ADVERTISEMENT

ആലപ്പുഴ ∙ മഴ കനത്തതോടെ ജില്ലയിലെ പല പാടശേഖരങ്ങളും വെള്ളത്തിലായി. കൊയ്യാൻ ബാക്കിയുള്ള പാടങ്ങളിലും കൊയ്ത്ത് പൂർത്തിയാക്കി സംഭരണത്തിനായി കാത്തിരിക്കുന്ന പാടങ്ങളിലും വെള്ളം കയറി. ഇതിനൊപ്പം മടവീഴ്ച കൂടി ഉണ്ടായതോടെ പല പാടശേഖരങ്ങളിലെയും ഏക്കറുകണക്കിന് നെല്ല് നശിക്കുകയാണ്. ഇടയ്ക്ക് മഴ മാറിയെങ്കിലും വെള്ളം കെട്ടിനിൽക്കുന്നതിനാൽ കൊയ്ത്ത് യന്ത്രങ്ങൾ പാടത്തിറക്കാൻ സാധിക്കുന്നില്ല.

 കിതച്ച്  കുട്ടനാട്

പ്രതിസന്ധികളെ അതിജീവിച്ചു വിളവിറക്കിയ കുട്ടനാട്ടിലെ കർഷകർക്കു സമയപരിധി കഴിഞ്ഞിട്ടും വിളവെടുക്കാൻ സാധിച്ചിട്ടില്ല. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ 150 ഏക്കർ വിസ്തൃതിയുള്ള മൂലപള്ളിക്കാട്‌കരി കാച്ചാംകോണം പാടശേഖരത്തിലെ കർഷകരാണു 120 ദിവസം മൂപ്പുള്ള നെല്ല് വിളവെടുക്കാൻ സാധിക്കാതെ ദുരിതത്തിലായിരിക്കുന്നത്. വേനൽമഴയും കൊയ്ത്തുയന്ത്രം കിട്ടാനുണ്ടായ കാലതാമസവുമാണു പ്രതിസന്ധി സൃഷ്ടിച്ചത്. ഏതാനും ദിവസം മുൻപു പാടശേഖരത്തിലെ വിളവെടുക്കാൻ കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചിരുന്നെങ്കിലും ഭാരം കൂടിയ യന്ത്രമായതിനാൽ മഴവെള്ളം കെട്ടിനിന്ന പാടശേഖരത്തിൽ ഇറക്കാൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ സീസണിലെ രണ്ടാം കൃഷിയുടെ വിളവെടുപ്പിന് ഒരാഴ്ച ശേഷിക്കെ പാടശേഖരത്തിൽ മടവീണതു മൂലം കർഷകർക്കു വലിയ നഷ്ടമാണുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ശക്തമായ വെള്ളപ്പൊക്കമാണു കർഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചത്. തുടർന്നു മടകുത്തി വെള്ളം വറ്റിച്ചു ഡിസംബറിൽ വിതയിറക്കിയ കർഷകർക്കാണു മഴയും കൊയ്ത്ത് യന്ത്രം ലഭിക്കാൻ കാലതാമസമെടുത്തതും വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചത്. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ ഇന്നലെ 4 കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചു രണ്ടര മണിക്കൂർ വിളവെടുക്കാൻ സാധിച്ചെങ്കിലും വീണ്ടും മഴ പെയ്തതോടെ കൊയ്ത്ത് മുടങ്ങി. 

alappuzha-water
മടവീഴ്ചയെത്തുടർന്ന് എടത്വ കൃഷിഭവൻ പരിധിയിലെ മങ്കുഴി വടക്ക് പാടശേഖരത്തിലേക്ക് വെള്ളം കയറുന്നു.

 മട വീഴ്ച, കണ്ണീർ കാഴ്ച

മടവീഴ്ചയുണ്ടായ പള്ളിപ്പാട് വൈപ്പിൻകാട് വടക്ക് പാടശേഖരത്തിലെ 110 ഏക്കറിലെ നെൽക്കൃഷി നശിച്ചു തുടങ്ങി. കഴിഞ്ഞ ആഴ്ച കൊയ്ത്തിനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് പുറംബണ്ടിന്റെ 20 മീറ്ററോളം ഭാഗത്ത് മട‍വീഴ്ചയുണ്ടായത്. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെയാണ് പുറം ബണ്ട് തകർന്നത്. കർഷകർ മട കെട്ടി വലിയ മോട്ടറും അഗ്നിരക്ഷാ സേനയുടെ മോട്ടറും ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാൽ ശക്തമായ മഴയും ആറ്റിലെ ജലനിരപ്പ് ഉയർന്നതും പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. ഇപ്പോൾ നെല്ല് പല ഭാഗത്തും കിളിർത്തു തുടങ്ങിയിട്ടുണ്ട്. നെല്ല് കൊയ്തെടുത്താലും സംഭരണം പ്രശ്നമാകാനിടയുണ്ട്. 

