ADVERTISEMENT

ജില്ലയിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പോരായ്മകൾ

ആലപ്പുഴ ∙ ‘വെൽക്കം ടു ആലപ്പുഴ, നൈസ് ടു മീറ്റ് യൂ !’ ഇവിടെ വരുന്ന വിനോദ സഞ്ചാരികളെ ഇങ്ങനെ പലതരത്തിൽ നമ്മൾ സ്വീകരിക്കുമെങ്കിലും തിരികെ പോകുമ്പോൾ ജില്ലയിലെ അവരുടെ അനുഭവം അത്ര ‘നൈസ്’ ആയിരുന്നോ എന്നുകൂടെ ആലോചിക്കണ്ടേ ? സ്വാഗതം ചെയ്താൽ മാത്രം പോരല്ലോ, സൗകര്യമൊരുക്കണം. ജില്ലയിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പോരായ്മകളും ഇനിയും തുറക്കാത്ത ടൂറിസം പദ്ധതികളിൽ ചിലതും രാജ്യാന്തര ഉല്ലാസയാത്ര ദിനമായ ഇന്ന് ശ്രദ്ധിക്കാം.

ഉടനെയെങ്ങും തുറക്കില്ല !

ഗ്രാമീണ ടൂറിസം സാധ്യത തേടിയാണ് പൊന്നിട്ടുശേരി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി എഎസ് കനാൽ തീരത്ത് കെട്ടിടം നിർമിച്ചത്. നിലവിൽ തുറക്കുന്നില്ല. 3 മുറികളുള്ള കെട്ടിടത്തിൽ ജൈവപച്ചക്കറി വിൽപനയും നാടൻ ഭക്ഷണശാലയും ആർട്ട് ഗാലറിയും തുടങ്ങാനായിരുന്നു ‘ഐഡിയ’. മത്സ്യക്കൃഷിയും സഞ്ചാരികൾക്ക് ചൂണ്ട ഇട്ട് മീൻ പിടിക്കാനും സൗകര്യമൊരുക്കുക, പെഡൽ ബോട്ട് എന്നിവ പദ്ധതിയുടെ ഭാഗമായി ഇന്നു പേപ്പറിൽ ഒതുങ്ങുന്നു. 

ആദ്യഘട്ടമായി 12 ലക്ഷം രൂപയാണ് അനുവദിച്ചത്. കെട്ടിട നിർമാണം ഏറ്റെടുക്കാൻ കരാറുകാർ തയാറാകാതെ വന്നപ്പോൾ ജനകീയ കമ്മിറ്റിയാണ് നിർമാണം നടത്തിയത്. പദ്ധതിയിലൂടെ മാരാരികുളത്തും മുഹമ്മയിലുമെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുകയായിരുന്നു ലക്ഷ്യം.

വരാം, പക്ഷേ സൗകര്യങ്ങളില്ല !

കായംകുളം ബോട്ടുജെട്ടിയോട് ചേർന്നുള്ള കായലോര വിനോദ സഞ്ചാര കേന്ദ്രത്തിൽ ആളുകൾ വരുന്നുണ്ട്. എന്നാൽ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. എട്ട് കോടിയോളം രൂപ ചെലവഴിച്ച ടൂറിസം കേന്ദ്രത്തിന് സെക്യൂരിറ്റി ജീവനക്കാരൻ ഇല്ല. കുടുംബസമേതം ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. വിശ്രമ കേന്ദ്രത്തോട് ചേർന്ന് അമിനിറ്റി സെന്റർ ഉണ്ടെങ്കിലും കരാറുകാർ ഏറ്റെടുക്കുന്ന സമയത്ത് മാത്രമേ ഭക്ഷണം ലഭിക്കുകയുള്ളൂ. ശുചിമുറി സൗകര്യവും അമിനിറ്റി സെന്ററിൽ മാത്രമാണുള്ളത്.

ശുചിമുറിയുണ്ട്. പ്രവേശനമില്ല !

സൂനാമി ഫണ്ട് ഉപയോഗിച്ച് നിർമിച്ച അന്ധകാരനഴിയിലെ വികസന പ്രവർത്തനം ടൂറിസം വകുപ്പിന്റെ കീഴിലാണ്. എന്നാൽ ശുചിമുറികളുടെ പോരായ്മ ഇവിടെയുണ്ട്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് ശുചിമുറികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും പൂട്ടിയിട്ട നിലയിലാണ്. മുൻപുണ്ടായിരുന്ന ശുചിമുറികളിലെ വാതിലുകളും ടാപ്പുകളും സാമൂഹിക വിരുദ്ധർ തകർത്തിട്ടുണ്ട്.

മാരാരി ബീച്ച്

അഞ്ച് കിലോമീറ്ററോളം തീരമുള്ള മാരാരി ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റ് ഉണ്ടെങ്കിലും ചിലത് കത്തുന്നില്ല. കടലിലെ കുളി കഴിഞ്ഞു നല്ല വെള്ളത്തിൽ കുളിക്കാൻ ഷവർ ബാത്ത് സൗകര്യവും ഇല്ല. ദിവസവും നൂറുകണക്കിന് ആളുകൾ വരുന്ന ഇവിടെ ശുചിമുറി സൗകര്യം ഇനിയുമെത്തിയിട്ടില്ല.

അർത്തുങ്കൽ ബീച്ച്

അർത്തുങ്കൽ ബീച്ചിനോട് ചേർന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കുട്ടികൾക്കായി നിർമിച്ച പാർക്കിനു 7 വയസ്സായി. പക്ഷേ വൈദ്യുതി ഇനിയും ലഭിച്ചിട്ടില്ല. വൈകിട്ടാകുമ്പോൾ പാർക്ക് പൂട്ടും. വൈദ്യുതിക്കായി ഡിടിപിസി അപേക്ഷ സമർപ്പിച്ചിട്ടില്ല. പാർക്ക് പഞ്ചായത്തിനു വിട്ടു നൽകാൻ തയാറുമല്ല. ബീച്ചിൽ ശുചിമുറി സൗകര്യമുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തുറന്നു കൊടുത്തിട്ടില്ല.

എന്നിട്ടും ആളെത്തുന്നു !

2021നെ അപേക്ഷിച്ച് 2022ലെ ആദ്യപാദത്തിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 59.12 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 1,09,907 ആഭ്യന്തര സഞ്ചാരികളാണ് എത്തിയതെങ്കിൽ 2022ൽ 1,74,884 പേരെത്തി. ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കാണിത്. 

മാർച്ചിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്; 67,800 പേർ. 2019ൽ ആദ്യ മൂന്നു മാസങ്ങളിൽ 180562 ആഭ്യന്തര സഞ്ചാരികൾ എത്തിയിരുന്നു.വിദേശ സഞ്ചാരികളുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. 2021ന്റെ ആദ്യപാദത്തിൽ 344 വിദേശ സഞ്ചാരികളാണ് എത്തിയതെങ്കിൽ 2022ൽ 726 ആയി. 111 ശതമാനത്തിന്റെ വർധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com