ADVERTISEMENT

കലവൂർ ∙ ഗുണനിലവാരമില്ലെന്നു കണ്ടു സർക്കാർ നിരോധിച്ച മരുന്നുകളുടെ ഉൽപാദനം കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി) താൽക്കാലികമായി നിർത്തി. പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും 6 മാസത്തിനു ശേഷം ഉൽപാദനം പുനരാരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. അമോക്സിലിൻ ഓറൽ സസ്പെൻഷൻ ഐപി, ആസ്പിരിൻ ഗ്യാസ്ട്രോ റസിസ്റ്റന്റ് ടാബ്‌ലെറ്റ്, ഓറൽ റീഹൈഡ്രേഷൻ സോൾട്സ് എന്നിവയുടെ 8 ബാച്ച് മരുന്നുകളാണ് സർക്കാർ നിരോധിച്ചത്.

ഇവ 2 വർഷം മുൻപ് ഉൽപാദിപ്പിച്ചതാണെന്നും ഗുണനിലവാരം സംബന്ധിച്ച പരാതിയെ തുടർന്ന് ജനുവരിയിൽ അമോക്സിലിൻ, ആസ്പിരിൻ മരുന്നുകളുടെ ഉൽപാദനം നിർത്തിയിരുന്നെന്നും കെഎസ്ഡിപി മാനേജിങ് ഡയറക്ടർ ഇ.എ.സുബ്രഹ്മണ്യം പറഞ്ഞു. പ്ലാന്റിൽ അറ്റകുറ്റപ്പണി ഉൾപ്പെടെ ചില പരിഷ്കാരങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും പറഞ്ഞു. മരുന്നുപൊടികൾ കട്ട പിടിക്കുന്നത് ഒഴിവാക്കാൻ ഇനി ഈർപ്പമേൽക്കാത്ത സംവിധാനത്തിലേ (ഡീഹ്യുമിഡിഫയർ റൂം) ഇവ നിർമിക്കൂ.ഗുണനിലവാരത്തിൽ പ്രശ്നം കണ്ടതിനെ തുടർന്ന്, കൺസൽറ്റന്റായ ഹിന്ദുസ്ഥാൻ ലൈഫ്കെയർ (എച്ച്എൽഎൽ) ഇവ പരിശോധിച്ചിരുന്നെന്നും അവരുടെ കണ്ടെത്തലുകളും നിർദേശങ്ങളും അനുസരിച്ചു നടപടിയെടുക്കുന്നുണ്ടെന്നും കെഎസ്ഡിപി ചെയർമാൻ സി.ബി.ചന്ദ്രബാബു പറഞ്ഞു.

പാക്കിങ് രീതി മാറ്റും. കുത്തിവയ്പ് മരുന്നുകൾക്കും മറ്റും ഇനി ബോട്ടിലിൽ അലുമിനിയം ഫോയിൽ കൂടി വയ്ക്കും. പുതിയ തരം ബോട്ടിലുകളും പാക്കിങ് മെഷീനും ഓർഡർ ചെയ്തിട്ടുണ്ട്. ഉൽപാദിപ്പിച്ച് 2 വർഷത്തോളമായ മരുന്നുകളിലാണ് പ്രശ്നം കണ്ടെത്തിയത്. ചില കാപ്സ്യൂളുകളുടെ ഷെല്ലിനും 2 വർഷമാകുമ്പോഴേക്ക് നിറവ്യത്യാസം കണ്ടെത്തിയിരുന്നു. കാപ്സ്യൂളിലെ മരുന്നിനെ ഇതു ബാധിക്കുന്നുണ്ടോ എന്നും പരിശോധിക്കും.  

മറ്റു ലാബുകളിൽ പരിശോധിക്കും

നിലവാരമില്ലെന്നു കണ്ടെത്തിയ മരുന്നുകൾ മറ്റു ലബോറട്ടറികളിലും പരിശോധിക്കും. കെഎസ്ഡിപിയുടെ വീഴ്ചയാണോ എന്നു കണ്ടെത്താനാണിതെന്ന് ചെയർമാൻ പറഞ്ഞു.നിരോധനം സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമത്തിന് കാരണമാവില്ലെന്ന് എംഡി പറഞ്ഞു. മെഡിക്കൽ സർവീസസ് കോർപറേഷൻ 50% മരുന്നുകളാണ് ആശുപത്രികൾക്കായി കെഎസ്ഡിപിയിൽനിന്നു വാങ്ങുന്നത്. 50% സ്വകാര്യ ഉൽപാദകരിൽനിന്നാണ് വാങ്ങുന്നത്. കെഎസ്ഡിപി പ്രശ്നം പരിഹരിക്കുന്നതു വരെ കോർപറേഷന് ഈ മരുന്നുകൾ പൂർണമായും സ്വകാര്യ മേഖലയിൽനിന്നു വാങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഗുണം പോയി; 8 കോടിയും 

കഴിഞ്ഞ സാമ്പത്തിക വർഷം കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ നൽകിയതിൽ 4 കോടിയോളം രൂപയുടെ ഓർഡറുകൾ തിരിച്ചയച്ചിരുന്നു. ഗുണനിലവാരമില്ലായ്മയുടെ പേരിലായിരുന്നു ഇത്. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്ഥാപനത്തിന്റെ പിന്നോട്ടടിയിൽ കമ്പനിയിലെ യൂണിയനുകളും പ്രതിഷേധത്തിലാണ്. ഉൽപാദന യൂണിറ്റിന്റെ ചുമതലക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഗുണനിലവാരമില്ലാത്തതിന്റെ പേരിൽ ഇതുവരെ  8 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു. അതേസമയം ഒന്നരവർഷം മുൻപ് ജർമനിയിൽ നിന്ന് 18 കോടിയോളം രൂപ ചെലവഴിച്ച് ഇറക്കുമതി ചെയ്ത യന്ത്രം ഇതുവരെയും പ്രവർത്തിപ്പിച്ച് തുടങ്ങിയിട്ടില്ല. പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന, അര ലീറ്ററിന്റെയും 100 മില്ലിയുടെയും കുത്തിവയ്പ് മരുന്നുകൾ നിർമിക്കുന്ന യന്ത്രമാണിത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com