ADVERTISEMENT

ആലപ്പുഴ ∙ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോൾ ആ ചരിത്ര സ്മൃതികളെ തപാൽ മുദ്രകളുടെ നിധിശേഖരമാക്കി ഹൃദയത്തോടു ചേർത്തുവയ്ക്കുകയാണ് മുൻ വില്ലേജ് ഓഫിസർ. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ വിശേഷങ്ങളുടെ ഇതൾ വിരിക്കുന്നതാണ് കാളാത്ത് വള്ളികാട്ട് വീട്ടിൽ തോമസ് വള്ളികാടന്റെ അപൂർവ ശേഖരത്തിലെ ഓരോ തപാൽമുദ്രയും. സ്വാതന്ത്ര്യം നേടിയതിനെത്തുടർന്ന് 1947 നവംബർ 21ന് പുറത്തിറക്കിയ അശോകസ്തംഭം, ദേശീയപതാക എന്നിവയുടെ സ്റ്റാംപ് മുതൽ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇറക്കിയ ദേശീയപതാകയുടെ സ്റ്റാംപ് വരെ വള്ളികാടന്റെ ശേഖരത്തിലുണ്ട്. 

ഒന്നര അണയുടെ അശോക സ്തംഭം, മൂന്നര അണയുടെ ത്രിവർണ പതാക എന്നിവയായിരുന്നു ആദ്യ തപാൽ മുദ്രകൾ. 1948 ഓഗസ്റ്റ് 15ന് ഗാന്ധിജിയുടെ 4 തപാൽമുദ്രകൾ പ്രസിദ്ധീകരിച്ചു. ഗാന്ധിജിയുടെ നൂറിൽപരം തപാൽമുദ്രകൾ ഇറക്കി.1964 മേയിൽ നെഹ്റു അന്തരിച്ചതിനെത്തുടർന്ന് ജൂണിൽ നെഹ്റുവിന്റെ ആദ്യ തപാൽമുദ്ര. 1967 ഓഗസ്റ്റിലാണ് ശ്രീനാരായണ ഗുരുവിന്റെ തപാൽമുദ്ര പ്രസിദ്ധീകരിച്ചത്. 1989ൽ മന്നത്ത് പത്മനാഭനും 1990ൽ എകെജിയും 2001ൽ ഇഎംഎസും തപാൽമുദ്രയുടെ ഭാഗമായി. 

കോൺഗ്രസിന്റെ ശതാബ്ദി പ്രമാണിച്ച് 1985ൽ രാജീവ് ഗാന്ധിവരെയുള്ള 71 പ്രസിഡന്റുമാരുടെ 4 സ്മാരക സ്റ്റാംപ് ഒരുമിച്ചിറക്കി. ഇവയെല്ലാം ഇന്നും നിധിപോലെ സൂക്ഷിക്കുകയാണ് തകഴി വില്ലേജ് ഓഫിസറായി വിരമിച്ച തോമസ് വള്ളികാടൻ. ഫിലാറ്റലി ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നയിക്കാറുണ്ട്. ഭാര്യ ലൂസിയാമ്മയും മക്കളായ ഐപ്പ് വള്ളികാടനും അഗസ്റ്റസും ഈ പ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com