ബിജെപിയോട് തെറ്റി പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

ഫെയ്സ്ബുക് ലൈവിൽ രാജി പ്രഖ്യാപിക്കുന്ന പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ്  ആശ വി.നായർ.
ഫെയ്സ്ബുക് ലൈവിൽ രാജി പ്രഖ്യാപിക്കുന്ന പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ആശ വി.നായർ.
SHARE

∙പഞ്ചായത്ത് അംഗത്വവും പാർട്ടി അംഗത്വവും രാജിവച്ചതായി ഫെയ്സ്ബുക് ലൈവിൽ പ്രഖ്യാപനം
∙ഇതോടെ ജില്ലയിൽ ഒരു തദ്ദേശസ്ഥാപനത്തിലും ഭരണമില്ലാതെ ബിജെപി

ചെങ്ങന്നൂർ ∙ ആലപ്പുഴ ജില്ലയിൽ ബിജെപി ഭരണം അവശേഷിച്ച ഏക പഞ്ചായത്തായ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ആശ വി. നായർ പദവിയും പഞ്ചായത്ത് അംഗത്വവും പാർട്ടി അംഗത്വവും രാജിവച്ചു. ഇന്നലെ വൈകിട്ടു ഫെയ്സ്ബുക്ക് ലൈവിലെത്തിയായിരുന്നു രാജിപ്രഖ്യാപനം. പിന്നാലെ സെക്രട്ടറിക്കു രാജിക്കത്ത് നൽകി. വൈസ് പ്രസിഡന്റായ ബിജെപിയിലെ ടി.സി.സുരേന്ദ്രൻനായർക്കെതിരെ പഞ്ചായത്തിൽ ഈ മാസം 4ന് സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു.

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലൈ 6 നു നടത്താനിരിക്കെയാണ് പ്രസിഡന്റും രാജിവച്ചത്. കോൺഗ്രസ് പിന്തുണയോടെ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം പാസായെങ്കിലും പ്രസിഡന്റായ ആശയ്ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടു വന്നിരുന്നില്ല. ഇതു മൂന്നു പാർട്ടികളിലും വിവാദത്തിനു തിരികൊളുത്തിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ പഞ്ചായത്ത് കൂടിയാണ് പാണ്ടനാട്.

13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ബിജെപി - 6, സിപിഎം- 5, കോൺഗ്രസ് - 2 എന്നിങ്ങനെയാണ് കക്ഷിനില. പാണ്ടനാട് പഞ്ചായത്ത് ഏഴാം വാർഡ് വന്മഴി വെസ്റ്റിൽ നിന്നുള്ള പ്രതിനിധിയായിരുന്ന ആശ രണ്ടാം വട്ടമാണു പഞ്ചായത്ത് അംഗമായത്. വാർഡിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം ലഭിക്കുന്ന മുറയ്ക്കു ഉപതിരഞ്ഞെടുപ്പു നടത്തണം.

ഇടത്തേക്കെന്ന് സൂചന

മറ്റേതെങ്കിലും പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം പിന്നീട് ആലോചിക്കുമെന്നായിരുന്നു ആശ വി.നാ‍യരുടെ മറുപടി. ഇടതു പക്ഷത്ത് ചേർന്നു പ്രവർത്തിക്കാനാണു സാധ്യതയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈസ് പ്രസിഡന്റിനെതിരെ മാത്രം അവിശ്വാസവുമായി സിപിഎം രംഗത്തെത്തിയപ്പോൾ തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു.

പഞ്ചായത്തിൽ ഇനി ?

7–ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിനു മുൻപ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നാൽ ബിജെപിക്കും സിപിഎമ്മിനും 5 സീറ്റുകൾ വീതമുണ്ടാകും. 2 അംഗങ്ങളുള്ള കോൺഗ്രസിന്റെ നിലപാട് നിർണായകമാകും. അതേസമയം അവിശ്വാസപ്രമേയത്തെ തുടർന്നു കോൺഗ്രസിലും ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനു നൽകി സിപിഎം ഭരണത്തിലേറാനുള്ള സാധ്യതയുമുണ്ട്.

