ADVERTISEMENT

ചെങ്ങന്നൂർ ∙ തിരുവൻവണ്ടൂർ പഞ്ചായത്തിൽ സിപിഎം, കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗം പി.വി.സജൻ പ്രസിഡന്റായി. വൈസ് പ്രസിഡന്റായി കോൺഗ്രസ് പിന്തുണയോടെ സിപിഎമ്മിലെ ബീന ബിജു തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം മഴുക്കീർകീഴ് (നിലവിൽ പ്രാവിൻകൂട്) ബ്രാഞ്ച് അംഗമായിരുന്ന സജനെ തദ്ദേശ തിരഞ്ഞെടുപ്പു സമയത്ത് പാർട്ടിയിൽ നിന്നു പുറത്താക്കിയതാണ്. വിലക്ക് ലംഘിച്ചു മത്സരിക്കാനൊരുങ്ങിയതിനു പുറത്താക്കിയതാണെന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം. തുടർന്നു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു. 

2020ലെ തദ്ദേശതിരഞ്ഞെടുപ്പിനു ശേഷം നാലാം തവണയാണു പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സജനും ബീനയ്ക്കും എട്ടു വോട്ടുകൾ വീതം ലഭിച്ചു. ബിജെപി സ്ഥാനാർഥികളായിരുന്ന സജു ഇടക്കല്ലിനും കലാ രമേശിനും 5 വീതം വോട്ടുകൾ ലഭിച്ചു. ബിജെപി- 5, സിപിഎം- 4, കോൺഗ്രസ്- 3, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് പിന്തുണയോടെ സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തിൽ ഭരണസമിതിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം കഴിഞ്ഞമാസം 29നു ചർച്ചയ്ക്കെടുക്കും മുൻപേ പ്രസിഡന്റ് ബിന്ദു കുരുവിളയും, വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവയ്ക്കുകയായിരുന്നു. 

തുടർന്നാണ് ഇരുസ്ഥാനങ്ങളിലേക്കും ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്. സജനും ബീന ബിജുവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ 2020 ഡിസംബർ 30നു നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പി‍ൽ കോൺഗ്രസ് പിന്തുണച്ചതോടെ 4 അംഗങ്ങളുള്ള സിപിഎം അധികാരത്തിൽ എത്തി. തൊട്ടുപിന്നാലെ പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവച്ചിരുന്നു. തുടർന്നു 2021 ഫെബ്രുവരി 26നു നടന്ന തിരഞ്ഞെടുപ്പിലും ഇതാവർത്തിച്ചു. എന്നാൽ 2021 ഏപ്രിൽ 30നു നടന്ന തിരഞ്ഞെടുപ്പിലും സമാനരീതിയിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരണത്തിൽ തുടരാൻ സിപിഎം തീരുമാനിക്കുകയായിരുന്നു.

തെറ്റിയതു ബിജെപിക്കോ ?

തിരുവൻവണ്ടൂർ ആറാം വാർഡായ പ്രാവിൻകൂട്ടിൽ നിന്നു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചയാളാണ് നിലവിലെ പ്രസിഡന്റായ പി.വി.സജൻ. വാർഡിൽ ബിജെപിക്കു സ്ഥാനാർഥി ഉണ്ടായിരുന്നില്ല. കോൺഗ്രസിനും എൽഡിഎഫിനും സ്ഥാനാർഥികളുണ്ടായിരുന്നു താനും. ഫലത്തിൽ ബിജെപിയുടെ വോട്ടുകളും നേടിയാണ് സജന്റെ വിജയമെന്നും പ്രചരിച്ചിരുന്നു. 

"പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, സിപിഎമ്മിന്റെ ഘടകകക്ഷിയെ പോലെ വോട്ടു ചെയ്തു. മന്ത്രി സജി ചെറിയാനും കോൺഗ്രസ് നേതാവ് എം.മുരളിയും തമ്മിലുള്ള അവിശുദ്ധ സഖ്യം ജനങ്ങളോടുള്ള വെല്ലുവിളിയാണ്."- എം.വി.ഗോപകുമാർ,ബിജെപി ജില്ലാ പ്രസിഡന്റ

"സ്വതന്ത്രനായി തന്നെ തുടരും. ഏതെങ്കിലും പാർട്ടിയിൽ ചേരുന്ന കാര്യം ഇപ്പോൾ ആലോചിക്കുന്നില്ല." - പി.വി. സജൻ, പ്രസിഡന്റ് തിരുവൻവണ്ടൂർ പഞ്ചായത്ത്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com