ADVERTISEMENT

ചാരുംമൂട്∙ താമരക്കുളത്ത് വ്യാപക കൃഷി നശീകരണവുമായി കാട്ടുപന്നികൾ. പഞ്ചായത്തിലെ ഗുരുനാഥൻകുളങ്ങര എട്ടാം വാർ‍ഡിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നികൾ കൂട്ടമായി എത്തി കൃഷി നശിപ്പിച്ചത്. ഗുരുനാഥൻകുളങ്ങര നന്ദനത്തിൽ അശോകന്റെ സ്ഥലത്ത് തെങ്ങിൻതൈകളും വാഴകളും ആണ് നശിപ്പിച്ചവയിൽ കൂടുതൽ. തെങ്ങിൻ തൈകൾ കുത്തിമറിക്കുകയായിരുന്നു. 

സമീപമുള്ള തയ്യിൽ കിഴക്കേതിൽ വിജയന്റെ കൃഷിയിടത്തിലെ നൂറുകണക്കിന് മൂട് മരച്ചീനികളും നശിപ്പിച്ചു. പഞ്ചായത്തിലെ പച്ചക്കാട്, ചത്തിയറ, നെടിയാണിക്കൽ, ചാവടി തുടങ്ങിയ സ്ഥലങ്ങളിൽ കൃഷി നശീകരണം നടത്തിയതിന് പിന്നാലെയാണ് കാട്ടുപന്നികൾ ഗുരുനാഥൻ കുളങ്ങരയിലും എത്തിയത്. രണ്ട് മാസം മുൻപ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യാപകമായ രീതിയിലായിരുന്നു കാട്ടുപന്നികളുടെ കൃഷിനശീകരണം. നൂറനാട് മറ്റപ്പള്ളിയിൽ രണ്ട് വർഷമായി കാട്ടുപന്നി ശല്യം തുടങ്ങിയിട്ട്. ഇപ്പോഴും പാലമേൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 

ഇവിടെ നിന്നും പഞ്ചായത്തിലെ പയ്യനല്ലൂർ ഭാഗത്തും കാട്ടുപന്നികൾ കൂട്ടമായി തമ്പടിച്ചിട്ടുണ്ട്. ഇവിടെയും വ്യാപക കൃഷിനാശമാണ് നടന്നിട്ടുള്ളത്. മറ്റപ്പള്ളിയിൽ നിന്നും പയ്യനല്ലൂരിൽ നിന്നും കനാൽ വശങ്ങളിലൂടെയാണ് കാട്ടുപന്നികൾ താമരക്കുളത്ത് എത്തിയത്. താമരക്കുളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കാട്ടുപന്നികൾ കൂട്ടമായി തങ്ങിയിട്ടുണ്ട്. 

കൃഷി നശിച്ചതിലൂടെ കർഷകർക്ക് കോടികളുടെ നഷ്ടമുണ്ടായതല്ലാതെ ധനസഹായം ഒന്നും തന്നെ ലഭിച്ചിട്ടില്ല. താമരക്കുളത്ത് കൃഷിനാശമുണ്ടായ സ്ഥലങ്ങളിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തി നാശനഷ്ടം വിലയിരുത്തി. പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നും കാട്ടുപന്നിയെ ഉന്മൂലനം ചെയ്യാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു കർഷകർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com