിവൈഎസ്പി പി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം ശരത്കുമാറിന്റെ മൊഴിയെടുത്തു. പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമാണ് മുതവഴി ക്ഷേത്രം.

നൂറ്റാണ്ടുകൾ പഴക്കമുള്ള താഴികക്കുടത്തിൽ അപൂർവലോഹമായ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഉപഗ്രഹ നിരീക്ഷണത്തിലൂടെ കണ്ടെത്തിയെന്ന പ്രചാരണമുണ്ടായതോടെയാണു ക്ഷേത്രവും താഴികക്കുടവും ശ്രദ്ധാകേന്ദ്രമായത്. താഴികക്കുടത്തിന്റെ മകുടം 2011 ഒക്ടോബർ 19 നു രാത്രിയാണു മോഷണം പോയത്. മൂന്നാംദിവസം മകുടം ഉപേക്ഷിച്ച നിലയിൽ സമീപത്തെ വീടിനടുത്തു കണ്ടെത്തി. പിന്നീട് ക്ഷേത്ര ഭരണസമിതി  തിരികെ വാങ്ങിയ  താഴികക്കുടം പുനഃപ്രതിഷ്ഠിച്ചു. 2016 സെപ്റ്റംബർ 29 നു വീണ്ടും മോഷണശ്രമം നടന്നു.

താഴികക്കുടം ഇളക്കി താഴെയിട്ടെങ്കിലും കൊണ്ടുപോകാൻ സാധിച്ചില്ല. പടിഞ്ഞാറുഭാഗത്ത് താഴികക്കുടം വീണു കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. നന്നായി ഉറപ്പിച്ചിരുന്ന താഴികക്കുടം കയർ കെട്ടി വലിച്ചു താഴെയിട്ടതാണെന്നാണു പൊലീസ് സംശയിക്കുന്നത്.   ക്ഷേത്രമേൽക്കൂരയുടെ ഓടുകൾ ഒന്നും പൊട്ടിയിട്ടില്ലാത്തതും ഇതിലേക്കു വിരൽ ചൂണ്ടുന്നു. സുരക്ഷ കണക്കിലെടുത്തു പുതിയ താഴികക്കുടമാണ് പിന്നീടു പ്രതിഷ്ഠിച്ചത്. 40 വർഷമായി നാട്ടുകാരുടെ സമിതിയാണ് ക്ഷേത്ര ഭരണം നടത്തുന്നത്.

പ്രതികളുടെ പരാതി 

താഴികക്കുടത്തിൽ ഇറിഡിയം സാന്നിധ്യമുണ്ടെന്ന വാർത്ത പരന്നതോടെ ക്ഷേത്രത്തിൽ പത്തംഗസംഘത്തിന്റെ കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ മോഷണം നടക്കുന്നതിന് ഒരാഴ്ച മുൻപ് ഇവരെയെല്ലാം മാറ്റി. 20നു പുലർച്ചെയാണു പൊലീസ്‌ എത്തിയത്. കമ്മിറ്റിക്കാർക്കെതിരെ ചെങ്ങന്നൂർ കോടതിയിൽ സിവിൽ കേസ് ഫയൽചെയ്ത വൈരാഗ്യത്തിലാണ് തന്നെ പ്രതിയാക്കിയതെന്ന് 5–ാം പ്രതി ശരത്‌കുമാർ പരാതിയിൽ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA