ADVERTISEMENT

ഓച്ചിറ∙ അഴീക്കലിൽ നിന്ന് 37 തൊഴിലാളികളുമായി മത്സ്യബന്ധനത്തിനു പോയ വള്ളം തിരയിൽപ്പെട്ട് ഒരാൾ മരിച്ചു. 5 പേരെ രക്ഷിച്ചു. വള്ളത്തിലെ 35 ലക്ഷം രൂപയുടെ വല പൂർണമായി നശിച്ചു. പറയകടവ് അമൃത പുരിക്ക് സമീപം ചെമ്പകശേരിൽ ധർമാംഗദന്റെ മകൻ വിപിൻ (റിച്ചു 24) യാണു മരിച്ചത്. ഇന്നലെ രാവിലെ 7ന് കായംകുളം പൊഴിക്ക് സമീപമാണ് ചെറിയഴീക്കൽ സ്വദേശി ബാബുവിന്റെ ‘ശ്രീ മുത്തപ്പൻ’ എന്ന വള്ളം അപകടത്തിൽപെട്ടത്. വല വിരിക്കുന്നതിടെ വള്ളം ശക്തമായ തിരയിൽ അകപ്പെട്ട് നിയന്ത്രണം വിട്ടു.

വലവിരിക്കാൻ ശ്രമിച്ച വിപിൻ ഉൾപ്പെടെ കടലിൽ വീഴുകയായിരുന്നു. അഗ്ര ഭാഗത്തു നിന്ന വിപിൻ വലയുടെ അടിയിൽപെടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന മറ്റു മത്സ്യബന്ധന വള്ളങ്ങളിലെ തൊഴിലാളികളും അഴീക്കലിലെ മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തി വള്ളം കരയിലെത്തിച്ചപ്പോഴാണു വിപിനെ കാണാതായ വിവരം അറിയുന്നത്. അപ്പോഴേക്കും തിരയും മഴയും ശക്തമായത് തിരിച്ചലിനെ ബാധിച്ചു. 2ന് വലിയഴീക്കൽ തറയിൽ കടവ് പനച്ചൂർക്കാവ് ശിവ ക്ഷേത്രത്തിനു സമീപം പൊഴിയ്ക്കടുത്തുള്ള കായലിൽ വിപിന്റെ മൃതദേഹം മത്സ്യത്തൊഴിലാളിയാണ് കണ്ടെത്തിയത്.

മൃതദേഹം കായംകുളം ഗവ:ആശുപത്രി മോർച്ചറിയിൽ . പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് നടക്കും. മാതാവ്: സജിത. സഹോദരൻ:വിനീത്. അപകടത്തിൽ പരുക്കേറ്റ ചെറിയഴീക്കൽ ആറ്റുപറമ്പിൽ‍ ബാലശിവൻ(44), ചെറിയഴീക്കൽ താഴ്ച്ചയിൽ തങ്കച്ചൻ (52),തൈപറമ്പിൽ ഷാജി (34), സ്രാങ്ക് പണ്ടാരതുരുത്ത് സ്വദേശി വിജയൻ(56), ഗോപാലൻ (51) എന്നിവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

വേണം; വലിയഴീക്കലിൽ റഡാർ സംവിധാനമുള്ള കോസ്റ്റൽ പൊലീസ് സ്റ്റേഷൻ

മുതുകുളം∙ വലിയഴീക്കൽ, അഴീക്കൽ മേഖലകളിൽ മത്സ്യബന്ധന യാനങ്ങൾ മറിഞ്ഞ് അപകടങ്ങൾ പതിവായ സാഹചര്യത്തിൽ വലിയഴീക്കൽ കേന്ദ്രമായി റഡാർ സംവിധാനമുള്ള കോസ്റ്റൽ പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. പൊഴിയും, ഹാർബറും ഉള്ളതിനാൽ ഇവിടെ മിക്കപ്പോഴും അപകടങ്ങൾ സംഭവിക്കുന്നുണ്ട്.

വലിയഴീക്കലിൽ നിന്ന് 25 കിലോമീറ്ററോളം അകലെ തോട്ടപ്പള്ളിയിൽ ആണ് നിലവിൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉള്ളത്. ഇതു കാരണം അപകടങ്ങൾ ഉണ്ടാകുമ്പോൾ യഥാസമയം എത്തിച്ചേരാൻ കഴിയുന്നില്ലെന്നാണ് പരാതി. 2015ൽ വലിയഴീക്കലിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് റവന്യു വകുപ്പ് സ്ഥലം കണ്ടെത്തി അളന്നു തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ ഫണ്ട് ലഭിക്കാൻ വൈകിയതിനാൽ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. നിലവിൽ കോസ്റ്റൽ പൊലീസിനു രക്ഷാപ്രവർത്തനത്തിന് സൗകര്യപ്രദമായ ബോട്ടുകൾ ഇല്ലെന്നും പരാതി ഉണ്ട്.

ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച ചെറിയ ബോട്ട് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിന് കായലിൽ സഞ്ചരിക്കാനുള്ള ലൈസൻസ് മാത്രമാണ് ഉള്ളത്. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ ബോട്ട് വേണമെന്നാണ് പൊലീസിന്റെ ആവശ്യം. മത്സ്യത്തൊഴിലാളികൾക്ക് നിർദേശങ്ങൾ നൽകാൻ കടലോര ജാഗ്രതാ സമിതികൾ സജീവമാണെന്നു കോസ്റ്റൽ പൊലീസ് അറിയിച്ചു. അമ്പലപ്പുഴ തഹസിൽദാർ ചെയർമാനും, കോസ്റ്റൽ പൊലീസ് സിഐ കൺവീനറുമായിട്ടുള്ള ജാഗ്രതാ സമിതികൾ എല്ലാ മാസവും യോഗം ചേരാറുണ്ടെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com