ADVERTISEMENT

ആലപ്പുഴ ∙ മണ്ണെണ്ണവില കുത്തനെ ഉയർത്തിയത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി. ലീറ്ററിന് 82 രൂപയായിരുന്ന മണ്ണെണ്ണയ്ക്ക് ഇന്നലെ 102 രൂപയായി. 20 രൂപയാണ് ഒറ്റയടിക്ക് ഉയർത്തിയത്. കഴിഞ്ഞ മാസമാദ്യം 50 രൂപയായിരുന്ന മണ്ണെണ്ണയ്ക്കാണ് ഇപ്പോൾ ആകെ 50 രൂപയുടെ വർധനയുണ്ടായത്. റേഷൻ കടയിലൂടെ മാസത്തിൽ അര ലീറ്റർ വീതം നൽകിവന്ന മണ്ണെണ്ണ ഇപ്പോൾ 3 മാസത്തിലൊരിക്കലാക്കി വിതരണം.

വറുതിയലമർന്ന തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ചാകര കാത്തിരിക്കുമ്പോഴാണ് വെല്ലുവിളിയായി മണ്ണെണ്ണവില വീണ്ടും വർധിപ്പിച്ചത്. മീൻപിടിത്ത വള്ളങ്ങൾക്ക് പെർമിറ്റ് അനുസരിച്ച് മണ്ണെണ്ണ നൽകുന്നുണ്ട്. അതു മൂന്നോ നാലോ ദിവസത്തേക്കു പോലും തികയില്ല. തുടർന്നുള്ള ആവശ്യത്തിനു കരിഞ്ചന്തയിൽ നിന്നു വൻ വിലയ്ക്കു വാങ്ങണം.

ഇത്രയും കൂടിയ വിലയ്ക്ക് മണ്ണെണ്ണ വാങ്ങിയാലും കടലിളകിക്കിടക്കുന്നതിനാൽ പല വള്ളങ്ങളും കാലിവലയുമായി തിരികെ വരികയാണ്. 3 പേർ മീൻപിടിക്കാൻ പോകുന്ന ചെറുവള്ളം മുതൽ 25 പേർ പോകുന്ന വലിയ വള്ളങ്ങൾ വരെയുണ്ട്. കഴിഞ്ഞ ദിവസം 16,000 രൂപയുടെ കൊഴുവ ലഭിച്ചെങ്കിലും ഡിസ്കോ വള്ളത്തിലെ 10 തൊഴിലാളികൾക്കു വിഹിതം നൽകിക്കഴിഞ്ഞപ്പോൾ 4,000 രൂപ കടത്തിലായെന്ന് ചെട്ടികാട് കൊച്ചീക്കാരൻ വീട്ടിൽ കെ.ഒ.അലോഷ്യസ് പറഞ്ഞു.

മണ്ണെണ്ണവില കൂടുന്നതനുസരിച്ച് മീനിനു ന്യായവിലയും കിട്ടുന്നില്ല. ഒരു കിലോ കൊഴുവയ്ക്ക് 30 രൂപപോലും കിട്ടാത്ത സാഹചര്യം. 11 ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ വള്ളം കിട്ടുന്ന വിലയ്ക്കു വിറ്റ് മറ്റു വല്ല ജോലിക്കും പോയാൽ കടംകയറി വീടു കൂടി നഷ്ടപ്പെടാതെ നോക്കാമെന്നാണ് അലോഷ്യസ് പറയുന്നത്.

കേന്ദ്ര നടപടി തിരുത്തണം:എ.എം.ആരിഫ്

മണ്ണെണ്ണ വിലവർധനയിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കൊള്ളയടിക്കുന്ന സമീപനം തിരുത്താൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് എ.എം.ആരിഫ് എംപി ആവശ്യപ്പെട്ടു. വിലവർധന അടിയന്തരമായി പിൻവലിച്ച്‌ മത്സ്യത്തൊഴിലാളികൾക്കു ന്യായവിലയ്ക്കു മണ്ണെണ്ണ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര പെട്രോളിയം, ഫിഷറീസ് മന്ത്രിമാർക്ക് അയച്ച കത്തിൽ എംപി ആവശ്യപ്പെട്ടു.

പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില കഴിഞ്ഞ 2 വർഷം കൊണ്ട്‌ 20 രൂപയിൽ നിന്ന് 102 രൂപയായി ഉയർത്തിയ കേന്ദ്രസർക്കാർ, സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം തുടർച്ചയായി വെട്ടിക്കുറയ്ക്കുന്നു. സംസ്ഥാനം സബ്സിഡി നൽകാൻ തയാറാണെങ്കിൽ പോലും ആവശ്യത്തിനു മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയാറാകാത്തതിനാൽ, കരിഞ്ചന്തയിൽ നിന്നു മണ്ണെണ്ണ വാങ്ങി കടക്കെണിയിൽ അകപ്പെടുന്ന അവസ്ഥയാണ്‌ – എംപി പറഞ്ഞു.

നടപടി പ്രതിഷേധാർഹം

റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില അടിക്കടി വർധിപ്പിക്കുകയും വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കേന്ദ്ര നടപടി പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.റേഷൻ മണ്ണെണ്ണയുടെ വില കഴിഞ്ഞ കുറച്ചു മാസത്തിനിടെ 86 രൂപ വർധിപ്പിച്ചപ്പോഴും റേഷൻ വ്യാപാരികളുടെ കമ്മിഷൻ തുകയിൽ ഒരു പൈസ പോലും വർധിപ്പിച്ചില്ല.

മണ്ണെണ്ണ വിലവർധനയ്ക്ക് ആനുപാതികമായി കമ്മിഷൻ തുക വർധിപ്പിക്കണം. മണ്ണെണ്ണ നേരിട്ടു കടകളിൽ എത്തിച്ചു നൽകണം. നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദും സെക്രട്ടറി എൻ.ഷിജീറും പറഞ്ഞു.

മണ്ണെണ്ണ വിതരണം നിർത്താൻ റേഷൻ കടക്കാർ; പ്രതിസന്ധി

റേഷൻ കടകളിൽ ഇനി മണ്ണെണ്ണ സ്റ്റോക്ക് എടുക്കേണ്ടെന്ന കൂട്ടായ തീരുമാനത്തിലേക്കു സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ. ഒരു ലീറ്ററിനു 2.20 രൂപയെന്ന കമ്മിഷൻ നിരക്കു നാമമാത്രമാണെന്നതും മണ്ണെണ്ണ വില 88 രൂപയിൽ നിന്നു 102 ആയതോടെ വാങ്ങാൻ ആളു കുറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണു റേഷൻ വ്യാപാരികളുടെ തീരുമാനം. റേഷൻ വ്യാപാര സംഘടനകൾ ഒത്തുചേർന്നു വിവരം സർക്കാരിനെ അറിയിക്കും.

15 പേർ പോകുന്ന വള്ളമാണ്. 4 ദിവസമായി പണിക്കു പോയിട്ട്. ഒരുതവണ പോയിവരുമ്പോൾ 5500 രൂപ കടമാണ്. മീൻ കിട്ടിയില്ലെങ്കിൽ 1500 രൂപ ബാറ്റ കയ്യിൽനിന്നു കൊടുക്കണം. ഇങ്ങനെ 30,000 രൂപ കടമായതോടെ തൽക്കാലം കടലിൽ പോകുന്നില്ല. വാർക്കപ്പണിക്കോ മറ്റോ പോയാൽ അല്ലലില്ലാതെ കുടുംബം പോറ്റാം.
ടി.സി.പോൾ തെക്കേത്തയ്യിൽ, കാഞ്ഞിരംചിറ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com