ADVERTISEMENT

പൂച്ചാക്കൽ∙ സ്കൂൾ വിദ്യാർഥിനിയുടെ വീടിനു ചുറ്റുമുള്ള വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി കുറിപ്പെഴുതിയെങ്കിലും അധികൃതർ വാക്ക് പാലിച്ചില്ല; എട്ടാം ക്ലാസ് വിദ്യാർഥിനി അനാരിഹയ്ക്ക് സ്കൂളിലെത്തണമെങ്കിൽ എന്നും വെള്ളക്കെട്ടിലൂടെ പോകണം. പാണാവള്ളി പഞ്ചായത്ത് 18–ാംവാർഡ് ഒടുക്കത്തറ നികർത്ത് പ്രമോദിന്റെയും സവിതയുടെയും മകളാണ്  പാണാവള്ളി എൻഎസ്എസ് എച്ച്എസിലെ 8–ാം ക്ലാസ് വിദ്യാർഥിനി അനാരിഹ പ്രമോദ്.

വീടിനടുത്ത പാടശേഖരത്തിലൂടെ 50 മീറ്ററിലധികം ദൂരം വെള്ളക്കെട്ട്  കടന്നുവേണം സമീപത്തെ വഴിയിലെത്താൻ. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയിൽ  ചുറ്റും വെള്ളക്കെട്ടാണ്. മഴക്കാലമെത്തിയാൽ പിന്നെ  വീടിനു ചുറ്റും ഒരുമീറ്ററോളം വെള്ളം ഉയരുന്നതിനാൽ വീടിനുള്ളിൽ തന്നെ കഴിയേണ്ടിവരുന്നു. റോഡിലേക്ക് എത്തുന്ന പാടശേഖരത്തിലൂടെയുള്ള വഴി പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോകും. കാടുപിടിച്ചുകിടക്കുന്ന പ്രദേശമായതിനാൽ ഇഴജന്തുശല്യമുണ്ട്. 

മൂന്നുവർഷം  മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പെരുമ്പളത്ത് എത്തിയപ്പോൾ  അനാരിഹ അദ്ദേഹത്തെ കണ്ട് ദുരിതത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്  അപേക്ഷ നൽകിയിരുന്നു.  ഉടൻ പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി കുറിപ്പ് എഴുതുകയും ചെയ്തു. മൂന്നുവർഷമായി  പ്രശ്നപരിഹാരത്തിനായി പ്രമോദും കുടുംബവും  കലക്ടറേറ്റ്  മുതൽ ഗ്രാമപഞ്ചായത്ത് ഓഫിസ് ‌വരെ കയറിയിറങ്ങി. ഒരു നടപടിയുമുണ്ടായില്ല.

പട്ടികജാതി വികസനവകുപ്പ് അധികൃതരും വീട്ടിലെത്തി അന്വേഷണം നടത്തി  വെള്ളക്കെട്ടിന് പരിഹാരം കാണുമെന്ന് അറിയിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. പ്രമോദിന്റെയും കുടുംബത്തിന്റെയും ദുരിതയാത്രയ്ക്ക് പരിഹാരം കാണാൻ  10 ലക്ഷത്തോളം രൂപ മുടക്കി വീടിനു ചുറ്റും കൽക്കെട്ട് നിർമിക്കുമെന്ന് അധികൃതർ പല തവണ വാഗ്ദാനങ്ങൾ  നൽകിയെങ്കിലും നടപടിയില്ല. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറി വീടിന്റെ  ഭൂരിഭാഗം ഭിത്തിയും  തകർന്നെങ്കിലും വീട് അറ്റകുറ്റപ്പണി നടത്തുന്നതിന്  ആനുകൂല്യം ലഭിച്ചില്ലെന്നും പ്രമോദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com