ADVERTISEMENT

അമ്പലപ്പുഴ  ∙ ഗവ. ഡെന്റൽ കോളജ് കെട്ടിട നിർമാണം അനിശ്ചിതമായി നീളുന്നു. ഇതിനാൽ സൗകര്യങ്ങൾ കുറഞ്ഞ പാരാ  മെഡിക്കൽ കെട്ടിടത്തിലാണ് കോളജ് പ്രവർത്തിക്കുന്നത്.  കോളജിന്റെ ഒന്നാം ഘട്ടം പണി പൂർത്തിയായി. എന്നാൽ രണ്ടാം ഘട്ടം പണി പാതി വഴിയിലാണ്. 3 ബില്ലുകളിലായി 10 കോടി രൂപയാണ് കരാർ ഏജൻസിക്ക് സർക്കാർ നൽകാനുള്ളത്. ഒരു വർഷത്തിലേറെയായി നിർമാണം ഇഴഞ്ഞു  നീങ്ങുകയാണ്.

2014 ഓഗസ്റ്റ് 16ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് കോളജ്  ഉദ്ഘാടനം ചെയ്തത്. ഒന്നാം ഘട്ടത്തിന് 26.7  കോടി രൂപയും രണ്ടാം ഘട്ടത്തിന് 31.74 കോടി രൂപയും അടക്കം  ആകെ 58.44 കോ‌ടി രൂപ  അനുവദിച്ചിരുന്നു. എന്നാൽ കെട്ടിടം നിർമാണം 2017 ലാണ് തുട‌‌ങ്ങിയത്.  2 വർഷത്തിനുള്ളിൽ കെട്ടിടം പണി പൂർത്തിയായി കോളജ് ഇവിടേക്ക് മാറ്റുമെന്നാണ് അധികാരികൾ അറിയിച്ചത്. 50 വിദ്യാർഥികൾക്കാണ് പ്രവേശനം.  ഇന്ത്യൻ ഡെന്റൽ കൗൺസിൽ പ്രതിനിധികൾ എല്ലാ വർഷവും പരിശോധന നടത്തി  പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നിർദേശിക്കാറുണ്ട്.

നിലവിലെ കോളജ് കെട്ടിടത്തിൽ കോളജും ആശുപത്രിയും പ്രവർത്തിക്കുന്നു. ഇവിടെ ക്ലാസ്മുറികളും ആശുപത്രിയും പ്രവർത്തിക്കുന്നത് അസൗകര്യങ്ങളുടെ നടുവിലാണ്. രോഗികൾക്ക് ഇരിക്കാൻ പോലും സൗകര്യം കുറവാണ്.  പരിശോധന കഴിഞ്ഞ് തുടർ ചികിത്സയ്ക്ക് 3 മുതൽ 6  മാസം വരെ കാലാവധിയാണ് നൽകി  വരുന്നത്.  ദിവസവും 100 മുതൽ 170 രോഗികൾ വരെ ചികിത്സ തേടിയെത്തുന്നു. കോവിഡ് കാലത്ത് നിലവിലുണ്ടായിരുന്ന ഒപി സമയം രാവിലെ 9 മുതൽ 12 വരെയായിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഇതേ സമയം തുടർന്നത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. എന്നാൽ പ്രിൻസിപ്പൽ ഇടപെട്ട് ഒപി  സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാക്കി. കെട്ടി‌ട‌ നിർമാണം അനന്തമായി  നീണ്ടാൽ ഇന്ത്യൻ ഡെന്റൽ കൗൺസിൽ വർഷം തോറും പുതുക്കി നൽകുന്ന കോളജിന്റെ അംഗീകാരം പ്രതിസന്ധിയിലാകും.

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാർക്ക് തുക നൽകി  നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ്  പ്രതീക്ഷ. ഡോ.ഗിൽസ കെ. വാസുണ്ണി, പ്രിൻസിപ്പൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com