ADVERTISEMENT

തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മയുടെ വേർപാടിന് ഇന്ന് ഒരു വയസ്സ്. എപ്പോഴും അച്ഛന് കരുത്തായി നിന്ന അമ്മയെക്കുറിച്ച് മകൾ മാല ഓർമിക്കുന്നു...

മോൾ അമ്മയെപ്പോലെ നല്ലൊരു കുടുംബിനിയാകണം’– എന്റെ വ‍ിവാഹദിവസം അച്ഛൻ അരികിലേക്കു വിളിച്ചു പറഞ്ഞു. അതു പറയുമ്പോൾ അച്ഛൻ വളരെ വികാരഭരിതനായിരുന്നു. കൊലക്കയർ പോലും പ്രതീക്ഷിച്ച്, ഒളിവിൽ കഴിയുന്ന കമ്യൂണിസ്റ്റുകാരനെ 15–ാം വയസ്സിൽ വിവാഹം ചെയ്തയാളാണ് എന്റെ അമ്മ. ആ ഓർമയിൽ ഞാൻ അച്ഛനോടു തിരികെ ചോദിച്ചു– ‘ആ സാഹചര്യത്തിൽ 15 വയസ്സുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത അച്ഛൻ എത്ര ക്രൂരനാണ് അച്ഛാ?’

അപ്രതീക്ഷിതമായ ആ ചോദ്യത്തിൽ അച്ഛൻ ഒന്നു നടുങ്ങി, കണ്ണീരൊഴുകി. ഞാനും അതു പ്രതീക്ഷിച്ചില്ല. അച്ഛനെ കെട്ടിപ്പിടിച്ചു ഞാനും വിതുമ്പി. അമ്മയുടെ ധൈര്യമോ പക്വതയോ ശക്തിയോ ഒന്നും എനിക്കു കിട്ടിയിട്ടില്ല. പതിനെട്ടാം വയസ്സിലായിരുന്നു എന്റെ വിവാഹം. അച്ഛന്റെ സഹോദരിയുടെ മകനാണ് എന്നെ വിവാഹം ചെയ്തത്.

എണ്ണയ്ക്കാട്ടു കൊട്ടാരത്തിലെ ശങ്കരനാരായണൻ തമ്പിയാണ് (ആദ്യത്തെ കേരള നിയമസഭാ സ്പീക്കർ) അമ്മയുടെ വലിയമ്മാവൻ. അച്ഛൻ എണ്ണയ്ക്കാട്ടു കൊട്ടാരത്തിലും അമ്മയുടെ തറവാടായ പല്ലന പാണ്ഡവത്തും ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. അക്കാലത്താണ് അച്ഛൻ അമ്മയെ കണ്ടത്. ഒരു വീടിന്റെ എല്ലാക്കാര്യങ്ങളും തനിയെ ചെയ്യുന്ന കൊച്ചു മിടുക്കിയോടുള്ള ആരാധനയായിരുന്നു അച്ഛന്. അച്ഛന് അമ്മയോട് ഇഷ്ടത്തെക്കാളധികം ആദരവും ബഹുമാനവുമുണ്ടായിരുന്നു.

അമ്മ ഒരിക്കലും സ്വന്തം വീരസ്യങ്ങൾ മുഴക്കി നടക്കാറില്ലായിരുന്നു. അമ്മയെക്കുറിച്ച് ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത് അച്ഛനാണ്. എനിക്ക് അറിവായപ്പോൾ അച്ഛൻ മദ്രാസിലാണ്. സിനിമയുടെയും നാടകത്തിന്റെയും തിരക്ക്. അച്ഛനെ കാണാൻ കിട്ടാറില്ല. വല്ലപ്പോഴും വീട്ടിൽ വന്നാൽ രണ്ടു ദിവസമുണ്ടാകും. പക്ഷേ, ആ രണ്ടു ദിവസം കൊണ്ട് എത്രനാളത്തെ അനുഭവങ്ങളാണ് ഞങ്ങൾക്കു കിട്ടുക. ഏതെങ്കിലും സിനിമയുടെ റിലീസിങ്ങുമായി ബന്ധപ്പെട്ടാകും അച്ഛൻ വരുന്നത്.

ഞങ്ങൾ അഞ്ചുപേരെയും അമ്മയെയും കൂട്ടി തിരുവനന്തപുരത്തോ എറണാകുളത്തോ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ പോകും. ഭക്ഷണം കഴിക്കും. അച്ഛനില്ലാത്തപ്പോഴൊക്കെ വീട്ടിൽ ആ വിടവ് നികത്തിയിരുന്നത് അമ്മയായിരുന്നു.സിനിമാക്കാരനായ തോപ്പിൽ ഭാസിയെയോ രാഷ്ട്രീയക്കാരനായ ഭാസിയെയോ ഏറ്റവും ഇഷ്ടം എന്നു ചോദിച്ചാൽ അമ്മ എപ്പോഴും പറയുമായിരുന്നത് രാഷ്ട്രീയക്കാരനായ ഭാസിയെ എന്നായിരുന്നു.

വ്യക്തിപരമായ ദുഃഖങ്ങളുണ്ടായപ്പോഴൊന്നും അമ്മ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിന്നിട്ടില്ല. ഏതു കാര്യത്തിലും അച്ഛനായിരുന്നു അമ്മയുടെ അവസാന വാക്ക്. അമ്മ മത്സ്യമാംസാദികൾ കഴിക്കാറില്ല. അതുകൊണ്ട് അമ്മയ്ക്കു മാത്രമായി ഒരു പാത്രമുണ്ടായിരുന്നു. ആ പാത്രത്തിൽ അമ്മ കഴിച്ച ശേഷം എനിക്കു കൂടി കഴിക്കാനുള്ളതുണ്ടാകും. അതാണ് ഞാൻ കഴിച്ചിരുന്നത്. അങ്ങനെ ഞാൻ അമ്മയുടെ ഭാഗം തന്നെയായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com