60 കർഷകരുടെ മാസങ്ങളുടെ അധ്വാനമാണ് ഇതോടെ നഷ്ടമാകുക. പള്ളിപ്പാട് ചിറക്കുഴി പാടശേഖരത്തിലും മടവീണ് കൃഷി വെള്ളത്തിലായി. 100 ഏക്കർ പാടശേഖരം ഒരാൾ പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്.വീയപുരം പോട്ടകളയ്ക്കാട് പാടശേഖരത്തിൽ 60 ഏക്കറിലെയും ചേക്കാമയിക്കേരി പാടശേഖരത്തിലെ 20 ഏക്കറിലെയും നെല്ല് കൊയ്യാൻ ബാക്കിയുണ്ട്. വള്ളികുന്നം പുഞ്ചയിലും വ്യാപക കൃഷിനാശം ഉണ്ടായി. 40 ഏക്കറിലെ നെൽക്കൃഷി നശിച്ചു. പേച്ചിറ വയലിൽ വട്ടക്കാട്ട് സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ 25 ഏക്കറിലെയും 3 കർഷകരുടെ 15 ഏക്കറിലെയും കൃഷിയാണ് നശിച്ചത്. പേച്ചിറ വയലിൽ 65 ഏക്കറിലാണ് കൃഷി ഇറക്കിയിരുന്നത്. ഇതിൽ 40 ഏക്കറിലെ വിളവെടുപ്പ് നടന്നിരുന്നു. ബാക്കിയാണ് നശിച്ചത്.

 ലക്ഷങ്ങളുടെ നഷ്ടം

അപ്രതീക്ഷിതമായി പെയ്ത മഴയിൽ മാവേലിക്കര തഴക്കര പാടശേഖരത്തിലെ 170 ഏക്കറിലെ നെൽക്കൃഷിയാണു വെള്ളത്തിലായത്. 2 ആഴ്ച മുൻപു കൊയ്യേണ്ട നെല്ല് ആദ്യത്തെ മഴയെത്തുടർന്നു കൊയ്യാനായില്ല. ഏകദേശം 30% സ്ഥലത്തെ നെല്ല് കൊയ്തെടുത്തെങ്കിലും അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പാടശേഖരത്തിലെ വെള്ളം ആറ്റിലേക്ക് പമ്പ് ചെയ്യാനാകാത്ത സ്ഥിതിയാണ്. മഴ ശക്തമായതോടെ 170 ഏക്കറിലെ 90% സ്ഥലത്തു നെൽക്കൃഷി പൂർണമായി വെള്ളത്തിലായി.

മഴ തോരാത്ത സാഹചര്യത്തിൽ കൊയ്ത്തിനായി എത്തിച്ച യന്ത്രങ്ങൾ ഇന്നലെ തിരിച്ചു കൊണ്ടുപോയി. ഏകദേശം 60 ലക്ഷത്തോളം രൂപ ചെലവഴിച്ചാണു കൃഷി ഇറക്കിയത്. മുഴുവനും കൊയ്തെടുക്കാൻ സാധിച്ചില്ലെങ്കിൽ കൃഷി വൻ നഷ്ടമാകുമെന്ന ആശങ്കയിലാണു കർഷകർ. അതിനിടെ കൊയ്തെടുത്ത നെല്ല് 100 കിലോയ്ക്ക് 30 കിലോ കുറച്ചാണു മില്ലുകാർ ശേഖരിക്കുന്നതെന്നും ഇത് നഷ്ടം ഇരട്ടിയാക്കുന്നതായും കർഷകർ പറയുന്നു.

പ്രതീക്ഷകളുടെ കതിരൊടിഞ്ഞു

മഴക്കെടുതിയിൽ വെള്ളത്തിലായ നെല്ല് ഏതെങ്കിലും വിധത്തിൽ കൊയ്തെടുക്കാമെന്നു കരുതി മോട്ടർ വച്ച് വെള്ളം വറ്റിച്ച് പകുതി എത്തിയപ്പോൾ മടവീഴ്ചയെത്തുടർന്നു വീണ്ടും നെല്ല് വീണ്ടും വെള്ളത്തിലായ ദുരിതകഥയാണ് എടത്വ കൃഷിഭവൻ പരിധിയിലുള്ള മങ്കുഴി വടക്ക് പാടശേഖരക്കാർക്ക് പറയാനുള്ളത്. ഇന്നലെ മൂന്നു മണിയോടെ മോട്ടർത്തറയുടെ ഭാഗത്തെ തൂമ്പ് തള്ളി പാടത്തേക്കു വെള്ളം കയറുകയും പിന്നീട് മടവീഴ്ച ഉണ്ടാകുകയുമായിരുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവും മഴയും കാരണം സമീപത്തെ തോട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു നിന്നാണ് ഇതിനു കാരണമായി പാടശേഖര സമിതി ഭാരവാഹികൾ പറയുന്നത്.

46 ഏക്കറിൽ ആയിരുന്നു കൃഷി ചെയ്തിരുന്നത്. കൊയ്ത്ത് നടത്തേണ്ട ദിവസം കഴിഞ്ഞിട്ടും മഴ കാരണം കൊയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മഴ മാറിയതോടെ 3 കൊയ്ത്ത് യന്ത്രം എത്തിച്ച് 14 ഏക്കറിലെ നെല്ല് കൊയ്തു. ഇതിനിടെ മൂന്ന് യന്ത്രങ്ങളും പാടത്തു താഴുകയും വീണ്ടും മഴ ശക്തിപ്രാപിക്കുകയും ചെയ്തതോടെ ബാക്കി കൊയ്ത്ത് നടത്താൻ കഴിഞ്ഞില്ല.ആദ്യം കൊയ്തെടുത്ത നെല്ല് ഈർപ്പത്തിന്റെ പേരിൽ സംഭരണ ഏജൻസികൾ എടുക്കാൻ തയാറായില്ല. പല മേഖലകളിൽ നിന്നുള്ള ഇടപെടലുകളെ തുടർന്ന് ക്വിന്റലിന് 15 കിലോ നെല്ല് കിഴിവിൽ സംഭരണം നടത്തുകയായിരുന്നു. 14 ഏക്കറിൽ നിന്നും ആകെ 210 ക്വിന്റൽ നെല്ലാണ് ലഭിച്ചത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com