ഭാര്യയുടെയും മക്കളുടെയും മരണം: പൊലീസ് ഉദ്യോഗസ്ഥന്റെ സ്ത്രീസുഹൃത്ത് അറസ്റ്റിൽ

alappuzha-shahana
പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും മക്കളും മരിച്ച കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷഹാനയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ.
SHARE

ആലപ്പുഴ ∙ പൊലീസ് ക്വാർട്ടേഴ്സിൽ രണ്ടു മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന്റെ സ്ത്രീസുഹൃത്തിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ആലപ്പുഴ ലജ്നത്ത് വാർഡ് ഷാമിറ മൻസിലിൽ ഷഹാനയെ (24) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.സിവിൽ പൊലീസ് ഓഫിസർ ആലപ്പുഴ സക്കരിയ വാർഡ് നവാസ് മൻസിലിൽ റെനീസിന്റെ ഭാര്യ നജ്‌ല (27), മകൻ ടിപ്പു സുൽത്താൻ (5), മകൾ മലാല (ഒന്നര) എന്നിവർ മരിച്ച കേസിലാണിത്. മേയ് 10ന് ആയിരുന്നു സംഭവം.

റെനീസ് തന്നെ വിവാഹം കഴിക്കാൻ പോകുകയാണെന്നും നജ്‌ലയും കുട്ടികളും ഒഴിഞ്ഞു പോകണമെന്നും പറഞ്ഞ് ഷഹാന നജ്‌ലയെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു. നജ്‌ലയും കുട്ടികളും മരിച്ച ദിവസം രാവിലെയും ഷഹാന ക്വാർട്ടേഴ്സിലെത്തി വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. തൊട്ടുമുൻപുള്ള ദിവസങ്ങളിലും 6 മാസം മുൻപും ഇവർ ക്വാർട്ടേഴ്സിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറയുന്നു.ഷഹാനയെ ഇന്നലെ പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ചു തെളിവെടുത്തു. ഷഹാനയെ ഇന്നലെ തിരിച്ചറിഞ്ഞ സമീപവാസികൾ അവരോടു പ്രതിഷേധിച്ച് ബഹളമുണ്ടാക്കി. ഷഹാനയെ ജൂലൈ 6 വരെ കോടതി റിമാൻഡ് ചെയ്തു.

ഷഹാനയെക്കുറിച്ച് നജ്‌ലയുടെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നതിനാൽ പല തവണ ഇവരെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവരെ കേസിൽ പ്രതി ചേർത്തു. ഷഹാനയുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.നജ്‌ലയും കുട്ടികളും മരിച്ച കേസിൽ റെനീസിനെ സംഭവത്തിന്റെ പിറ്റേന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ആത്മഹത്യാ പ്രേരണയും ഗാർഹിക പീഡനവുമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.ഷഹാനയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘത്തലവനായ ഡിസിആർബി ഡിവൈഎസ്പി കെ.എൽ.സജിമോൻ പറഞ്ഞു. മൊബൈൽ ഫോൺ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ഫൊറൻസിക് വിഭാഗത്തിൽനിന്ന് ഉടൻ ലഭിക്കുമെന്നും  അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS