ADVERTISEMENT

ഏതെങ്കിലും ഡോക്ടറുടെ കാബിനിൽ കയറിയിട്ടില്ലാത്തവർ  കാണില്ല. ഭാരം നോക്കുന്ന മെഷീൻ, കുറച്ചു മരുന്നുകൾ, കിടന്നു പരിശോധിക്കാൻ ഒരു കട്ടിൽ എന്നിങ്ങനെ അവിടെ കാണാം. ഈ കാബിനിൽ വളരെ ഗൗരവമായ കാര്യങ്ങൾ മാത്രമല്ല, രസകരമായ സംഭവങ്ങളും അരങ്ങേറാറുണ്ട്. രോഗ വിവരവുമായി വരുന്നവർ ചിരിയുമായി മടങ്ങിയ ഒട്ടേറെ കഥകൾ...

മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രം സീനിയർ മെഡിക്കൽ ഓഫിസർ ഡോ.സാബു സുഗതൻ കാബിനിലുള്ളിലും പുറത്തും നടന്നിട്ടുള്ള രസകരമായ സംഭവങ്ങൾ ഈ ഡോക്ടേഴ്സ് ദിനത്തിൽ പങ്കുവയ്ക്കുന്നു. 

കുപ്പി വയ്ക്ക് നാണിയമ്മേ !

മെഡിക്കൽ കോളജ് സർവീസിൽ നിന്നാണ് ആരോഗ്യ വകുപ്പിലേക്ക് ജോലിയിൽ പ്രവേശിക്കുന്നത്. ചെറിയനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു ആദ്യ നിയമനം. ചെറിയ ചുമയൊക്കെയായി ഒരമ്മ പരിശോധനയ്ക്കെത്തി. 75 വയസ്സിനു മുകളിൽ പ്രായം. പേര് നാണിയമ്മ. മരുന്ന് വാങ്ങാനായി കയ്യിൽ രണ്ട് കുപ്പികളുണ്ട്.

‘തലകറക്കമാണ് ഡോക്ടറേ. ചുമയുമുണ്ട്.’ നാണിയമ്മ പറഞ്ഞു.
എങ്കിൽ ആദ്യ പണി രക്തസമ്മർദം പരിശോധിക്കുകയാണ്. ഉപകരണം നാണിയമ്മയുടെ കയ്യിൽ കെട്ടണമെങ്കിൽ ആദ്യം അവർ കുപ്പി താഴെ വയ്ക്കണം.
‘അമ്മേ, കുപ്പി വയ്ക്ക്’– മേശയുടെ മുകളിലുള്ള ഗ്ലാസ് ഷീറ്റിൽ തട്ടി ഞാൻ പറഞ്ഞു.
അമ്മ സംശയത്തോടെ നോക്കി.
ഞാൻ വീണ്ടും പറഞ്ഞു. ‘പേടി വേണ്ട അമ്മേ, കുപ്പി വയ്ക്ക്’.
നാണിയമ്മയ്ക്ക് ധൈര്യമായി. ഒന്നും നോക്കിയില്ല. മേശയുടെ മേൽ കാർക്കിച്ച് ഒരൊറ്റ തുപ്പ് !

‘കുപ്പി വയ്ക്ക്’ എന്ന് ഞാൻ പറഞ്ഞത് അമ്മ കേട്ടത് ‘തുപ്പി വയ്ക്ക്’ എന്നാണ്. ഉടൻ തന്നെ മേശയിലിരുന്ന ലെൻസ് എടുത്ത് നോക്കി ഞാൻ പറഞ്ഞു – കഫത്തിൽ പ്രശ്നമൊന്നും കാണുന്നില്ല. മരുന്ന് വാങ്ങാനായി ഫാർമസിയിലെത്തി നാണിയമ്മക്ക് പുതിയതായി വന്ന ഡോക്ടറേപ്പറ്റി നൂറ് നാവ്. തലകറക്കമായി വന്ന എന്റെ കഫം വരെ പരിശോധിച്ചത്രേ. അതും കാശ് വാങ്ങാതെ ! വലിയ വഴക്കുകളിലേക്ക് പോകാവുന്ന പല കാര്യങ്ങളും ഇത്തരത്തിലും നമുക്ക് പരിഹരിക്കാൻ കഴിയും.

ഡോക്ടറാണ് ഡോക്ടറേ, ഡോക്ടർ

ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് ഞാൻ ആ അച്ഛനെയും മകളെയും കാണുന്നത്. ഇരുവരും എന്റെ അടുത്തെത്തി. സാബു ഡോക്ടറല്ലേ എന്ന് ചോദിച്ച് അച്ഛൻ സംസാരം തുടങ്ങി. മകളുടെ ജീവൻ രക്ഷിച്ചത് ഞാനെന്നു പല തവണ അദ്ദേഹം പറഞ്ഞു. ഇടയ്ക്കൊരു ‘സ്റ്റോപ്’ ഇട്ടതിനു ശേഷം മകളോട് പറഞ്ഞു– ‘ഡോക്ടർ ഉള്ളതു കൊണ്ടാണ് നീ ജീവിച്ചിരിക്കുന്നത്.’ കൂപ്പുകൈകളുമായി ആ കുട്ടിയും നിൽക്കുന്നു. കൂപ്പയിലുള്ള യാത്രക്കാർ വളരെ ബഹുമാനത്തോടെ ‘ലവൻ പുലി ആയിരുന്നല്ലെ’ എന്ന രീതിയിൽ എന്നെ നോക്കുകയാണ്.

പക്ഷേ, എനിക്ക് ഇവരെ രണ്ടു പേരെയും മനസ്സിലായിട്ടില്ല. ഈ കുട്ടിയെ എങ്ങനെ ഞാൻ ചികിത്സിച്ചു എന്നത് എത്ര ഓർത്തിട്ടും കിട്ടുന്നില്ല. അവസാനം ചോദിക്കാൻ തന്നെ തീരുമാനിച്ചു. വർഷങ്ങൾ ഒരുപാട് ആയതിനാൽ ഓർക്കുന്നില്ല എന്നൊരു സൂചന നൽകി. അപ്പോൾ അദ്ദേഹം പറഞ്ഞു തുടങ്ങി – ‘ഇവൾ കുഞ്ഞായിരുന്നപ്പോൾ വിട്ടുമാറാത്ത പനിയുമായി ഞങ്ങൾ ഡോക്ടറുടെ വീട്ടിലെത്തി.

ഡോക്ടർ പരിശോധിക്കുന്നതിനു മുൻപ് തന്നെ എത്രയും വേഗം മെഡിക്കൽ കോളജിലെത്തിക്കാൻ നിർദേശിച്ചു. പനി പരിശോധിക്കുക പോലും ചെയ്തില്ല. മെഡിക്കൽ കോളജിലെത്തി ചികിത്സിച്ചു ഭേദമായി. ഡോക്ടറാണ് ഇവളുടെ ജീവൻ തിരികെ ലഭിക്കാൻ കാരണം.’ അദ്ദേഹം പറഞ്ഞു. മകൾ വീണ്ടും കൈ കൂപ്പി. അടുത്ത സ്റ്റേഷനിൽ ഞാൻ ഇറങ്ങി.അല്ല, ഞാൻ കൈ വയ്ക്കാത്തതാണ് മകളുടെ ജീവൻ രക്ഷപെടാനുള്ള കാരണം എന്നല്ലേ അദ്ദേഹം പറഞ്ഞത്.

താരാട്ട് പോലൊരു എക്സ്റേ...

മക്കളെ പഠിപ്പിക്കുന്ന ടീച്ചർ പരിശോധനയ്ക്കായി ഒരു ദിവസം രാവിലെ എത്തി. തലേന്ന് വൈകി കിടന്നതിനാൽ ഞാൻ ഉറക്കത്തിലായിരുന്നു. ഭാര്യ വിളിച്ചുണർത്തി. ഉറക്കപ്പിച്ചിലാണ് പരിശോധന. മുൻപ് പറഞ്ഞ പ്രകാരം എക്സ്റേയും കൈവശമുണ്ട്. എക്സ്റേ വാങ്ങി പരിശോധന ആരംഭിച്ചു. വലിയ കരച്ചിൽ കേട്ട് ഉണരുമ്പോൾ ഞാൻ നിലത്ത് കിടക്കുകയാണ്. പരിശോധനയ്ക്കെത്തിയ ടീച്ചറും എന്റെ ഭാര്യയുമാണ് കരയുന്നത്.

എക്സ്റേയിൽ എന്തോ വലിയ തകരാർ കണ്ടെത്തിയതാണ് ഡോക്ടർ വീണു പോകാൻ കാരണം എന്ന് സംശയിച്ചാണ് ടീച്ചർ കരഞ്ഞത്. രാവിലെ തന്നെ ഭർത്താവിന് ബോധക്ഷയം വന്നെന്നത് ഭാര്യയുടെ കരച്ചിൽ കാരണം.തലേന്ന് രാത്രി ഉറങ്ങാത്തതിനാൽ പരിശോധനയ്ക്കിടെ ഉറങ്ങിപ്പോയ ഞാൻ കുറച്ചു നേരം കൂടി ആ കിടപ്പ് തുടർന്നു.

അങ്ങ് നീങ്ങി കിടക്ക് ഡോക്ടറെ...

കെട്ടിടത്തിനു മുകളിൽ നിന്നു വീണ് കാലിൽ പ്ലാസ്റ്റർ ഇട്ട് വിശ്രമ ജീവിതം നയിച്ചിരുന്ന കാലം. വീട്ടിലെ പരിശോധന താൽക്കാലികമായി അവസാനിപ്പിച്ചു. പക്ഷേ ഡോക്ടറുടെ ക്ഷേമം അന്വേഷിക്കാൻ എന്ന വ്യാജേന ആൾക്കാർ വന്നു തുടങ്ങി. വരുന്നവർ ആദ്യം ഡോ.ചിത്രയെ കാണണം. എന്റെ ഭാര്യയാണ്. വിവരങ്ങൾ ചിത്ര എന്നെ അറിയിക്കും. ഞാൻ മരുന്ന് എഴുതും. കിടപ്പായിരുന്നതിനാൽ എന്നേ നേരിൽ കാണാൻ അനുവദിച്ചിരുന്നില്ല.

ഡോക്ടറെ നേരിൽ കാണണം എന്ന ആവശ്യവുമായി ഒരാളെത്തി. വായിൽ ഒരു പൊട്ടുണ്ട്, അത് ഡോക്ടറെ നേരിൽ കാണിക്കണം എന്നാണ് ആവശ്യം. ചിത്രയോട് അകത്തേക്ക് വിടാൻ ഞാൻ പറഞ്ഞു.
കട്ടിലിൽ കിടക്കുന്ന എന്നെ നോക്കി രോഗി ഒരു നിമിഷം എന്തോ ആലോചിച്ചു. പിന്നെ കട്ടിലിന്റെ ഒരറ്റത്ത് കിടന്നു. ‘ഡോക്ടറെ കുറച്ചങ്ങ് നീങ്ങി കിടന്നേ’ എന്നൊരു ആവശ്യവും. ഞാൻ നീങ്ങി അദ്ദേഹത്തിന് കിടക്കാൻ സ്ഥലമൊരുക്കി.

അദ്ദേഹം പരിശോധനയ്ക്കായി വാ തുറന്നു. പരിശോധന പുരോഗമിക്കവേ, ചെറിയ ഓക്കാനത്തോടെ വലിയ ഛർദി ഇങ്ങെത്തി. അന്നത്തെ പരിശോധന ചിത്ര അവസാനിപ്പിച്ചു. എന്നെ കുളിപ്പിക്കുന്നതിനൊപ്പം കട്ടിലും മുറിയും കഴുകേണ്ടതായി വന്നു. പിറ്റേന്ന് ചിത്രയുടെ കയ്യക്ഷരത്തിൽ പുതിയ ബോർഡ് വീടിനു മുന്നിൽ വന്നു.‘ഡോ.സാബു സുഗതനെ നേരിൽ കാണുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.’

അമ്മയ്ക്കും വേണം പരിശോധന

ആലപ്പുഴ മെഡിക്കൽ കോളജിലെ ഹൗസ് സർജൻസി കാലം. പീഡിയാട്രിക് വിഭാഗത്തിലായിരുന്നു പരിശീലനം. വിഭാഗത്തിന്റെ മേധാവി ഡോ.ചിത്രലേഖയുടെ കൂടെ ഒപിയിൽ ഇരുന്ന ദിവസം. ഒരു യുവതി തന്റെ 2 വയസ്സുകാരി മകളെ ചികിത്സിക്കാനായി എത്തി. പനി തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. മറ്റ് ആശുപത്രികളിൽ പോയിട്ടാണ് വരുന്നത്. പരിശോധന തുടങ്ങി. യുവതി ചിരിയും തുടങ്ങി. പിന്നെയാണ് മനസ്സിലാകുന്നത്. മകളുടെ പനിക്ക് പരിശോധിക്കുന്നത് അമ്മയെയാണ്. ചമ്മൽ മറയ്ക്കണം. ഡോ. ചിത്രലേഖ നോക്കുന്നുമുണ്ട്.

‘ഡോക്ടറേ പനി എനിക്കല്ല, കുഞ്ഞിനാണ്.’– യുവതി ചിരിച്ചോണ്ട് പറഞ്ഞു. ഗൗരവം വിടാതെ ഞാൻ പരിശോധന തുടർന്നു. എന്നിട്ട് പറഞ്ഞു :
‘അമ്മയുടെ ആരോഗ്യാവസ്ഥ കണ്ടെത്തേണ്ടതുണ്ട്. ചിലപ്പോൾ കുഞ്ഞിന്റെ രോഗ കാരണം അതാവാം.’

യുവതി ചിരി നിർത്തി. എന്നിട്ട് പറഞ്ഞു – ‘ചെറിയ പനി ഉണ്ടായിരുന്നു.’ ‘എങ്കിൽ കുഞ്ഞിനു മാത്രം ഒപി ടിക്കറ്റ് എടുത്താൽ പോരാ, അമ്മയും എടുക്കണം.’ കുറച്ചൂടെ ഗൗരവത്തിലായി. ബാക്കി പരിശോധനകൾക്ക് ശേഷം അവരെ വിട്ടു. വലിയ ചമ്മലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇതു കണ്ട് ഡോ.ചിത്രലേഖ ചെറിയ ചിരി സമ്മാനിച്ചു. പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ പഠിച്ചിരിക്കണം.

രോഗി വക ഒരു ഇടക്കാല ആശ്വാസം 

എന്നേക്കാൾ പ്രായമുള്ള അംബാസഡർ കാറിലാണ് എന്റെ യാത്ര. ഇടയ്ക്കിടെ അവനൊന്നു പിണങ്ങും. അന്നും ചെറുതായി പിണങ്ങി. യാത്രയ്ക്കിടെ ടയർ പഞ്ചർ. ഒറ്റയ്ക്കായിരുന്നു യാത്ര. ടയർ നന്നാക്കാതെ പറ്റില്ലല്ലോ. ടയർ മാറ്റൽ പണി ആരംഭിച്ചു. പെട്ടെന്ന് ഒരു ബൈക്ക് യാത്രികൻ അടുക്കലേക്ക് വന്നു.

‘ഡോക്ടറെ, ഞാൻ ഡോക്ടറിന്റെ പക്കൽ പരിശോധനയ്ക്ക് വരുന്നതാണ്’– അദ്ദേഹം പരിചയപ്പെടുത്തി.
‘ഇതു ഞാൻ ശരിയാക്കി തരാം.’ ഇത്രയും പറഞ്ഞ് സ്പാനർ എന്റെ കയ്യിൽ നിന്നും അദ്ദേഹം വാങ്ങി. വേണ്ട എന്നു പറഞ്ഞെങ്കിലും അദ്ദേഹം ടയർ അഴിക്കൽ പണി ആരംഭിച്ചു. ടയർ അഴിച്ചതിനു ശേഷം പോക്കറ്റിൽ നിന്ന് ഒരു സ്ലിപ് എടുത്തു. അത് എന്റെ നേർക്ക് നീട്ടി.
‘ഡോക്ടറെ, മരുന്ന് തീരാറായി. ഇനി തുടരേണ്ടതുണ്ടോ ? ഞാൻ പരിശോധനയ്ക്ക് വരാൻ ഇരിക്കുവായിരുന്നു’– അദ്ദേഹം പറഞ്ഞു.

സ്ലിപ് നോക്കി രണ്ടാഴ്ചത്തേക്ക് കൂടി മാത്രം മരുന്ന് കഴിച്ചാൽ മതിയെന്നും അതിനു ശേഷം നിർത്താനും നിർദേശിച്ചു. അദ്ദേഹം ആ സ്ലിപ് വാങ്ങി പോക്കറ്റിലിട്ട് എന്നോട് പറഞ്ഞു – ‘വളരെ ഉപകാരം ഡോക്ടറെ. കുറച്ച് തിരക്കുണ്ട്. ഞാൻ പോയേക്കുവാ.’ രോഗിയുടെ വക ഇടക്കാല ആശ്വാസം ലഭിച്ചതോർത്ത് ഞാൻ ടയർ മാറ്റൽ ജോലി തുടർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com