ADVERTISEMENT

ആലപ്പുഴ ∙ ‘ഞങ്ങളുടെ വീട്ടിലും കുട്ടികൾ ഉള്ളതാണ്. കുട്ടികളെ പട്ടിണിക്കിട്ടു സമരം ചെയ്യാൻ ഞങ്ങൾക്കു മനസ്സ്‌ വരുന്നില്ല’, 3 മാസത്തോളമായി ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതിൽ പ്രതിഷേധിച്ച് സമരം ചെയ്യാൻ ഒരുങ്ങിയ പാചകത്തൊഴിലാളികൾ അവസാന നിമിഷം തീരുമാനം മാറ്റാനുള്ള കാരണം അന്വേഷിച്ചപ്പോൾ ലഭിച്ച ഉത്തരം ഇതായിരുന്നു.

സ്കൂൾ കുട്ടികളെ പട്ടിണിക്കിട്ടുള്ള സമരം തൽക്കാലം വേണ്ടെന്നു വയ്ക്കുകയാണെന്നും 20നു നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിനു ശേഷം പണിമുടക്ക് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളിലേക്കു കടക്കുമെന്നും സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് കെ.കെ.ജയറാം പറ‍ഞ്ഞു. ഏപ്രിൽ, മേയ് മാസങ്ങളിൽ 2000 രൂപ വീതം നൽകുന്ന വെക്കേഷൻ അലവൻസ് 2 വർഷമായി ഇവർക്ക് ലഭിക്കുന്നില്ല. 

അതോടൊപ്പം കഴിഞ്ഞ 2 മാസത്തെ ശമ്പളവും നൽകണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. എന്നിട്ടും ശമ്പളവും അലവൻസും അനുവദിക്കുമെന്നു പറയുന്നതല്ലാതെ ജീവനക്കാരുടെ അക്കൗണ്ടിൽ പണം വന്നില്ല. ഹൈക്കോടതി വിധി വന്നതോടെയാണു നിലവിലുള്ള ആനുകൂല്യങ്ങൾ ലഭിച്ചത്.

ശമ്പളവും അലവൻസുമില്ലാതെ

ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ 3 സ്പെഷൽ സ്കൂളുകൾ ഉൾപ്പെടെ 62 സ്കൂളുകളിൽ 70 പാചകത്തൊഴിലാളികൾക്ക്  2 മാസത്തെ ശമ്പള ഇനത്തിൽ 9.5 ലക്ഷം രൂപ കിട്ടാനുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ ലഭിക്കേണ്ടിയിരുന്ന 2000 രൂപ പ്രകാരമുള്ള വെക്കേഷൻ അലവൻസും കിട്ടിയിട്ടില്ല. ജൂണിലെ  ഉച്ചഭക്ഷണത്തിന് പച്ചക്കറി,  പാൽ, മുട്ട എന്നിവ വാങ്ങിയതിന് 62 സ്കൂളുകൾക്ക് 11 ലക്ഷം രൂപ  ലഭിക്കാനുണ്ട്.

പ്രധാന ആവശ്യങ്ങൾ

∙ പാചകത്തൊഴിലാളികളെ സ്ഥിരം സ്കൂൾ ജീവനക്കാരായി നിയമിക്കുക
∙ ശമ്പളം 10 മാസം എന്നത് 12 മാസം ആക്കുക
∙ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകുക
∙ ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങൾ നടപ്പാക്കുക
∙ കോടതി പ്രഖ്യാപിച്ച കുടിശിക നൽകുക
∙ മുടങ്ങിക്കിടക്കുന്ന വെക്കേഷൻ അലവൻസ് നൽകുക

പത്ത് വർഷമായി പാചകത്തൊഴിലാളിയാണ്. ഇപ്പോഴത്തെ സ്ഥിതി വലിയ കഷ്ടം തന്നെ. വീട്ടിൽ   മറ്റു വരുമാനമില്ല. 250ൽ അധികം കുട്ടികൾക്ക് ഭക്ഷണം പാചക ചെയ്യണം. നിയമ പ്രകാരം ഒരാളെക്കൂടി വയ്ക്കാമെങ്കിലും അനുമതിയില്ല. ഭർത്താവാണ് സഹായത്തിന് വരുന്നത്. ശമ്പളം കിട്ടാതെ വരുന്നത് ഇതാദ്യമാണ്. ഉമാദേവി (മായ), പാചകത്തൊഴിലാളി, ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്കൂൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com