ADVERTISEMENT

ആലപ്പുഴ ∙ ഭയാനകം ! കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ ശുചിമുറികളുടെ അവസ്ഥയെപ്പറ്റി ഹൈക്കോടതി ഇങ്ങനെ വിശേഷിപ്പിച്ച് ആഴ്ച ഒന്നു കഴിയുമ്പോഴും അതിന്റെ യാതൊരു ഞെട്ടലും കെഎസ്ആർടിസിക്ക് ഉണ്ടായതായി തോന്നുന്നില്ല. ഹൈക്കോടതിയുടെ പ്രതികരണം വന്നതിനു പിന്നാലെ കെഎസ്ആർടിസി സ്റ്റേഷനുകളിലെ ശുചിമുറികൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കുമെന്ന് യാത്രക്കാർ പ്രതീക്ഷിച്ചിരുന്നെങ്കിലും എല്ലാം വെറും പ്രതീക്ഷയിൽ മാത്രം ഒതുങ്ങി. ജില്ലയിലെ കെഎസ്ആർടിസി സ്റ്റേഷനുകളിലെ ശുചിമുറികളിൽ പകുതിയിലേറെയും ‘ഭയാനകാവസ്ഥയിൽ’ തന്നെ തുടരുകയാണ്.

ആലപ്പുഴ

ആലപ്പുഴ സ്റ്റാൻഡിൽ വൈകുന്നേരം ആറര കഴിഞ്ഞാൽ ‘ശങ്ക’ വന്നാലും ശങ്കിച്ചിട്ടു കാര്യമില്ല. വീടെത്തുന്നതു വരെ അതങ്ങു മറന്നേക്കണം. വൈകുന്നേരമായാൽ ശുചിമുറി അടയ്ക്കുന്നതാണ് ഇവിടത്തെ പതിവ്. കോവിഡിനു ശേഷമാണ് ഇത്തരമൊരു കീഴ്‌വഴക്കം ആരംഭിച്ചത്. രാത്രിയിൽ ആളില്ല എന്ന കാരണമാണ് കരാറുകാരനും അധികൃതരും പറയുന്നത്. സ്ത്രീകൾക്കു മാത്രമായുള്ള വിശ്രമകേന്ദ്രത്തിൽ താൽക്കാലികമായി ശുചിമുറിയുണ്ടെങ്കിലും അവിടേക്ക് രാത്രി പോകുവാൻ വെളിച്ചമില്ലാത്ത അവസ്ഥയാണ്.

ഹരിപ്പാട്

കുറഞ്ഞത് രണ്ടു മാസ്ക് വേണം ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാൻ. ശുചിമുറിയുടെ പരിസരം അത്രകണ്ട് ദുർഗന്ധപൂരിതമാണ്. ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുന്നില്ലെന്ന് പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നു യാത്രക്കാർ പറയുന്നു. ശുചിമുറിക്കു സമീപമുള്ള ടാങ്കിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നതും പതിവാണെന്ന് യാത്രക്കാർ പറയുന്നു.

ചേർത്തല

ചേർത്തല ബസ് സ്റ്റേഷനിലെ ശുചിമുറിക്ക് ഉൾവശവും അവിടേക്കുള്ള വഴിയും ഒരുപോലെ വൃത്തിഹീനമാണ്. മഴ പെയ്താൽ വഴിയിൽ അഴുക്കു വെള്ളം നിറഞ്ഞു കിടക്കുന്നത് ഇവിടെ പതിവുകാഴ്ചയാണ്. ഇതു ചവിട്ടി, ഇതിൽ വീഴാതെ വേണം ശുചിമുറിയിലേക്ക് പ്രവേശിക്കാൻ. കരാർ കൊടുത്തിരുന്നെങ്കിലും ഇപ്പോൾ വികസന സമിതിയാണ് ഇതിന്റെ മേൽനോട്ടം.

മറ്റ് സ്റ്റേഷനുകളിലെ സ്ഥിതി

കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, എടത്വ ബസ് സ്റ്റേഷനുകളിലെ ശുചിമുറികൾ പ്രവർത്തിക്കുന്നുണ്ട്. എടത്വയിൽ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായാണ് പുതിയ ശുചിമുറികൾ പ്രവർത്തിക്കുന്നത്. ചെങ്ങന്നൂരിൽ സ്ത്രീകൾക്ക് നാലും പുരുഷൻമാർക്ക് മൂന്നും വീതം ശുചിമുറികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പലയിടങ്ങളിലും ശുചിമുറികളുടെ വൃത്തിയെക്കുറിച്ച് അടിക്കടി പരാതി ഉയരാറുണ്ട്. കരാറുകാരുടെ മേൽ കുറ്റമാരോപിച്ച് കെഎസ്ആർടിസി രക്ഷപെടുമ്പോൾ പ്രയാസത്തിലാകുന്നത് തങ്ങളാണെന്നാണ് യാത്രക്കാരുടെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com