ADVERTISEMENT

ചെങ്ങന്നൂർ ∙ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തോക്ക് ലൈസൻസുള്ളവരെ തേടി മുളക്കുഴ പഞ്ചായത്ത്. കാട്ടുപന്നിശല്യം മൂലം പൊറുതിമുട്ടിയ പഞ്ചായത്ത് 2 മാസം മുൻപു പരിഹാരം തേടി വനംവകുപ്പിനെ സമീപിച്ചിരുന്നു. പഞ്ചായത്തിൽ തോക്ക് ലൈസൻസുള്ളവരെ കണ്ടെത്തി, പഞ്ചായത്ത് കമ്മിറ്റി ശുപാർശ ചെയ്താൽ ഇവർക്ക് വെടിവയ്ക്കാനുള്ള അനുമതി നൽകാമെന്നായിരുന്നു വനംവകുപ്പ് അധികൃതരുടെ മറുപടി.

ഇതേത്തുടർന്നു പഞ്ചായത്തിലുടനീളം അന്വേഷണം നടത്തിയെങ്കിലും ലൈസൻസുള്ളവരെ കണ്ടെത്താനായിട്ടില്ലെന്നു പ്രസിഡന്റ് എൻ.പത്മാകരൻ പറഞ്ഞു. ലൈസൻസുള്ളവരുടെ പട്ടിക പൊലീസിന്റെ പക്കൽ ഉണ്ടാകുമെന്നതിനാൽ ആ വഴിക്കു ശ്രമിക്കുമെന്നു പ്രസിഡന്റ് പറഞ്ഞു. ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കാട്ടുപന്നികളെ കണ്ടുപിടിച്ചു കൊടുത്താൽ വെടിവച്ചു കൊല്ലാമെന്നാണു വനംവകുപ്പിന്റെ നിലപാട്. പ്രദേശവാസികൾ ഉൾപ്പെട്ട ജാഗ്രത സമിതിയും വനംവകുപ്പ് ദ്രുതകർമസേനയും ഷൂട്ടറും ഉൾപ്പെടുന്ന സംഘം തിരച്ചിൽ നടത്തി 5, 6 വാർഡുകളിൽ മുൻപു 2 പന്നികളെ വെടിവച്ചു കൊന്നിരുന്നു.

കാട്ടുപന്നിശല്യം രൂക്ഷമായതിനെ തുടർന്നു 2021 സെപ്റ്റംബറിലാണ് മുളക്കുഴ പഞ്ചായത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചത്. 5 കൊല്ലം മുൻപ് അപൂർവമായി മാത്രം കാണപ്പെട്ടിരുന്ന കാട്ടുപന്നികൾ പെറ്റുപെരുകി നാടിനു ശല്യമായി മാറിക്കഴിഞ്ഞു. മുളക്കുഴ പഞ്ചായത്തിലെ കാരയ്ക്കാട്, കൊടയ്ക്കാമരം, എരുമാല ഭാഗങ്ങളിലാണു ശല്യം രൂക്ഷം. ചെങ്ങന്നൂർ നഗരസഭയിലെ പുത്തൻകാവ്, തിരുവൻവണ്ടൂർ പഞ്ചായത്ത്, ആലാ പഞ്ചായത്ത് എന്നിവിടങ്ങളിലും കാട്ടുപന്നിശല്യമുണ്ട്. കൃഷി നശിപ്പിക്കുന്നതിനു പുറമേ നാട്ടുകാരിൽ പലർക്കും ഇവയുടെ ആക്രമണവും നേരിടേണ്ടി വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com