ജനം മറുപടി നൽകും: ബിജെപി

സ്വാർഥലാഭത്തിന് വേണ്ടി പാർട്ടിയെയും ജനങ്ങളെയും വഞ്ചിച്ചവർക്കുള്ള മറുപടി ജനം നൽകുമെന്നും സിപിഎമ്മിലെ ചില നേതാക്കളുമായി ചേർന്ന് പഞ്ചായത്തിൽ നടത്തിയ അഴിമതി ചോദ്യം ചെയ്തതാണ് പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിക്ക് കാരണമായതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ,മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് എന്നിവർ പറഞ്ഞു.

മന്ത്രിയെ പുകഴ്ത്തിയും ബിജെപിയെ പ്രതിക്കൂട്ടിലാക്കിയും എഫ്ബി ലൈവ്

ആശ ഫെയ്സ്ബുക് ലൈവിൽ പറഞ്ഞത്: ‘വാർഡിലെ ജനങ്ങളോട് ആദ്യമേ ക്ഷമ ചോദിക്കുന്നു. എന്നെ ഏൽപിച്ച ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനു പല കാരണങ്ങളുണ്ട്. വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം പാസായതു മുതൽ എന്റെ പാർട്ടി എന്നെ രാജി വയ്ക്കാൻ നിർബന്ധിക്കുകയായിരുന്നു. അതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ സ്വന്തം തീരുമാനപ്രകാരമാണു രാജിവയ്ക്കുന്നത്.

രാഷ്ട്രീയത്തിനതീതമായി നിന്നു മന്ത്രി സജി ചെറിയാൻ 50 കോടിയിൽപരം രൂപയുടെ വികസന പ്രവർത്തനങ്ങളാണു പഞ്ചായത്തിൽ നടപ്പാക്കിയത്. പ്രസിഡന്റ് എന്ന നിലയിൽ മന്ത്രിയോടൊപ്പം നിന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനെയെല്ലാം നെഗറ്റീവായി കാണുകയും എന്നെ ഒറ്റപ്പെടുത്തുകയുമാണ് എന്റെ പ്രസ്ഥാനം. ഇനി തുടരാൻ താൽപര്യമില്ല. എന്നെ മനസ്സിലാക്കാൻ കഴിയാത്ത പ്രസ്ഥാനത്തിൽ നിന്നിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ല. പ്രസിഡന്റ് സ്ഥാനത്തിനൊപ്പം മെംബർ സ്ഥാനവും രാജിവയ്ക്കുകയാണ്.’

ബിജെപി പ്രവർത്തകരും അനുഭാവികളും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നതായി പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആശ പറഞ്ഞു. മന്ത്രി സജി ചെറിയാൻ 50 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു ഫണ്ട് തന്നപ്പോൾ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹൻ ഒരു കോടിയോളം രൂപ 2021-22 ൽ ജില്ലാപഞ്ചായത്തിൽ നിന്ന് അനുവദിച്ചിരുന്നു. പഞ്ചായത്തിന്റെ വികസനം ശരിയായി മുന്നോട്ട് കൊണ്ടുപോകുന്നതിന് മന്ത്രിയുടെയും മറ്റ് ജനപ്രതിനിധികളുടെയും സഹായം അത്യന്താപേക്ഷിതമാണ്.

രാഷ്ട്രീയ അന്ധത മൂലം വികസനത്തെ എതിർക്കുന്ന ബിജെപിയുടെ നിലപാടിനൊപ്പം തുടരാൻ കഴിയുകയില്ല. ജനങ്ങളിലാണ് വിശ്വാസം. അവരോട് നീതിപുലർത്താൻ അനുവദിക്കാത്ത ബിജെപിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നു. ബിജെപി ബാനറിൽ വിജയിച്ച മെംബർ സ്ഥാനവും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും രാജി വയ്ക്കുന്നു. തുടർന്നും ജനങ്ങളോടൊപ്പം പൊതുപ്രവർത്തന രംഗത്തുണ്ടാകുമെന്നും രാജിവച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ആശ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS