ADVERTISEMENT

രണ്ടു വർഷത്തിനു ശേഷം നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് വലിയ വരവേൽപായിരുന്നു. ആഹ്ലാദത്തോടെ കുട്ടികൾ സ്കൂളിലെത്തി. പക്ഷേ, ആദ്യദിനത്തിലെ ആഘോഷം കഴിഞ്ഞുള്ള അവരുടെ യാത്രകൾ പഴയതുപോലെ ദുരിതങ്ങളിലൂടെയാണ്. വേണ്ടത്ര ബസില്ല, ഉള്ളവയിൽ നുഴഞ്ഞു കയറാൻ പോലും കഴിയാത്തത്ര തിരക്ക്. അകത്തു കടന്നാലും രക്ഷയില്ല. കയറുന്നവരുടെയും ഇറങ്ങുന്നവരുടെയും ഉന്തിൽപെട്ട്, ഒന്നു പിടിച്ചു നിൽക്കാൻ പോലും പറ്റാതെ ഇറങ്ങുന്നതു വരെ അവർ ഉലയുന്നു.സ്കൂൾ തുറക്കുന്നതിനു മുൻപ് എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയെന്നു പറയുന്ന അധികൃതർക്കു മുന്നിൽ ഈ കുട്ടികളുടെ ‘യാത്രാവിവരണം’ അവതരിപ്പിക്കുന്നു. മൂല്യനിർണയം നടത്തി മാർക്കിടാനല്ല, ദുരിതമില്ലാത്ത യാത്രയ്ക്കു മാർഗം കാട്ടിക്കൊടുക്കാനാണ്.

ദുരിത തീരം

ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ, തീരദേശ റൂട്ടിലെ സ്കൂളുകളിലും അരീപ്പറമ്പ് ഗവ. എച്ച്എസ്എസിലും പഠിക്കുന്ന കുട്ടികൾ ബസ് കാത്തുനിന്നു മടുക്കുമ്പോൾ ഓട്ടോറിക്ഷ പിടിക്കേണ്ട സ്ഥിതിയാണ്. ഇതുവഴി കെഎസ്ആർടിസി സർവീസ് ഇല്ല. സ്വകാര്യ ബസുകൾ ചിലപ്പോൾ മുടങ്ങുകയും ചെയ്യും. കലവൂർ പ്രദേശത്തുനിന്നെത്തുന്ന കുട്ടികൾ വൈകുന്നേരങ്ങളിൽ പലപ്പോഴും ചേർത്തലയിലെത്തിയാണ് യാത്ര തുടരുന്നത്. ചില സ്വകാര്യ ബസുകാർ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന പരാതിയുമുണ്ട്. കുട്ടികൾ കൂടുതലുള്ള സ്റ്റോപ്പുകളിൽ ചില ബസുകൾ നിർത്താതെ പോകും.

വഴി മുട്ടിയ യാത്ര

ചെങ്ങന്നൂർ അങ്ങാടിക്കൽ സെന്റ് ആൻസ് റോഡാണു ചിത്രത്തിൽ. ജല അതോറിറ്റി കിഫ്ബി പ്രോജക്ടിന്റെ ഭാഗമായി പൈപ്പിടാനായി കുഴിച്ചതാണ്. പ്രദേശത്തെ 5 സ്കൂളുകളിലേക്കുള്ള വിദ്യാർഥികൾ യാത്ര ചെയ്യുന്ന റോഡിൽ വീഴാതെ നടക്കാൻ പോലുമാകില്ല. പൈപ്പിടൽ പൂർത്തിയാകാത്തതിനാൽ റോഡിന്റെ അറ്റകുറ്റപ്പണിയും വൈകുമെന്നാണു സൂചന.

 മാവേലിക്കര തട്ടാരമ്പലം–കൊച്ചാലുംമൂട്–പന്തളം റോഡിന്റെ നവീകരണം നടക്കുന്നതിനാൽ പലയിടത്തും ഗതാഗതം തിരിച്ചു വിട്ടിരിക്കുന്നത് വിദ്യാർഥികളെയാണ് കൂടുതൽ ബാധിക്കുന്നത്. പുതിയകാവ് ചന്തയ്ക്കു കിഴക്ക് ഓട നവീകരണം നടക്കുന്നതിനാൽ വാഹനക്കുരുക്കു കൂടുതൽ വിനയാകുന്നത് അവർക്കാണ്. ബസുകൾ മറ്റു വഴികളിലൂടെ പോകുന്നതിനാൽ കുട്ടികൾക്കു സമയത്ത് സ്കൂളിലെത്താൻ കഴിയുന്നില്ല, വൈകിട്ട് വീട്ടിലെത്താനും വൈകുന്നു.

 രണ്ടു വർഷത്തോളമായി ചേർത്തല തങ്കിക്കവല – പൊറത്താംകുഴി റോഡ് പുനർനിർമാണത്തിനായി പൊളിച്ചിട്ട്. ഈ റോഡിലെ ഇല്ലിക്കൽ പാലം പുനർനിർമാണം പകുതിയോളമേ ആയുള്ളൂ. ഈ വഴി ബസില്ല. കുട്ടികൾക്കു സ്കൂളിലെത്താൻ മറ്റു വഴികളെയും വാഹനങ്ങളെയും ആശ്രയിക്കണം.

 പൈപ്പിടാൻ കുഴിച്ച റോ‍‍ഡിലൂടെ നടന്നു പോലും പോകാൻ കഴിയാത്തതാണ് ചെങ്ങന്നൂർ അങ്ങാടിക്കലിൽ കുട്ടികളുടെ ദുരിതം. പ്രദേശത്തെ 5 സ്‌കൂളുകളിലേക്കുള്ള വഴിയാണ് മാസങ്ങളായി കുഴിച്ചിട്ടിരിക്കുന്നത്. മഴ തുടങ്ങിയതോടെ അപകടങ്ങളും വർധിക്കുന്നു.

തുരുത്തുകൾ പഠിപ്പിക്കുന്നത്

 കരുവാറ്റ കാരമുട്ട് ദ്വീപിലെ കുട്ടികൾക്ക് മറുകരയിലെ സ്കൂളിലെത്താൻ വള്ളങ്ങളെ ആശ്രയിക്കണം. ജങ്കാർ ഇപ്പോഴില്ല. അടുത്തിടെ അറ്റകുറ്റപ്പണിക്കു കയറ്റി. കുറിച്ചിക്കൽകടവ് പാലം പൂർത്തിയായാൽ കാരമുട്ടിലെ കുട്ടികളുടെ കഷ്ടപ്പാട് കുറയും. അത് എന്നെന്നു പറയാൻ അധികൃതർക്കു കഴിയുന്നില്ല.

പാണാവള്ളി പഞ്ചായത്തിലെ അഞ്ചുതുരുത്ത് ദ്വീപിൽ നിന്ന് മുപ്പതിലേറെ കുട്ടികൾ മറുകരയിൽ പഠിക്കാൻ പോകുന്നുണ്ട്. വേമ്പനാട്ടു കായലിലൂടെ കടത്തുവള്ളത്തിലാണു യാത്ര. കാറ്റും മഴയുമുള്ളപ്പോൾ കായലിലെ ജലനിരപ്പ് ഉയരും. വള്ളത്തിലെ യാത്ര അസാധ്യമാകും. അത്തരം കാലാവസ്ഥയിൽ ദ്വീപുകാർ കുട്ടികളെ സ്കൂളിൽ അയക്കാറില്ല.

4 കെഎസ്ആർടിസി ബസുകൾ കാണാനില്ല

തുറവൂർ–കുമ്പളങ്ങി റൂട്ടിലുണ്ടായിരുന്ന 4 കെഎസ്ആർടിസി ബസുകൾ കോവിഡ് കാലത്തിനു ശേഷം ഓടുന്നില്ല. തുറവൂർ, പറയകാട്, നാലുകുളങ്ങര, ചങ്ങരം, ശ്രീനാരായണപുരം തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിൽ പോകുന്ന കുട്ടികൾക്ക് ഇപ്പോൾ യാത്രാക്ലേശമാണ് മഹാവ്യാധി. 4 ബസുകളും എറണാകുളം ഡിപ്പോയുടേതാണ്. ചേർത്തലയിൽ നിന്ന് കൊല്ലപ്പള്ളി, കളവംകോടം, വളമംഗലം വഴി കുത്തിയതോടിനുള്ള കെഎസ്ആർടിസി ഓർഡിനറി ബസും നിർത്തി. അതോടെ കാവിൽ, വളമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ പഠിക്കുന്ന കുട്ടികളും വെട്ടിലായി. മുൻപുണ്ടായിരുന്ന സ്വകാര്യ ബസുകളും ഓട്ടം നിർത്തി.

സ്വകാര്യ ബസുകൾ കുറവ്

ഓച്ചിറ–ചൂനാട്, ചൂനാട്–തഴവാമുക്ക്, ചൂനാട്–കാമ്പിശേരി, ചൂനാട് – താമരക്കുളം റോഡുകളിൽ കോവിഡ് കാലത്തിനു ശേഷം വളരെ കുറച്ചു സ്വകാര്യ ബസുകളേയുള്ളൂ. കെഎസ്ആർടിസിയുടെ ഓച്ചിറ–താമരക്കുളം, ഓച്ചിറ–ചൂനാട്, കാമ്പിശേരി–ചങ്ങൻകുളങ്ങര സർവീസുകളും മുടങ്ങി.

നടക്കണം 3 കിലോമീറ്റർഹരിപ്പാട് ആയാപറമ്പ് വടക്കേ കരയിലെ കുട്ടികൾ ഏറെ കഷ്ടപ്പെട്ടാണ് സ്കൂളിലെത്തുന്നത്. 

ലോക്ഡൗണിൽ നിർത്തിവച്ച കെഎസ്ആർടിസി സർവീസുകൾ പിന്നെ തുടങ്ങിയിട്ടില്ല. തൃക്കുന്നപ്പുഴ ഭാഗത്തേക്ക് ഉണ്ടായിരുന്ന 2 സ്വകാര്യ ബസുകളും ഇപ്പോഴില്ല. കുട്ടികൾക്കു ബസിൽ കയറണമെങ്കിൽ 3 കിലോമീറ്ററോളം നടന്ന് പായിപ്പാട്ടെത്തണം. കെഎസ്ആർടിസി സർവീസ് തുടങ്ങണമെന്ന രമേശ് ചെന്നിത്തല എംഎൽഎയുടെ ആവശ്യ പ്രകാരം മന്ത്രിയുടെ ഓഫിസിൽ നിന്നു ഹരിപ്പാട് ഡിപ്പോയ്ക്കു നിർദേശം നൽകിയിരുന്നു. ജീവനക്കാർ കുറവായതിനാൽ തുടങ്ങാൻ കഴിയുന്നില്ലെന്ന് ഡിപ്പോ അധികൃതർ.

ബസില്ല, ബോട്ടും

എടത്വ – ചമ്പക്കുളം റൂട്ടിൽ സ്കൂൾ സമയങ്ങളിൽ ബോട്ട് സർവീസ് ഇല്ലാത്തതിനാൽ കുട്ടികൾ പ്രതിസന്ധിയിലാണ്. നേരത്തെ 2 ബോട്ടുണ്ടായിരുന്നു. 2 മാസമായി ഒന്നേയുള്ളൂ. ബോട്ടിനെ മാത്രം ആശ്രയിക്കുന്ന ഒട്ടേറെ കുട്ടികളുണ്ട്. എടത്വ – ചമ്പക്കുളം റൂട്ടിൽ ബസും കുറവാണ്. മുട്ടാർ – കിടങ്ങറ റൂട്ടിൽ കെഎസ്ആർടിസി ബസില്ല. റോഡ് നിർമാണത്തിന്റെ പേരിൽ സർവീസ് നിർത്തിയതാണ്. എടത്വ ഡിപ്പോയിൽ നിന്ന് ഉൾപ്രദേശങ്ങളിലൂടെ ഉണ്ടായിരുന്ന പല ബസുകളും നിർത്തി.

പുതിയ കുട്ടികൾ 22,700

ആലപ്പുഴ ∙ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ 2 മുതൽ 10 വരെ ക്ലാസുകളിലായി 22,700 കുട്ടികൾ പുതിയതായി പ്രവേശനം നേടി.  വിദ്യാഭ്യാസ വകുപ്പിന്റെ അവസാന കണക്കനുസരിച്ച് 10,967 വിദ്യാർഥികളാണ് പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്നത്. ആറാം പ്രവൃത്തിദിനത്തിനു ശേഷമേ കൃത്യമായ കണക്ക് ലഭ്യമാകൂവെന്ന് വിദ്യാകിരണം മിഷൻ ജില്ലാ കോഓർഡിനേറ്റർ പറഞ്ഞു. ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നത് ആലപ്പുഴ സെന്റ് ജോസഫ് എൽപിജിഎസിലാണ്. 232 കുട്ടികൾ. ഉപജില്ലാ തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്ന സ്കൂളുകൾ. കുട്ടികളുടെ എണ്ണം ബ്രായ്ക്കറ്റിൽ.

 ചേർത്തല – ടൗൺ എൽപിഎസ് ചേർത്തല (157 കുട്ടികൾ)
തുറവൂർ – സെന്റ് അഗസ്റ്റിൻ എൽപിഎസ് അരൂർ (116)
അമ്പലപ്പുഴ – എസിഡിവി ജിയുപിഎസ് നീർക്കുന്നം (130)
ഹരിപ്പാട് – യുപിഎസ് മണ്ണാറശാല (65)
കായംകുളം – സെന്റ് മേരീസ് എൽപിഎസ് ചാരുംമൂട് (82)
മാവേലിക്കര – ഗവ.എൽപിഎസ് പാലമേൽ (93)
ചെങ്ങന്നൂർ – ഗവ.ജെബിഎസ് ചെറിയനാട് (64)
തലവടി – സെന്റ് മേരീസ് എൽപിഎസ് എടത്വ (54)
വെളിയനാട് – എസ്എൻഡിപി യുപിഎസ് ചെറുകര (35)
 മങ്കൊമ്പ് – സെന്റ് തോമസ് എൽപിഎസ് ചമ്പക്കുളം (50)

സ്കൂളുകൾ ‘സേഫ്’ ആണ് !

ജില്ലയിലെ സ്കൂളുകൾ സേഫ് സോണിലാണെന്ന് വിദ്യാഭ്യാസ വകുപ്പ്. ജില്ലയിൽ ഇഴജന്തു ശല്യം ഉള്ള 3 സ്കൂളുകൾ ഉണ്ടായിരുന്നെങ്കിലും ഇവ പരിഹരിച്ചിട്ടുണ്ട്. പരിസരം വൃത്തിയാക്കിയതിനൊപ്പം പൊത്തുകൾ അടയ്ക്കുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്ത 28 സ്കൂളുകളിലും ശുചീകരണം പൂർത്തിയാക്കി.അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്ത 2 സ്കൂളുകളിൽ പണി പുരോഗമിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com