ADVERTISEMENT

കെ.കെ.കുഞ്ചുപിള്ള സ്മാരക സ്കൂളും കാക്കാഴം സ്കൂളും പ്ലസ്ടു പരീക്ഷയിൽ 100% വിജയം നേടിയത് ചിട്ടയായ പരിശ്രമത്തിനൊടുവിൽ

രണ്ടിൽ നിന്ന് നൂറിലേക്ക്

അമ്പലപ്പുഴ ∙ 2010ൽ 2 ശതമാനം  മാത്രമായിരുന്ന വിജയം പിന്നീട് 100 ശതമാനം വിജയം മാത്രമായി മാറിയ കഥയാണ് കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പറയാനുള്ളത്. തുടർച്ചയായ 10ാം വർഷമാണ് സ്കൂൾ 100% വിജയം നേടുന്നത്. വിദ്യാർഥികൾക്കൊപ്പം അധ്യാപകരും ഒത്തൊരുമിച്ചപ്പോൾ വിജയം ഒപ്പംനിന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കൂളിൽ പ്രത്യേകം ക്ലാസെടുത്ത് സംശയ നിവാരണം  നടത്തുന്നത് പതിവാണ്. 

ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ് ടെസ്റ്റ് പേപ്പറുകളും നടത്തും. അവധി ദിവസങ്ങളിൽ അധ്യാപകരും വിദ്യാർഥികളും  സ്കൂളിലെത്താറുണ്ട്. പ്രവർത്തനങ്ങൾക്ക് പിടിഎയുടെ പിന്തുണയുമുണ്ടെന്ന് പ്രിൻസിപ്പൽ വി. ബിനിജ പറയുന്നു. സയൻസ് വിഷയത്തിൽ 55 വിദ്യാർഥികളും കൊമേഴ്സ് വിഭാഗത്തിൽ 54  വിദ്യാർഥികളും പരീക്ഷയെഴുതി.  സയൻ‍സിൽ 23 വിദ്യാർഥികൾക്കും കൊമേഴ്സിൽ 3  വിദ്യാർഥികൾക്കും ഫുൾ എ പ്ലസ് കിട്ടി. ഇതര സംസ്ഥാനത്തെ വിദ്യാർഥി അവിനാഷ് ഛേത്രിക്ക് സയൻസ് വിഷയത്തിൽ ഫുൾ എ പ്ലസ് നേടാനായതും സ്കൂളിന് അഭിമാനത്തിന് വക നൽകുന്നു.

alappuzha-teachers-and-students
ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും ആഹ്ലാദം.

വിളിച്ചുണർത്തിയ വിജയം

പുലർച്ചെ നാലിന് വിദ്യാർഥികളുടെ ഫോണിലേക്ക് അധ്യാപകരുടെ വിളിയെത്തും. പഠനത്തിനു വേണ്ട നിർദേശങ്ങൾ നൽകും. കോവിഡ് കാലത്ത്  ഉൾപ്പെടെ വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. 2104ലാണ് കാക്കാഴം ഗവ. ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളായി ഉയർന്നത്. ആദ്യവർഷം കേവലം 40 ശതമാനമായിരുന്നു വിജയം. കഴിഞ്ഞവർഷം 98 ശതമാനത്തിലെത്തി.

ആദ്യമായാണ് 100 ശതമാനം വിജയം നേടുന്നത്. കൊമേഴ്സിൽ 55 വിദ്യാർഥികളും സയൻസിൽ 54 വിദ്യാർഥികളും പരീക്ഷയെഴുതി. സയൻസിൽ 5 വിദ്യാർഥികൾക്കും കൊമേഴ്സിൽ 3 വിദ്യാർഥികൾക്കും ഫുൾ എ പ്ലസ് നേടാനായി. അടുത്തവർഷവും സമാന നേട്ടം ആവർത്തിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നു പ്രിൻസിപ്പൽ അരുൺ ജി. കൃഷ്ണനും അധ്യാപകരും പറയുന്നു.

∙ എ.എം.ആരിഫ് എംപി, എച്ച്.സലാം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ സ്കൂളുകളിലെത്തി വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com