ADVERTISEMENT

ആലപ്പുഴ ∙ കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ എസി റോഡിൽ 11 ഇടങ്ങളി‌ൽ വെള്ളം കയറി. പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി കോസ്‌വേ, മുട്ടാർ ജംക്‌ഷൻ‌, കിടങ്ങറ തുടങ്ങിയ ഭാഗങ്ങളിലാണ് റോഡിലേക്കു വെള്ളം കയറിയത്. ഗതാഗത നിരോധനം ഇല്ലാതിരുന്നതിനാൽ ഇന്നലെ എസി റോഡ് വഴി സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളിൽ പലതും വെള്ളം കയറി ബ്രേക് ഡൗണായി. പള്ളിക്കൂട്ടുമ്മ പമ്പ് ഹൗസിനു സമീപം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത് ഇരുചക്ര വാഹനയാത്രക്കാരെ പ്രയാസത്തിലാക്കി.

ഇവിടെ കലുങ്കു നിർമാണത്തിനായി റോഡിന്റെ പകുതിയോളം ഭാഗം കുഴിച്ചിട്ടിരിക്കുകയാണ്. പല ഭാഗത്തും നാട്ടുകാരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ കുഴിയിൽപെടാതെ പോകാനുള്ള നിയന്ത്രണങ്ങൾ ഒരുക്കിയത്.വെള്ളക്കെട്ട് രൂപപ്പെട്ടതുമൂലം ആലപ്പുഴ–ചങ്ങനാശേരി റോഡിൽ ഏർപ്പെടുത്തിയ രാത്രി യാത്രാ നിരോധനം ഇന്നലെയും തുടർന്നു. രാത്രി 9 മുതൽ രാവിലെ 6 മണിവരെയാണു നിരോധനം. വരും ദിവസങ്ങളിലും രാത്രി യാത്ര നിരോധനം തുടരും.ആലപ്പുഴ – മധുര പാതയിൽ തണ്ണീർമുക്കം ബണ്ടിലും പുളിച്ചുവട് ജംക്‌ഷൻ, ശങ്കർ ജംക്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിലും റോഡുകളിലെ കുഴികളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗത തടസ്സം രൂക്ഷമായി.

കുഞ്ഞു പ്രതിരോധം... ശക്തമായ തിരയിൽപെട്ട് വീടുകൾ നഷ്ടപ്പെട്ട ആലപ്പുഴ നീർക്കുന്നം വളഞ്ഞവഴി പടിഞ്ഞാറ് അയോധ്യ നഗർ നിവാസികൾ തടയണ പണിയുന്നതിനായി മണൽ ചാക്കിലാക്കുമ്പോൾ സഹായിക്കുന്ന കുട്ടികൾ. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ നാലോളം വീടുകളാണ് കടലെടുത്തത്  						ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി
കുഞ്ഞു പ്രതിരോധം... ശക്തമായ തിരയിൽപെട്ട് വീടുകൾ നഷ്ടപ്പെട്ട ആലപ്പുഴ നീർക്കുന്നം വളഞ്ഞവഴി പടിഞ്ഞാറ് അയോധ്യ നഗർ നിവാസികൾ തടയണ പണിയുന്നതിനായി മണൽ ചാക്കിലാക്കുമ്പോൾ സഹായിക്കുന്ന കുട്ടികൾ. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ നാലോളം വീടുകളാണ് കടലെടുത്തത് ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി

റോഡ് നിർമിച്ച കരാറുകാരനോട് തകർന്ന ഭാഗങ്ങൾ നന്നാക്കണമെന്ന് പൊതുമരാമത്ത് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. മുഹമ്മ ജംക്‌ഷൻ മുതൽ അംബികാ മാർക്കറ്റ് വരെയുള്ള റോഡിന്റെ ഉപരിതലം ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തുകയും ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് ഷോൾഡർ നിർമാണവും വശങ്ങൾ ഗ്രാവൽ ഉപയോഗിച്ച് ബലപ്പെടുത്തുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും റോഡ് നിർമാണത്തിൽ അത് പാലിച്ചില്ലെന്നും ചില ഉദ്യോഗസ്ഥർ കരാറുകാരന് കൂട്ടുനിന്നതായും ആക്ഷേപമുണ്ട്.

 ആശങ്കയിൽ അപ്പർ കുട്ടനാട്

അപ്പർകുട്ടനാട്ടിൽ പൊതുവേ മഴ കുറവായിരുന്നു. എന്നാൽ പമ്പാനദിയിലും അച്ചൻകോവിലാറിലെയും ജലനിരപ്പുയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പമ്പയിൽ രാത്രിയോടെ ഒരടിയോളം വെള്ളമുയർന്നു. അച്ചൻകോവിലാറ്റിൽ കൊല്ലകടവ് സ്കെയിലിൽ ഉച്ചയ്ക്ക് 12നു 3.93 ആയിരുന്നത് വൈകിട്ട് 4നു 3.99 ആയും ഉയർന്നു. മാന്നാർ വിഷവർശേരിക്കര പാടശേഖരത്തിൽ വെള്ളപ്പൊക്കം കാണാനെത്തിയ യുവാക്കളുടെ വള്ളം മറിഞ്ഞു; അഞ്ചുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി. വേമ്പനാട്ട് കായലിലെ ജലനിരപ്പ് ഉയർത്തിന്നെങ്കിലും തണ്ണീർമുക്കം ബണ്ടിനടിയിലൂടെ കടലിലേക്കുള്ള ഒഴുക്ക് ശക്തമായതിനാൽ ജലനിരപ്പ് പിടിച്ചു നിർത്താൻ സാധിക്കുന്നുണ്ട്. തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും തുറന്നു.

 കരുതലോടെ കുട്ടനാട്

മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് തുടരുന്നതിനാൽ കുട്ടനാട്ടിൽ ജാഗ്രത തുടരുന്നു. പള്ളാത്തുരുത്തി ഒഴിച്ചുള്ള മറ്റു ഭാഗങ്ങളിലെല്ലാം ജലനിരപ്പ് അപകട നിലയ്ക്കു മുകളിലേക്ക് ഉയർന്നു.  മഴയ്ക്കു നേരിയ ശമനം വന്നതോടെ എസി റോഡിൽ നിർത്തിവച്ചിരുന്ന പൈലിങ് ജോലികൾ ഭാഗികമായി പുനരാരംഭിച്ചു. പണ്ടാരക്കുളം, ഒന്നാംകര മേൽപാലങ്ങളുടെയും നെടുമുടി, കിടങ്ങറ പാലങ്ങളുടെ സമീപ പാതയ്ക്കുമുള്ള പൈലിങ് ജോലികളാണു പുരോഗമിക്കുന്നത്.

 കടലാക്രമണം; 3 വീടുകൾ കൂടി തകർന്നു

അമ്പലപ്പുഴ ∙ നീർക്കുന്നം തീരദേശത്ത് തുടർച്ചയായി ഉണ്ടായ കടലാക്രമണത്തിൽ 3 വീടുകൾ കൂടി ഭാഗികമായി തകർന്നു. പുതുവൽ രാജപ്പൻ, പുതുവൽ രഞ്ജിത്ത്, പുതുവൽ സുജാതൻ എന്നിവരുടെ വീടുകൾക്കാണു നാശനഷ്ടം ഉണ്ടായത്. എച്ച്. സലാം എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു. ടെട്രാപോഡുകൾ നിരത്തി തീരം സംരക്ഷിക്കാൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. തുടർന്ന് മണൽവാരൽ യന്ത്രത്തിന്റെ സഹായത്തോടെ ടെട്രാപോഡുകൾ നിരത്തി തുടങ്ങി. 

