8 പേർക്ക് പരുക്ക് പരുക്കേറ്റു; ഡ്രൈവറുടെ കൈയ്ക്ക് ഗുരുതര പരുക്ക്
ചെങ്ങന്നൂർ ∙ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് മത്സ്യവിൽപന കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി, ഡ്രൈവർ ഉൾപ്പെടെ 8 പേർക്കു പരുക്ക്. ഇന്നലെ ഉച്ചയ്ക്കു 2 മണിയോടെ എംസി റോഡിൽ മുളക്കുഴ ഊരിക്കടവിനു സമീപമാണ് അപകടം. എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കു പോയ അടൂർ ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ കൊല്ലം ഈസ്റ്റ് കല്ലട മറവൂർ അശ്വതി ഭവനിൽ ജി.അനിൽകുമാറിന്റെ (45) കൈക്കു ഗുരുതരമായി പരുക്കേറ്റു. കണ്ടക്ടർ പുത്തനമ്പലം കൊട്ടയ്ക്കാട് വി.എസ്. അനന്തപത്മൻ (40) , യാത്രക്കാരി ഉഴവൂർ സ്വദേശിനി ഗീത , എറണാകുളം സ്വദേശിനി എൻ.ജി.ചൈതന്യ എന്നിവർ സ്വകാര്യാശുപത്രിയിലും നിസാര പരുക്കേറ്റ മറ്റു യാത്രക്കാർ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. മത്സ്യ വിൽപനശാലയിൽ അധികം ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.