 കൂടുതൽ ക്യാംപുകൾ

പ്രളയ ഭീതി കണക്കിലെടുത്ത് ജില്ലയിൽ ഇതുവരെ 17 ദുരിതാശ്വസ ക്യാംപുകൾ തുറന്നു. 102 കുടുംബങ്ങളിലെ 338 പേരാണ് ക്യാംപുകളിൽ താമസിക്കുന്നത്. 17 ക്യാംപുകളിൽ 12 എണ്ണവും ചെങ്ങന്നൂർ താലൂക്കിലാണ്. കുട്ടനാട് താലൂക്കിൽ 3 ക്യാംപുകൾ തുറന്നിട്ടുണ്ട്. മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലാണ് ബാക്കി രണ്ട് ക്യാംപുകൾ.

 ഇന്ന് അവധി

ജില്ലയിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പമ്പയാർ, അച്ചൻകോവിലാർ, മണിമലയാർ എന്നീ നദികളുടെയും കൈവഴികളുടെയും കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ വി.ആർ.കൃഷ്ണ തേജ അറിയിച്ചു.

കരുതലോടെ ‘കലക്ടർ മാമൻ’

ആലപ്പുഴ ∙ ‘ഇന്ന് അവധി പ്രഖ്യാപിക്കുമ്പോൾ പുതിയ കലക്ടർ എന്തായിരിക്കും പറയുക?’ ഇതോർത്ത് തലപുകച്ചവർക്ക് ‘സാധാരണ അവധി പ്രഖ്യാപിക്കൽ’ നൽകി വിഷമിപ്പിക്കാൻ വി.ആർ.കൃഷ്ണ തേജ തയാറല്ല. ഇന്നലെയും ഇറക്കി വെറൈറ്റി പ്രഖ്യാപനം. വിദ്യാർഥികളോട് സംവദിക്കുന്ന രീതിയിൽ ഇറക്കിയ ഉത്തരവിന്റെ അവസാനം ‘കലക്ടർ മാമൻ’ എന്ന പേരും ചേർത്തിട്ടുണ്ട്. ഇന്നലെ പറഞ്ഞ കാര്യങ്ങൾ മറക്കരുതേ എന്ന തുടങ്ങുന്ന ഫെയ്സ്ബുക് കുറിപ്പിൽ മാതാപിതാക്കളോട് മഴയത്ത് സൂക്ഷിച്ച് വാഹനം ഓടിച്ചു വരണമെന്ന് പറയാനും കലക്ടർ നിർദേശിക്കുന്നു. 

കുറിപ്പിന്റെ പൂർണരൂപം : പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്ന് വച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ...

മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം. ഒരുപാട് സ്‌നേഹത്തോടെ നിങ്ങളുടെ പ്രിയപ്പെട്ട കലക്ടർ മാമൻ

കൃഷിനഷ്ടം 2.8575 കോടി

ആലപ്പുഴ ∙ മഴ കാരണം ജൂലൈ 28 മുതൽ ഇന്നലെ വരെ ജില്ലയിൽ 2.8575 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്ന് ഔദ്യോഗിക കണക്ക്. 158.38 ഹെക്ടറിലെ കൃഷി നശിച്ചു. 1,930 കർഷകരെയാണ് ഇതു ബാധിച്ചത്. ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ചേർത്തല ബ്ലോക്കിൽ.

നഷ്ടം ബ്ലോക്ക് തിരിച്ച് 

കൃഷി വ്യാപ്തി(ഹെക്ടർ),
ബാധിച്ച കർഷകരുടെ എണ്ണം,
നഷ്ട തുക)

ആലപ്പുഴ – 3.68 1897.3 ലക്ഷം
ചെങ്ങന്നൂർ–33.487281.97 ലക്ഷം
ചേർത്തല – 1081701.22 കോടി
ഹരിപ്പാട് – 5.627226.53 ലക്ഷം
മാവേലിക്കര – 1.31715.75 ലക്ഷം
രാമങ്കരി – 6.4 41032 ലക്ഷം

ജലനിരപ്പ്

ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് 6നു നടത്തിയ പരിശോധനയിലെ ജലനിരപ്പ്.

സ്ഥലം,
ഇന്നലത്തെ ജലനിരപ്പ്,
അപകടനില എന്ന ക്രമത്തിൽ
പള്ളാത്തുരുത്തി:
1.39 മീറ്റർ 1.40 മീറ്റർ.
നെടുമുടി
1,60 മീറ്റർ 1.45 മീറ്റർ.
മങ്കൊമ്പ്
1.54 മീറ്റർ 1.35 മീറ്റർ.
ചമ്പക്കുളം
1.15 മീറ്റർ 1.05 മീറ്റർ.
കാവാലം
1.33 മീറ്റർ 1.20 മീറ്റർ.
നീരേറ്റുപുറം
2.66 മീറ്റർ 2.00 മീറ്റർ.സ്ഥലം,
ഇന്നലത്തെ ജലനിരപ്പ്,
അപകടനില എന്ന ക്രമത്തിൽ
പള്ളാത്തുരുത്തി:
1.39 മീറ്റർ 1.40 മീറ്റർ.
നെടുമുടി
1,60 മീറ്റർ 1.45 മീറ്റർ.
മങ്കൊമ്പ്
1.54 മീറ്റർ 1.35 മീറ്റർ.
ചമ്പക്കുളം
1.15 മീറ്റർ 1.05 മീറ്റർ.
കാവാലം
1.33 മീറ്റർ 1.20 മീറ്റർ.
നീരേറ്റുപുറം
2.66 മീറ്റർ 2.00 മീറ്റർ.

ദേശീയ ദുരന്തപ്രതികരണ സേന ഇന്നെത്തും

ആലപ്പുഴ ∙ മഴക്കെടുതികൾ നേരിടാനുള്ള മുൻകരുതലെന്ന നിലയിൽ 22 അംഗ ദേശീയ ദുരന്തപ്രതികരണ സേന (എൻഡിആർഎഫ്) ഇന്നു രാവിലെ ജില്ലയിലെത്തും. ചെങ്ങന്നൂർ, കുട്ടനാട് മേഖലകളിൽ ഇവരുടെ സേവനം വിനിയോഗിച്ചേക്കും. അടിയന്തര സ്വഭാവം പരിശോധിച്ച് ആവശ്യമുള്ള സ്ഥലങ്ങളിൽ സേനയെ വിന്യസിക്കും. കുട്ടനാട്ടിലും മറ്റും ആളുകളെ ഒഴിപ്പിക്കൽ വേണ്ടിവന്നാൽ ഉപയോഗിക്കാൻ 17 ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.

നീരൊഴുക്ക് വിലയിരുത്തി കലക്ടർ

ആലപ്പുഴ ∙ ദുരന്ത നിവാരണ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് അന്ധകാരനഴി പൊഴി, തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങൾ കലക്ടർ വി.ആർ. കൃഷ്ണതേജ സന്ദർശിച്ചു. ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ച് ഷട്ടറുകൾ വഴിയുള്ള നീരൊഴുക്ക് ക്രമീകരിക്കാൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. നീരൊഴുക്ക് സുഗമമാക്കുന്നതിന് ആവശ്യമെങ്കിൽ പൊഴിച്ചാലിന്റെ ആഴം കൂട്ടണം. തോട്ടപ്പള്ളിയിലും തണ്ണീർമുക്കത്തും ജലം സുഗമമായി ഒഴുകി മാറുന്നുണ്ട്. അന്ധകാരനഴിയിലെ പൊഴി മുറിക്കൽ അവസാന ഘട്ടത്തിലാണ്. നിലവിൽ ജില്ലയിൽ ആശങ്കാജനകമായ സ്ഥിതി ഇല്ലെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ ദുരന്തനിവാരണ അതോറിറ്റി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com